ചോക്ലേറ്റ് നായകനില്‍ നിന്ന് കട്ടലോക്കലിലേക്ക്, ഒരു നടന്‍ പരുവപ്പെടുന്നത് ഇങ്ങനെ!

ഫാസില്‍ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കുഞ്ചാക്കോ ബോബന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. കുഞ്ചാക്കോ ബോബന്റെ പിതാവ് ബോബന്‍ കുഞ്ചാക്കോയാണ് 1981ല്‍ ധന്യ നിര്‍മ്മിച്ചത്.
1997ല്‍ ഒരു പ്രണയചിത്രത്തിലെ നായകനെ തേടിയപ്പോള്‍ ഫാസിലിന്റെ ഓര്‍മ്മയിലേക്ക് ആദ്യമെത്തിയത് കുഞ്ചാക്കോ ബോബന്റെ മുഖം. പ്രേമപടങ്ങളുടെ പൂരത്തിന് തിരികൊളുത്തിയ ട്രെന്‍ഡ് സെറ്റര്‍ പടം. അനിയത്തിപ്രാവ് എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാളത്തിലെ ചോക്ലേറ്റ് നടനായി മാറിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചനിലെ നടനിലെ മിന്നലാട്ടങ്ങള്‍ ആദ്യംകണ്ടത് മയില്‍പ്പീലിക്കാവിലെ കൃഷ്ണനുണ്ണിയിലാണ്. കുഞ്ചാക്കോ ബോബന്റെ കരിയര്‍ ബെസ്റ്റ് ചിത്രമായി ഇപ്പോഴും തോന്നുന്ന ചിത്രമാണ് കസ്തൂരിമാന്‍. സാജന്‍ ആലൂക്കയായി മികച്ച കയ്യടക്കത്തോടെ മികച്ച പ്രകടനമാണ് ചാക്കോച്ചന്‍ കാഴ്ച വച്ചത്. 2017ല്‍  കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ നിന്ന് പൂര്‍ണമായും വിട്ടു നിന്നു
രണ്ടാം വരവില്‍ റൊമാന്റിക് പരിവേഷം ഉപേക്ഷിച്ച് പൂര്‍ണമായും സീരിയസ് കഥാപാത്രങ്ങളിലേക്ക് കുഞ്ചാക്കോ ബോബന്‍ മാറി. പുതിയ പരീക്ഷണങ്ങളിലൂടെ തന്നിലെ നടനെ രാകി മിനുക്കുകയായിരുന്നു. ടേക്ക് ഓഫിലെ ഷഹി, ഏദന്‍തോട്ടത്തിലെ രാമന്‍,വര്‍ണ്യത്തില്‍ ആശങ്കയിലെ കൗട്ട ശിവന്‍, വൈറസിലെ ഡോ.സുരേഷ് രാജന്‍, ഓര്‍ഡിനറിയിലെ ഇരവി, എല്‍സമ്മയിലെ പാലുണ്ണി അങ്ങനെ നിരവധി ചാക്കോച്ചന്‍ അഭിനയിച്ച് ഫലിപ്പിച്ച കഥാപാത്രങ്ങള്‍.
അഞ്ചാം പാതിരയിലെ അന്‍വര്‍ ഹുസൈനും ചാക്കോച്ചന്റെ കയ്യില്‍ ഭദ്രമായിരുന്നു. ഭീമന്റെ വഴി എന്ന ചിത്രത്തില്‍ ഇന്ന് വരെ അദ്ദേഹം ചെയ്യാത്ത കഥാപാത്രം തന്റെ കഴിവും അഭിനയ മികവും കൊണ്ട് അദ്ദേഹം മികച്ചതാക്കി. കുഞ്ചാക്കോ ബോബന്‍ അഭിനയത്തില്‍ ഇംപ്രൂവ്‌മെന്റ് വരുത്തിയിട്ടില്ലാത്ത നടനല്ല. നോട്ടത്തിലും ഭാവത്തിലും വ്യത്യസ്ത കൊണ്ടുവരാന്‍ ശ്രമിക്കുന്ന നടനാണ്.
ഉദയാ സ്റ്റുഡിയോ സ്ഥാപിച്ച മാളിയേക്കല്‍ കുഞ്ചാക്കോയോട് മലയാള സിനിമയ്ക്ക് എന്നും കടപ്പാടുണ്ട്. ബോബന്‍കുഞ്ചാക്കോയും മകന്‍ കുഞ്ചാക്കോ ബോബനും ഒക്കെ പേരിനൊപ്പം കൊണ്ടു നടക്കുന്ന കുഞ്ചാക്കോ എന്ന വിലാസം മാത്രം മതിയാകുമായിരുന്നു മലയാളിക്ക് അവരെ കൈനീട്ടി സ്വീകരിക്കാന്‍. അങ്ങനെ തുടങ്ങിയവര്‍ പലരും പക്ഷേ നിന്നിടത്ത് തന്നെ നിന്നുപോവാറുണ്ട്. ആ പതിവ് തെറ്റിച്ചാണ് കുഞ്ചാക്കോ ബോബന്‍ വളര്‍ന്നത്. ഇയാള്‍ക്ക് ചോക്ലേറ്റ് നായകന്റെ റോള്‍ മാത്രമേ പറ്റുകയുള്ളൂ, ഒരിക്കലും ഒരു സാധാരണക്കാരനായി അഭിനയിച്ച് ഫലിപ്പിക്കാന്‍ ഇയാള്‍ക്ക് പറ്റുമെന്ന് തോന്നുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി ആയിരുന്നു രതീഷ് ബാലകൃഷ്ണന്റെ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ ദേവദൂതര്‍ പാടി എന്ന പഴയ സിനിമാ ഗാനത്തിനൊപ്പം താളത്തില്‍ ചുവട് വയ്ക്കുന്ന ഒരു കുഞ്ചാക്കോ ബോബന്‍.
അസാധ്യമായ ചലനതാളങ്ങള്‍ സൃഷ്ടിച്ച് അമ്പരപ്പെടുത്തുന്ന കണ്ട ലോക്കല്‍ ആയ ഒരാള്‍. അനിയത്തി പ്രാവിലെ സുധിയില്‍ നിന്ന് എത്രയെത്ര ദൂരങ്ങളാണ് ഈ നടന്‍ താണ്ടി വന്നത്. അപ്പോഴും പഴയതില്‍ നിന്ന് മാറ്റമില്ലാതെ ഒന്ന് മാത്രം തുടരുന്നു. ഏത് കാലത്തും രൂപത്തിലും ആളുകളുടെ ഹൃദയം കവരാനുള്ള ആ കഴിവ്. അതൊരിക്കലും കൈമോശം വരുന്നതേയില്ല.

Leave a Reply

Your email address will not be published. Required fields are marked *