ചിരിച്ചുല്ലസിക്കാന്‍ മാത്രമല്ല മാറിച്ചിന്തിക്കാനും ജയ ജയ ഹേ

മക്കള്‍ ഭാരവും ബാധ്യതയും ആയിത്തീരുന്നത് എപ്പോഴാണ്? അവരുടെ തെരഞ്ഞെടുപ്പും വ്യക്തിത്വവും രക്ഷകര്‍ത്താക്കള്‍ക്ക് പ്രശ്‌നമായിത്തീരുന്നത് എപ്പോഴാണ്? ചോയ്‌സ് എന്നത് രക്ഷിതാക്കള്‍ മുന്നോട്ട് വയ്ക്കുന്ന ഉപാധി മാത്രമാകുന്നത് എന്ത് കൊണ്ടാണ്?

പുരോഗമനം വീടിന് പുറത്ത് ചെരുപ്പ് അഴിച്ച് വയ്ക്കുന്നത് പോലെ പെരുമാറുന്ന മലയാളികള്‍ക്ക് മുന്നില്‍ ഹാസ്യച്ചരടില്‍ കോര്‍ത്ത് ജയ, ജയ ജയഹേ അണിയറക്കാര്‍ എറിയുന്ന ചില ചോദ്യങ്ങളാണ് ഇവ. മാതാപിതാക്കളെ ദൈവമായി കാണണമെന്ന് പറഞ്ഞ് പഠിപ്പിച്ച് കൊണ്ടിരിക്കുമ്പോഴും പേരന്റിംഗ് ടോക്‌സിക് ആകുന്നതിനെ ചോദ്യം ചെയ്യാന്‍ നമ്മള്‍ ഇപ്പോഴും കരുത്താര്‍ജ്ജിച്ചിട്ടില്ല. രക്ഷിതാക്കളുടെ തീരുമാനം വാശിയിലൂടെയും സ്‌നേഹത്തിലൂടെയും ഭീഷണിയിലൂടെയും ഇനി അതൊന്നും ഏശിയില്ലെങ്കില്‍ കണ്ണീരിലൂടെയും അടിച്ചേല്‍പ്പിക്കുന്ന രീതികളെ ഇനിയും പിന്തുടരേണ്ടതുണ്ടോ? എന്ന ചോദ്യം ജയ ജയ ജയ ഹേ സമൂഹത്തോട് ചോദിക്കുന്നുണ്ട്.

മക്കള്‍ക്ക് സ്വന്തം ജീവിതത്തില്‍ തീരുമാനമെടുക്കാന്‍ പ്രാപ്തിയായില്ലെന്നും അവരെ ബാധ്യതയായി കണ്ട് കല്യാണം കഴിപ്പിച്ച് അയക്കുന്നതാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും കരുതുന്നത് മാറേണ്ട സമയമായിക്കഴിഞ്ഞു. മകളുടെ കല്യാണം കഴിഞ്ഞാല്‍ ബാധ്യത ഒഴിഞ്ഞെന്ന് കരുതുന്ന അവളെ മുന്‍പരിചയമില്ലാത്ത ഒരു വീട്ടിലേക്ക് അയക്കുന്നതില്‍ മനഃസമാധാനം കണ്ടെത്തുന്ന സാമൂഹ്യ രീതി തിരുത്തപ്പെടണം. ഒരു വ്യക്തി ഇന്‍ഡിപെന്‍ഡന്റാകാന്‍ നമ്മള്‍ പരിശീലിപ്പിക്കുന്നുണ്ടോ? കഴിച്ച പാത്രം പോലും കഴുകാന്‍ കഴിയാത്ത വിധം ആണധികാര ഭാവത്തില്‍ മക്കളെ വളര്‍ത്തുന്നത് അവരോട് ചെയ്യുന്ന കുറ്റം തന്നെ അല്ലേ?

ആണ്‍കുട്ടികള്‍ മാത്രമല്ല പെണ്‍കുട്ടികളും ഇന്‍ഡിപെന്‍ഡന്റാകാന്‍ പഠിക്കണം. ആര്‍ക്കെങ്കിലും സേവ ചെയ്യാന്‍ വേണ്ടി ആകരുത് പെണ്‍കുട്ടികളെ വളര്‍ത്തേണ്ടത്. എന്ത് തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ചാലും സ്‌നേഹത്തില്‍ പൊതിഞ്ഞ് പഞ്ചാരവാക്കുകള്‍ കൊണ്ട്് ഇതെല്ലാം നിന്റെ നല്ലതിന് വേണ്ടിയല്ലേ? എന്ന് ചോദിച്ച് വളര്‍ത്തി വലുതാക്കിയതിന്റെ പേരും പറഞ്ഞ് അധികാരം ചെലുത്തുന്ന സാമ്പത്തിക ആശ്രയത്വത്തെ മുതലെടുത്ത് മക്കളെ സ്വന്തം താത്പര്യങ്ങള്‍ക്ക് അനുസരിച്ച് കളിപ്പാട്ടങ്ങളെപ്പോലെ ഉപയോഗിക്കുന്നത് അല്ല പേരന്റിംഗ്.

ഭര്‍ത്താവിനെ സ്‌നേഹിച്ച് വിശ്വസിച്ച് ശുശ്രൂഷിച്ച് നില്‍ക്കുന്നവളാണ് ഭാര്യ. ഇത്തിരി പ്രശ്‌നമൊക്കെ ഉണ്ടെങ്കിലും അവനെ ഇത്തിരി സ്‌നേഹിച്ച് നിന്നാല്‍ ഒക്കെയും ശരിയാകുമെന്ന് പറയുന്ന രാജേഷിന്റെ അമ്മയെ പോലുള്ള ധാരാളം പേര്‍ നമ്മുടെ ചുറ്റുമുണ്ട്. അവര്‍ക്ക് രാജേഷുമാര്‍ പാവമാണ്. പുരുഷബോധത്തിന്റെ ഇരകളായാലും അവര്‍ക്ക് ഇതൊരു സാധാരണ സംഭവം മാത്രം. പെണ്ണെന്നും ഇതെല്ലാം സഹിക്കേണ്ടവളും പ്രതികരിക്കാതെ ഇരിക്കേണ്ടവളും ആണ്.അവരിതൊക്കെ സഹിക്കുന്നതാണ് സ്ത്രീത്വം. ഈ സാമൂഹ്യനിര്‍മ്മിതിയുടെ പ്രതിനിധികളാണ്. അതുകൊണ്ടാണ് രാജേഷുമാര്‍ ഇത്തിരി മുന്‍കോപികളാണെങ്കിലും പാവങ്ങളാകുന്നത്.

ഇതിനെതിരെ പ്രതികരിക്കുന്നവളാണ് പോരാടുന്നവളാണ് ജയ. ഈ സാമൂഹ്യ വ്യവസ്ഥയില്‍ അടിമയായി തുടരാന്‍ താത്പര്യമില്ലാതെ സ്വയം പ്രതിരോധമായി മാറിയവളാണ് ജയ. എന്നാല്‍ നമ്മുടെ ഇടയില്‍ ജയയായി മാറാന്‍ കഴിയാത്ത നിരവധി സ്ത്രീകളുണ്ട്. കഴുത്തില്‍ വീണ താലി കുടുക്കായി മാറിയവര്‍. ഈ പൊതുബോധത്തിന്റെ ഇരയായി മാറിയവര്‍.

ഒന്ന് പ്രസവിച്ചാല്‍ പെണ്ണ് അടങ്ങിക്കോളും പെണ്ണിനെ പ്രസവിപ്പിക്കുക ആണ് ആണിന്റെ കഴിവ് എന്ന് കരുതുന്ന സമൂഹമാണ് ഇന്നും നമ്മുടേത്. ആണത്തത്തിന്റെ പൂര്‍ത്തീകരണം ഭാര്യ ഗര്‍ഭിണി ആകുമ്പോഴാണെന്നാണ് സമൂഹത്തിന്റെ ധാരണ. പ്രസവിച്ച് കഴിഞ്ഞാല്‍ പെണ്ണിന് മറ്റ് ഓപ്ഷനുകളില്ലെന്നും അവള്‍ ഭര്‍ത്താവിന്റെ വീട്ടില്‍ ചടഞ്ഞ് കൂടിക്കൊള്ളുമെന്ന ധാരണയും നമ്മുടെ സമൂഹം വച്ച് പുലര്‍ത്തുന്നുണ്ട്. പെണ്ണിന്റെ കര്‍ത്തവ്യം പ്രസവിക്കലും കുഞ്ഞുങ്ങളെ വളര്‍ത്തലും ഭര്‍ത്താവിനെ ശുശ്രൂഷിക്കലുമാണെും അതിനപ്പുറം ഒരു സോഷ്യല്‍ സ്റ്റാറ്റസുമില്ലെന്നും അതാണ് ഒരു സ്ത്രീയുടെ പരാമാവധി ധര്‍മ്മമെന്ന് കരുതുന്ന, സ്ത്രീ എന്നും പുരുഷനെ ഡിപ്പന്റ് ചെയ്താണ് ജീവിക്കേണ്ടതെന്നും പറയുന്നിടത്ത് മറ്റൊരു ചോദ്യം ഉയരുന്നു. പല്ല് തേയ്ക്കാന്‍ പേസ്്റ്റും കുളിക്കാന്‍ തോര്‍ത്തും കഴിക്കാന്‍ ആഹാരവും വച്ച് കൊടുക്കാന്‍ ഒരു സ്ത്രീയെ ആവശ്യമുള്ള രാജേഷുമാര്‍ ഉള്ള നാട്ടില്‍ ആരാണ് ശരിക്കും ഡിപ്പന്റഡ് എന്ന ചോദ്യം.

ചിരിച്ചുല്ലസിക്കാന്‍ മാത്രമല്ല മാറിച്ചിന്തിക്കാന്‍ കൂടിയാണ് ജയ ജയ ഹേ എന്ന ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *