സംസ്ഥാനത്തെ സ്പെഷ്യലിസ്റ്റ് അധ്യാപകർ സമരത്തിലേക്ക്

കൊച്ചി: വേതനമില്ലാതെ സംസ്ഥാനത്തെ സ്പെഷ്യലിസ്റ്റ് അധ്യാപകർ ദുരിതത്തിൽ. നക്കാപ്പിച്ച വേതനമാണ് സർക്കാർ ഇവർക്ക് നൽകുന്നത്. ഇതുതന്നെയും ഇപ്പോൾ ലഭിക്കാത്ത സ്ഥിതിയാണ് ഉള്ളത്

ഇതിനെതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഇവർ. 25ന് സമഗ്രശിക്ഷ കേരള സംസ്ഥാന ഓഫിസ് ഉപരോധത്തോടെ സമരരംഗത്തിറങ്ങാനുള്ള തയാറെടുപ്പിലാണ് ഈ അധ്യാപകർ.

കേന്ദ്ര സർക്കാർ പദ്ധതിയായ സമഗ്രശിക്ഷ കേരള പ്രകാരം സർക്കാർ സ്കൂളുകളിൽ കരാറടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട കലാ–കായിക, പ്രവൃത്തിപരിചയ അധ്യാപകരാണു ദുരിത ജീവിതം നയിക്കുന്നത്. സംസ്ഥാനത്ത് ഇത്തരം ആയിരത്തിലേറെ അധ്യാപകരാണുള്ളത്.

കേന്ദ്ര ഫണ്ടിൽനിന്നുള്ള 10,000 രൂപയാണ് ഇവർക്കു ലഭിക്കുന്ന ശമ്പളം. ഇതിൽ പിഎഫ് പിടിച്ചു കഴിഞ്ഞാൽ 8,800 രൂപയോളമാണ് കയ്യിൽ കിട്ടുക. സ്കൂളുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ ജോലി നോക്കുന്ന അധ്യാപകർക്കു പോലും ഇതിൽ കൂടുതൽ ശമ്പളമുണ്ട്. എയ്ഡഡ് സ്കൂളുകളിലെ സ്പെഷലിസ്റ്റ് അധ്യാപകർക്കും ഇതിലേറെയാണ് ശമ്പളം.

2016 ൽ നിയമനം ലഭിച്ചപ്പോൾ 28,500 രൂപയായിരുന്നു ഇവർക്കു ശമ്പളം നിർണയിച്ചത്. ഒരു വർഷത്തോളം കൃത്യമായി ഇതു ലഭിച്ചു. എന്നാൽ, പിന്നീടു ശമ്പളം കുറച്ച് 7,000 രൂപയാക്കി. സമഗ്ര ശിക്ഷാ അഭിയാൻ വന്നതോടെ കേന്ദ്ര സർക്കാർ ഫണ്ട് വെട്ടിക്കുറച്ചെന്നാണു കാരണം പറഞ്ഞത്. പ്രശ്നം പരിഹരിക്കാൻ ഇടയ്ക്കു സംസ്ഥാന സർക്കാർ ഇതിനൊപ്പം 7,000 രൂപ കൂടി അനുവദിച്ചു. എന്നാൽ, മൂന്നിലേറെ സ്കൂളുകളിലെങ്കിലും പഠിപ്പിക്കുന്നവർക്കാണ് ഇതു നൽകിയിരുന്നത്.

കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രസർക്കാർ 3,000 രൂപ കൂടി വർധിപ്പിച്ചു നൽകി. എന്നാൽ, അപ്പോഴേക്കും സംസ്ഥാന സർക്കാർ വിഹിതം നൽകുന്നത് അവസാനിപ്പിച്ചു. 2016 ൽ 2800 അധ്യാപകരാണ് ഉണ്ടായിരുന്നതെങ്കിൽ ശമ്പളം കുറച്ചതോടെ ഇവരുടെ എണ്ണം 1500 ൽ താഴെയായി. മറ്റു ജോലികൾക്കു പോകാൻ വഴിയില്ലാത്തവരാണു നിലവിൽ ശേഷിക്കുന്നത്.

സ്പെഷലിസ്റ്റ് അധ്യാപകർക്കു യുപി സ്കെയിലിൽ ശമ്പളം നൽകണമെന്ന ഹൈക്കോടതി വിധി നിലവിലുണ്ട്. ഇതു പ്രകാരമാണെങ്കിൽ 35,000 രൂപയോളം ശമ്പളം ലഭിക്കും. എന്നാൽ സർക്കാർ വഴങ്ങുന്നില്ല. ഇക്കാര്യങ്ങൾ സൂചിപ്പിച്ചു സ്റ്റേറ്റ് സ്പെഷലിസ്റ്റ് ടീച്ചേഴ്സ് യൂണിയൻ വിദ്യാഭ്യാസ മന്ത്രിക്കും ധനമന്ത്രിക്കും നിവേദനങ്ങൾ നൽകിയിരുന്നെങ്കിലും നടപടിയൊന്നുമായില്ല.

Leave a Reply

Your email address will not be published. Required fields are marked *