മന്ത്രിമാര്‍ക്ക് പുത്തന്‍കാറുകള്‍ വാങ്ങാന്‍ 1.30 കോടി

തിരുവനന്തപുരം:മൂന്ന്മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ വാഹനങ്ങള്‍ വാങ്ങുന്നു. . ഇന്നോവ ക്രിസ്റ്റയാണ് ഇവര്‍ക്കായി വാങ്ങുന്നത്. നാല് ഇന്നോവ ക്രിസ്റ്റ വാങ്ങുന്നതിന് 1.30 കോടി അനുവദിച്ചു.

ടൂറിസം വകുപ്പില്‍ നിന്ന് ഈ മാസം 10 ന് ഉത്തരവിറങ്ങി. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഈ മാസം നാലിനാണ്. അന്ന് തന്നെ മന്ത്രി റോഷി അഗസ്റ്റിന് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ ഉത്തരവിറക്കിയിരുന്നു. 33 ലക്ഷം രൂപയായിരുന്നു മന്ത്രി റോഷിയുടെ വാഹനത്തിന്റെ വില.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമായി 2021 മെയ് മാസത്തിനുശേഷം വാങ്ങിയത് 18 പുതിയ കാറുകളാണ്. 6.5 കോടി രൂപയാണ് 18 കാറുകള്‍ വാങ്ങാന്‍ ചെലവഴിച്ചത്. ഗവര്‍ണര്‍ക്ക് 85 ലക്ഷം രൂപയ്ക്ക് ബെന്‍സ് വാങ്ങി നല്‍കിയതും കഴിഞ്ഞ രണ്ട് മാസം മുന്‍പായിരുന്നു. 33 ലക്ഷം രൂപക്ക് ഡല്‍ഹിയില്‍ ഗവര്‍ണര്‍ക്ക് ഉപയോഗിക്കാന്‍ ഇന്നോവ ക്രിസ്റ്റയും അടുത്തിടെ വാങ്ങിയിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും സുഖ സൗകര്യങ്ങള്‍ക്കായി ചെലവഴിക്കുന്നത് കോടികളാണ്.

Leave a Reply

Your email address will not be published. Required fields are marked *