യുക്രൈന്‍ പ്രതിസന്ധി: വെടിനിര്‍ത്തല്‍ നയ ആഹ്വാനവുമായി പ്രധാനമന്ത്രി മോഡി

ബാലി: യുക്രൈനില്‍ വെടിനിര്‍ത്തലിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് ലോകം മടങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍.

ഒരു നൂറ്റാണ്ടായി ലോകം രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സമാധാനത്തിന്റെ പാതയിലൂടെ നീങ്ങാന്‍ ഗൗരവമായ സമീപനങ്ങള്‍ ലോകനേതാക്കള്‍ കൈക്കൊണ്ടു. ഇപ്പോള്‍ ഇത്തരം സമീപനങ്ങള്‍ സ്വീകരിക്കാന്‍ നമ്മുടെ സമയമാണ് എന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഉച്ചകോടിക്കിടെ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായും ചര്‍ച്ച നടത്തി. ആഗോള ഭക്ഷ്യക്ഷാമം, കാലാവസ്ഥ വ്യതിയാനം, യുക്രൈന്‍ സംഘര്‍ഷം തുടങ്ങിയവ ആയിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍.

ലോകസമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ ഒന്നിച്ച് നീങ്ങുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്ത വര്‍ഷം ബുദ്ധന്റെയും ഗാന്ധിയുടെയും വിശുദ്ധ ഭൂമിയിലാണ് ജി20 സമ്മേളനം നടക്കുന്നത്. അത് കൊണ്ട് തന്നെ ലോക സമാധാനത്തെക്കുറിച്ച് ശക്തമായ ഒരു സന്ദേശം നല്‍കാന്‍ നാം ഒത്തൊരുമിച്ചൊരു ധാരണയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെ എല്ലാ രാജ്യങ്ങളിലെയും പാവപ്പെട്ടവരുടെ സ്ഥിതി ഏറെ പരിതാപകരമാകുകയാണെന്നും മോഡി ചൂണ്ടിക്കാട്ടി. ലോകത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഐക്യരാഷ്ട്രസംഘടന അടക്കമുള്ള രാജ്യാന്തര കൂട്ടായ്മകള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും അ്‌ദ്ദേഹം പറഞ്ഞു.

ഭക്ഷ്യോത്പാദനവും വിതരണവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ശുദ്ധ ഊര്‍ജ്ജവും പരിസ്ഥിതിയും സംബന്ധിച്ച് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. 2030ഓടെ രാജ്യത്തെ വൈദ്യുതിയുടെ പകുതിയും സുസ്ഥിര വിഭവങ്ങള്‍ ഉപയോഗിച്ചാകും ഉത്പാദിപ്പിക്കുക എന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം മാറ്റങ്ങള്‍ക്ക് ലോകരാജ്യങ്ങള്‍ ഒരു ധാരണയിലെത്താന്‍ ഇന്ത്യ ജി20യുടെ അദ്ധ്യക്ഷത വഹിക്കുന്ന വേളയില്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *