മലയിടിച്ചിലും മലവെള്ളപ്പാച്ചിലും; നാട്ടുകാര്‍ ഭീതിയില്‍

കോന്നി: മലയിടിച്ചിലും മലവെള്ള്പ്പാച്ചിലുമുണ്ടായ കോന്നി ഗ്രാമ പഞ്ചായത്തിലെ പൊന്തനാംകുഴി ഐ എച്ച് ആര്‍ ഡി കോളനിയിലെ താമസക്കാര്‍ ഭീതിയില്‍. കഴിഞ്ഞ ദിവസം കോന്നിയില്‍ പെയ്ത ശക്തമായ മഴയില്‍ രാത്രിയോടെ വീടുകളുടെ സമീപത്ത് മണ്ണിടിഞ്ഞ് വീടിന് കേടുപാട് സംഭവിച്ചു.

വലിയപുരക്കല്‍ ഗോപിയുടെ വീടിന്റെ മുന്‍ഭാഗമാണ് ഇടിഞ്ഞു തൊട്ട് താഴെയുള്ള ശിവന്‍കുട്ടിയുടെ വീടിന്റെ ഭാഗത്തേക്ക് വലിയ ശബ്ദത്തില്‍ പതിച്ചത്. അവിടെ ഉണ്ടായിരുന്ന വീട്ടു സാധനങ്ങളും മണ്ണിന് അടിയിലായി.മഴ ആയാല്‍ പ്രദേശത്ത് ഉള്ള മിക്ക വീടുകളിലും ഇതാണ് അവസ്ഥ.. എത് സമയത്തും വീടുകള്‍ നിലംപതിക്കുന്ന അവസ്ഥയിലാണ്.

ആനത്താവളത്തിന് എതിര്‍ഭാഗത്താണ് പൊന്തനാംകുഴി കോളനി.
മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് പ്രദേശത്ത് ജിയോളജി വകുപ്പ് പരിശോധനയില്‍ ഈ പ്രദേശം വാസയോഗ്യമല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തുടര്‍ന്ന് പൊന്തനാംകുഴിയിലെ 32 കുടുംബങ്ങളുമായി ചര്‍ച്ച നടത്തി വീടിനും വസ്തുവിനുമായി സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ വീതവും അനുവദിച്ചിരുന്നു.കുടുംബങ്ങള്‍ വസ്തു കണ്ടൂ പിടിച്ചു നല്‍കിയെങ്കിലും പണം നല്‍കുന്നില്ലെന്ന് മിക്ക കുടുംബങ്ങളും പറയുന്നു. ചരിവുള്ളതും പാറകള്‍ നിറഞ്ഞതുമായ പ്രദേശത്താണ് കോളനി. കനത്തമഴയില്‍ ഇവിടെ മണ്ണിടിച്ചിലും ഉരുള്‍ പൊട്ടലും ഉണ്ടാകാന്‍ സാദ്ധ്യത ഏറയാണ്. മുന്‍പ് ശക്തമായ മഴ വരുമ്പോള്‍ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കുമായിരുന്നു. പണം അനുവദിച്ച ഉത്തരവ് നടപ്പിലാക്കിയാല്‍ തങ്ങള്‍ മാറാന്‍ തയ്യാറാണെന്നും കുടുംബങ്ങള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *