ആരാണ് ഹിന്ദു? ; ചർച്ചയായി ‘ഹൈന്ദവം’

പൗരത്വ നിയമത്തിനെതിരായ പരിപാടിയിൽ പ്രസംഗിക്കാൻ വന്ന ഹരീന്ദ്രൻ സാറിനോട് ഇസ്യാൻ എന്ന കൊച്ചുകുട്ടി ചോദിക്കുകയാണ്, നമ്മള് പോകേണ്ടി വരുമോ എന്ന്.

പ്രിയപ്പെട്ട ഉപ്പാപ്പയുടെ അവിചാരിത മരണം. പള്ളിത്തർക്കങ്ങൾ കൊണ്ട് വീട്ടുത്തൊടിയിൽ നടന്ന ഖബറടക്കം. മീസാൻ കല്ലിനടുത്ത് ചെന്നാൽ ചിരിച്ചുകളിച്ച് ഇപ്പോഴും കൂട്ടുകൂടാൻ വരുന്ന പൊന്നുപ്പാപ്പ, പൊന്നുപ്പാപ്പാനെ ഇട്ടെറിഞ്ഞ് പോകേണ്ടി വരുമോ എന്ന മഹാ ആധി…

ഇസ് യാനെ മാത്രം ബാധിച്ച ആധിയായിരുന്നില്ല അത്. ഇപ്പോഴും വിടാതെ പിന്തുടരുന്നുണ്ട്, വെറുതെയല്ലാതെ ഒരു ഭയം. എല്ലാം വിട്ട് പോകേണ്ടി വരുമോ

അഭിജിത്ത്, അനീഷ്, മോഹിനീ വിശ്വനാഥ് എല്ലാവരും കളിക്കൂട്ടുകാർ. അപ്പോഴും വീഡിയോ ഗെയിമിൽ അവനാണ് കള്ളൻ. എപ്പോഴും അവൻ മാത്രം കള്ളൻ.

ഇസ് യാൻ്റെ ഒരു ചോദ്യത്തിന് മുന്നിൽ ഹരീന്ദ്രൻ സാർ സ്തംഭിച്ച് പോകുന്നുണ്ട്. അതിങ്ങനെ വരച്ചിടുന്നു,
കൊമ്പൻമീശ ഫിറ്റ് ചെയ്ത് കുട്ടിനാടകത്തിൽ അഭിനയിക്കാൻ വിട്ട ചെറുക്കൻ കഥാഗതിക്കൊപ്പം മരിച്ചങ്ങ് പോയാലുള്ള സ്തബ്ധത.

കെ പി രാമനുണ്ണിയുടെ ഹൈന്ദവം എന്ന കഥയെ കുറിച്ചാണ് സംസാരിച്ചത്. ഇസ് യാൻ്റെ ആധിക്കും ആശങ്കക്കും കഥാന്ത്യം മറുപടി നൽകുന്നു, ഹരീന്ദ്രൻ സാറിൻ്റെ മരുമകൾ സുപ്രിയ, അതാ വീട്ടിലേക്ക് വിരുന്നെത്തിയ ഇസ് യാനെയും കുടുംബത്തെയും സ്വീകരിക്കാൻ ഓടിയെത്തുന്നു.

കെ പി രാമനുണ്ണിയുടെ ഏറ്റവും പുതിയ കഥാസമാഹാരത്തിൻ്റെ പേരാണ് ഹൈന്ദവം. ഹൈന്ദവം തന്നെ ആദ്യകഥ. വാരിയംകുന്നത്ത് വീണ്ടും, സർവൈലൻസ്, പൂർണ്ണനാരീശ്വരൻ തുടങ്ങി ഏഴ് കഥകൾ പിന്നെയും. ഹൈന്ദവം ആരും വായിക്കേണ്ടത്, ഓരോ ഹിന്ദുവും വായിക്കേണ്ടത്.

എല്ലാവരും ആത്മമിത്രങ്ങൾ, ആരും പുറത്ത് പോകേണ്ടവരല്ലെന്ന തിരിച്ചറിവിൽ പുസ്തകം മടക്കുമ്പോൾ ഉള്ളിൽ നിവരുന്ന അനുഭൂതിയുടെ പേര് ആനന്ദം.

Leave a Reply

Your email address will not be published. Required fields are marked *