സുധാകരന് പിന്തുണയുമായി രമേശ് ചെന്നിത്തലയും വി ഡി സതീശനും

തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന കെ സുധാകരന്റെ കത്ത് വിവാദമായതോടെ സുധാകരന് പിന്തുണയുമായി രമേശ് ചെന്നിത്തലയും വി ഡി സതീശനും രംഗത്തെത്തി.

കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ച് കെ സുധാകരന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു എന്ന വാര്‍ത്ത പച്ചക്കള്ളമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. പ്രതിസന്ധിയില്‍ നില്‍ക്കുന്ന സംസ്ഥാന സര്‍ക്കാരിനെ രക്ഷിക്കുന്നതിനായി ഡല്‍ഹിയില്‍ നിന്നും കള്ളവാര്‍ത്ത നല്‍കുകയാണെന്നും സതീശന്‍ പറഞ്ഞു. ശൂന്യാകാശത്ത് നിന്നും സൃഷ്ടിച്ചെടുക്കുന്ന തെറ്റായ വാര്‍ത്തയാണ് ഇതെന്നും സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു. കെ സുധാകരന്റെ പ്രസ്താവനയെ ഗൗരവത്തോടു കൂടിയാണ് കോണ്‍ഗ്രസ് കണ്ടതെന്നും അദ്ദേഹത്തിന്റെ വിശദീകരണം പാര്‍ട്ടി സ്വീകരിച്ചിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

കെ സുധാകരന്‍ തികഞ്ഞ മതേതരവാദിയാണെന്നും തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലുടനീളം മതേതരമായ നിലപാടുകള്‍ മാത്രമായിരുന്നു അദ്ദേഹത്തിനെന്നു ചെന്നിത്തല പറഞ്ഞു. തനിക്ക് സംഭവിച്ചത് നാക്കുപിഴയാണെന്ന് സുധാകരന്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിന്റെ അടിസ്ഥാന നയം തന്നെ മതേതരത്വമാണ്. അതില്‍ നിന്നും വ്യതിചലിച്ചു കൊണ്ടുള്ള അഭിപ്രായം അദ്ദേഹം പറഞ്ഞിട്ടില്ല. ഒരു മണിക്കൂറോളം നീണ്ട പ്രസംഗത്തില്‍ ഒരു വാചകത്തിലുണ്ടായ വാക്കുപിഴയാണ് വിവാദമുണ്ടാക്കിയത്. കെ സുധാകരന്റെ മതേതര നിലപാടിന് സി പി എമ്മിന്റെയോ ബി ജെ പിയുടെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *