അദാനി: ബഹളത്തിൽ തടസപ്പെട്ട് പാർലമെന്റ്; വിപണിയിൽ തിരിച്ചുകയറി ഗ്രൂപ്പ് ഓഹരികൾ

ന്യൂഡൽഹി:അദാനി ഗ്രൂപ്പ് കമ്പനി ഓഹരികളുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ സഭാനടപടികൾ തടസ്സപ്പെടുത്തിയതോടെ ലോക്‌സഭ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 വരെ നിർത്തിവച്ചു. അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ സഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധത്തെത്തുടർന്ന് രാജ്യസഭാ നടപടികളും ഉച്ചയ്ക്ക് 12 വരെ നിർത്തി. ഉച്ചയ്ക്ക് 12 ന് വീണ്ടും ലോക്സഭ ചേർന്ന് നന്ദിപ്രമേയ ചർച്ചകളുമായി നടപടി തുടർന്നെങ്കിലും പ്രതിപക്ഷ ബഹളം തുടർന്നു

ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പ് ഓഹരികൾ ചൊവ്വാഴ്ച മികച്ച തിരിച്ചുവരവിന്റെ സൂചനകളാണ് കാട്ടിയത്. ഹിഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് ഇടിഞ്ഞ അദാനി ഓഹരികളിൽ പലതും ചൊവ്വാഴ്ച മടങ്ങിവരവിന്റെ പാതയിലായി. ഗ്രൂപ്പ് ഓഹരികളിൽ അദാനി എന്റർപ്രൈസസ് ആദ്യ ട്രേഡിങ് സെഷനിൽ 20 ശതമാനം അപ്പർ സർക്യുട്ട് പരിധിയിൽ മികച്ച നേട്ടത്തിലായി. വിപണികളിൽ ലിസ്റ്റ് ചെയ്ത പത്ത് അദാനി ഓഹരികളിൽ രണ്ടെണ്ണം ഒഴികെ മറ്റെല്ലാം മുന്നേറ്റം കാട്ടി.

അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ്, അദാനി ട്രാൻസ്മിഷൻ എന്നീ മൂന്ന് പ്രധാന കമ്പനികളുടെ 110 കോടി ഡോളർ വായ്പ 2024 സെപ്തംബർ മാസത്തെ തിരിച്ചടവ് കാലാവധിക്ക് മുൻപു തന്നെ അദാനി ഗ്രൂപ്പ് പ്രമോട്ടർമാർ മുൻകൂറായി അടയ്ക്കുമെന്ന പ്രഖ്യാപനമാണ് ഓഹരി വില മുന്നേറിയതിന് കാരണമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

രാവിലെ ലോക്സഭ സമ്മേളിച്ചതിന് തൊട്ടുപിന്നാലെ, കോൺഗ്രസ്, ഭാരത രാഷ്ട്ര സമിതി എന്നിവരടക്കമുള്ള പ്രതിപക്ഷ അംഗങ്ങളാണ് അദാനി ഗ്രൂപ്പിനെതിരായ പ്രതിഷേധവുമായി രംഗത്തുവന്നത്. പാർലമെന്റ് നടപടികളിൽ സഹകരിക്കാൻ സ്പീക്കർ ഓം ബിർള അഭ്യർത്ഥിച്ചെങ്കിലും നടുത്തളത്തിലിറങ്ങി ചില പ്രതിപക്ഷ അംഗങ്ങൾ ബഹളം തുടർന്നതോടെയാണ് 12 മണിവരെ ലോക്സഭ നിർത്തിവച്ചത്.

രാജ്യസഭയിൽ കോൺഗ്രസ്, സിപിഎം, എഎപി, ടിആർഎസ്, സിപിഐ എന്നീ പാർട്ടികൾ മറ്റുനടപടികളിലേക്ക് കടക്കാതെ സഭ ഓഹരിവിവാദം ചർച്ച ചെയ്യണമെന്ന് നോട്ടിസ് നൽകിയെങ്കിലും അവ ക്രമപ്രകാരമല്ലെന്നു കാട്ടി സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ അതു സ്വീകരിക്കാത്തതാണ് പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. ഇതോടെ ചെയർമാൻ 12 മണിവരെ നടപടികൾ നിർത്തിവയ്ക്കുകയായിരുന്നു.

തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് മൗനം ആചരിച്ച ശേഷമാണ് രാജ്യസഭ ഇന്ന് നടപടികളിലേക്ക് കടന്നത്. അദാനി വിഷയത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി സഭാ നടപടികൾ തടസ്സപ്പെടുന്ന സാഹചര്യമാണുണ്ടായത്.

2014 മുതല്‍ അദാനിയുടെ സമ്പത്തില്‍ വലിയ വര്‍ധനയെന്നും അദാനി പ്രധാനമന്ത്രിയുടെ വെറും വിധേയനെന്നും രാഹുല്‍ ഗാന്ധി. അദാനിക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ലോക്സഭയില്‍ ഉയര്‍ത്തിക്കാണിച്ചാണ് രാഹുല്‍ ആക്രമണം അഴിച്ചു വിട്ടത്.

അദാനി – മോദി ബന്ധം പാര്‍ലമെന്റില്‍ ഉന്നയിച്ച് രാഹുല്‍ ഗാന്ധി. അദാനിക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ലോക്‌സഭയില്‍ ഉയര്‍ത്തിക്കാണിച്ചാണ് രാഹുല്‍ പ്രസംഗിച്ചത്. 2014 മുതല്‍ അദാനിയുടെ ആസ്തി പല മടങ്ങ് വര്‍ധിച്ചെന്ന് രാഹുല്‍ പറഞ്ഞു. അദാനിക്ക് ഇത്രയും സമ്പത്തുണ്ടായത് എങ്ങനെയെന്ന് ജനങ്ങള്‍ ചോദിക്കുന്നു. ഭാരത് ജോഡോ യാത്രക്കിടയില്‍ എല്ലായിടത്തും കേട്ടത് അദാനിയുടെ പേരാണ്. അദാനിയുമായി നരേന്ദ്ര മോദിക്ക് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴേ ബന്ധമുണ്ടെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്റെ പ്രസംഗം ഭരണപക്ഷ എം.പിമാര്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. സര്‍ക്കാര്‍ വിമാനത്താവളങ്ങള്‍ അദാനിക്ക് നല്‍കിയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇതിനായി നിയമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. അദാനിക്ക് വേണ്ടി സര്‍ക്കാര്‍ വിദേശ നയത്തില്‍ മാറ്റം വരുത്തി. ബജറ്റിലെ പല പ്രഖ്യാപനങ്ങളും അദാനിക്ക് വേണ്ടിയാണ്. പ്രതിരോധ മേഖലയിലും അദാനി പ്രവര്‍ത്തിക്കുന്നു. അങ്ങനെയുള്ള ആളുടെ സാമ്പത്തിക സ്ഥിതി അറിയില്ലെന്നാണോ സര്‍ക്കാര്‍ പറയുന്നത്. ഇത് രാജ്യസുരക്ഷയുടെ പ്രശ്‌നമാണ്. അദാനി പ്രധാനമന്ത്രിക്ക് വിധേയനാണ്. രാജ്യം അദാനിക്ക് തീറെഴുതി നല്‍കിയോ എന്നും രാഹുല്‍ ചോദിച്ചു. ഭാരത് ജോഡോ യാത്രയിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങളുടെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും കര്‍ഷകരുടെ പ്രശ്‌നങ്ങളും അറിഞ്ഞു. യാത്രയ്ക്കിടയില്‍ തൊഴിലില്ലായ്മയ്‌ക്കെതിരെ പരാതിയുമായെത്തിയത് ആയിരങ്ങളാണ്. താങ്ങുവിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കര്‍ഷകരെ കബളിപ്പിച്ചെന്നും രാഹുല്‍ വിമര്‍ശിച്ചു.
അതേസമയം ആരോപണങ്ങളുടെ തെളിവ് സമര്‍പ്പിക്കാന്‍ ഭരണപക്ഷം രാഹുലിനെ വെല്ലുവിളിച്ചു. രാഹുല്‍ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണ്. സഭാരേഖകളില്‍ നിന്ന് പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *