പ്രണയ പക ; തിരുവല്ലയിൽ യുവാക്കൾ യുവതിയുടെ വീട് അടിച്ച് തകർത്തു

    പ്രണയത്തിൽ നിന്നും പിന്മാറിയ പകയിൽ തിരുവല്ലയിലെ നിരണത്ത് യുവതിയുടെ വീട് അടിച്ച് തകർത്ത സംഭവത്തിൽ കാപ്പാ കേസ് പ്രതിയായ കാമുകൻ അടക്കം മൂന്നുപേർ പുളിക്കീഴ് പോലീസിന്റെ പിടിയിലായി.....

തിരുവല്ല: പ്രണയത്തിൽ നിന്നും പിന്മാറിയ പകയിൽ തിരുവല്ലയിലെ നിരണത്ത് യുവതിയുടെ വീട് അടിച്ച് തകർത്ത സംഭവത്തിൽ കാപ്പാ കേസ് പ്രതിയായ കാമുകൻ അടക്കം മൂന്നുപേർ പുളിക്കീഴ് പോലീസിന്റെ പിടിയിലായി.കാപ്പാക്കേസ് പ്രതിയും കാമുകനുമായ ചങ്ങനാശ്ശേരി നാലുകോടി കൊല്ലാപുരം ചെമ്മുകത്ത് വീട്ടിൽ പ്രണവ് സുരേഷ് ,തിരുവല്ല മുത്തൂർ പള്ളിക്കാമറ്റം വീട്ടിൽ ജിതിൻ ,തിരുവല്ല കുറ്റപ്പുഴ മാടമുക്ക് ചിറയപറമ്പിൽ വീട്ടിൽ സി.ജിതിൻ എന്നിവരാണ് പിടിയിലായത്.

വ്യാഴാഴ്ച രാത്രി 12 മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.കഴിഞ്ഞ അഞ്ചു വർഷക്കാലമായി പ്രണവ് യുവതിയുമായി അടുപ്പത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു.പ്രണവിന്റെ ക്രിമിനൽ പശ്ചാത്തലം മനസ്സിലാക്കിയ യുവതി അടുത്തിടെ പ്രണയത്തിൽ നിന്നും പിന്മാറി.തുടർന്ന് പ്രണവിന്റെ ഫോൺ കോൾ എടുക്കാതെ ഇരുന്നതിനെ തുടർന്ന് യുവതിയുടെ നിരണം കൊമ്പങ്കേരിയിലെ വീട്ടിലെത്തിയ മൂന്നംഗസംഘം മരത്തടി ഉപയോഗിച്ച് വീടിന്റെ ജനാലകളും വാതിലും അടക്കം അടിച്ചു തകർക്കുകയായിരുന്നു.

മുൻ വാതിൽ തകർത്ത് അകത്തു കയറിയ പ്രതികൾ യുവതിയുടെ സഹോദരൻ അടക്കമുള്ളവർക്ക് നേരെ ആക്രമണം അഴിച്ചുവിട്ടു.തുടർന്ന് സ്ഥലത്തുനിന്നും പോയ പ്രതികൾ അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും വെല്ലുവിളിയുമായി എത്തി.ഈ സമയം സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം മൂവരെയും ബലംപ്രയോഗിച്ച് കീഴ്പെടുത്തുകയായിരുന്നു.പിടിയിലായ പ്രണവ് സുരേഷിനും രണ്ടാംപ്രതി ജിതിന് എതിരെയും ചങ്ങനാശ്ശേരി,മാന്നാർ എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന വധശ്രമ കേസുകളിലും, അടിപിടി കേസുകളിലും, ബൈക്കിൽ എത്തി കാൽനട യാത്രക്കാരുടെ മാല പൊട്ടിച്ചെടുക്കുന്ന കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *