ഫോൺ ഉപയോ​ഗം; കൂടുതൽ സുരക്ഷിതത്വം ലക്ഷ്യമിട്ട് ട്രായ്

ന്യൂഡൽഹി: ഫോൺ തട്ടിപ്പിൽ നിന്ന് ഉപഭോക്താവിന് സംരക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ നടപടികൾ കടുപ്പിക്കാൻ ഒരുങ്ങി ടെലികോം നിയന്ത്രണ സംവിധാനമായ ട്രായ്.

കോൾ വിളിക്കുന്നയാളുടെ പേര് ഫോണിൽ തെളിഞ്ഞു വരുന്നത് ഉറപ്പാക്കി വ്യക്തിയെ തിരിച്ചറിയാൻ ഉപഭോക്താവിന് സാധ്യമാക്കുന്ന തരത്തിൽ നടപടികൾ സ്വീകരിക്കാൻ ട്രായ് തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.

ഇതിനായി കെവൈസി വ്യവസ്ഥകൾ പരിഷ്‌കരിക്കും. കോളറുടെ പേര് ഫോണിൽ തെളിഞ്ഞ് വരുന്നത് ഉറപ്പാക്കുന്ന രീതിയിലാണ് കെവൈസി പരിഷ്‌കരിക്കുക. ടെലികോം സേവനദാതാക്കൾക്ക് കെവൈസി വിവരങ്ങൾ കോളർ നൽകി തിരിച്ചറിയൽ ഉറപ്പാക്കാനാണ് ട്രായ് ലക്ഷ്യമിടുന്നത്. ഇതിലൂടെ സ്പാം കോളുകൾ ഉൾപ്പെടെ തടയാൻ സാധിക്കുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്.

നിലവിൽ ട്രൂകോളർ ആപ്പ് സമാനമായ സേവനം നൽകുന്നുണ്ട്. ആരാണ് വിളിക്കുന്നത് എന്ന് തിരിച്ചറിയാനുള്ള സംവിധാനമാണ് ട്രൂ കോളർ ഒരുക്കുന്നത്. ക്രൗഡ് സോഴ്‌സിങ്ങിലൂടെയാണ് ട്രൂ കോളർ ഡേറ്റ ശേഖരിക്കുന്നത്. ഡേറ്റ വസ്തുതാപരമാണോ എന്ന് ഉറപ്പാക്കാൻ സംവിധാനമില്ല എന്ന പോരായ്മയും ഉണ്ട്.

പലരും ട്രൂകോളർ ഡയറക്ടറിയിൽ നിന്ന് നമ്പർ ഡീലിങ്ക് ചെയ്യുന്ന പ്രവണതയുണ്ട്. അജ്ഞാത കോളുകൾ തിരിച്ചറിയുന്നതിന് ട്രായ് നടപടി സ്വീകരിക്കാൻ പോകുന്നത്, ഇത്തരത്തിലുള്ള തടസങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *