അര്‍ജ്ജുന്‍ ഡമ്മി പ്രതിയോ

    ആര്‍ജ്ജുനാണ് കുറ്റവാളിയെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് പോലീസ് ഇത്രയും നിസ്സാരമായി കേസ് അന്വേഷിച്ചത് എന്ന് ചോദ്യം ഉയരാം, ഇനി അതല്ല അര്‍ജ്ജുനല്ല പ്രതിയെങ്കില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ എന്ത് കൊണ്ട് പോലീസിന് കഴിഞ്ഞില്ല, അതോ യഥാര്‍ത്ഥ പ്രതിക്ക് വേണ്ടി ഒരു ഡമ്മി പ്രതിയെയാണോ പോലീസ് സൃഷ്ടിച്ചത് എന്ന സംശയവും ഉണ്ടാകാം. എന്തായാലും ഈ കേസില്‍ ഇനിയും വ്യക്തമായ ഉത്തരങ്ങള്‍ കിട്ടേണ്ടതുണ്ട്.

കൊല്ലം ഓയൂരില്‍ പെണ്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ അന്വേഷണ മികവ് കൊണ്ടും ജാഗ്രത കൊണ്ടും പെണ്‍ കുട്ടിയെ കണ്ടെത്തുകയും പ്രതികളെ മണിക്കൂറുകള്‍ക്ക് ഉള്ളില്‍ പിടി കൂടുകയും ചെയ്ത് കഴിവ് തെളിയിച്ചത സേനയാണ് കേരള പോലീസ്. ഇതോടൊപ്പം ആലുവലിയെ പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലും കേരള പോലീസ് നിതാന്ത ജാഗ്രത പുലര്‍ത്തിയാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്.രാജ്യത്താകെമാനം കേരള പോലീസിന്റെ അഭിമാനമുയര്‍ത്തിയ സംഭവങ്ങളായിരുന്നു ഇവ രണ്ടും. എന്നാല്‍ ആ സംഭവങ്ങള്‍ക്ക് ദിവസങ്ങള്‍ക്ക് ശേഷം കേരളത്തെ നടുക്കിയ മറ്റോരു കേസില്‍ അതെ കേരള പോലീസ് സംശയത്തിന്റെ നിഴലിലാണ്.

അന്വേഷണാത്മകത കൊണ്ടും കൃത്യ നിര്‍വഹണത്തിലും പലപ്പോഴും രാജ്യത്തെ തന്നെ പല ഏജന്‍സികളെയും പിന്നിലാക്കിയ സേനയാണ് കേരള പോലീസ്. എന്നാല്‍ ഒരു പിഞ്ചു കുഞ്ഞിനെ പീഡിപ്പിച്ച് കൊന്ന് കെട്ടി തൂക്കിയ പ്രതിയെ സംരക്ഷിച്ചു എന്ന പാപക്കറ കൂടി സേനയുടെ മേല്‍ പതിയുകയാണോ എന്ന് ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു.2021 ജൂണ്‍ 30 നാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ ചൂരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറ് വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പെണ്‍കുട്ടിയുടെ തന്നെ അയല്‍ വാസിയായ അര്‍ജ്ജുനാണെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന് അന്വേഷണത്തില്‍ ഇയാള്‍ മൂന്ന് വയസ് മുതല്‍ കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നുവെന്നും കൊലപാതക ദിവസം ആര്‍ജ്ജുന്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഉപദ്രവിക്കുന്നതിനിടെ ആറുവയസുകാരി ബോധരഹിതയായി വീണു. അനക്കമറ്റു കിടന്ന പെണ്‍കുഞ്ഞ് മരിച്ചെന്ന് കരുതിയ ഇയാള്‍ മുറിക്കുള്ളിലെ കയറില്‍ കുട്ടിയെ കെട്ടി തൂക്കിയ ശേഷം ജനല്‍ വഴി രക്ഷപ്പെടുകയായിരുന്നു വെന്നും പോലീസ് കണ്ടെത്തി.

ഇക്കാര്യങ്ങള്‍ ശരിവയ്ക്കുന്ന മൊബൈല്‍ രേഖകളെ കുറിച്ചും, സാക്ഷിമൊഴികളെ കുറിച്ചും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ആറുവയസുകാരി നിരന്തര പീഡനങ്ങള്‍ക്ക് ഇരയായെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും, പെണ്‍കുഞ്ഞിന്റെ ശരീരത്തില്‍ നിന്നും കണ്ടെത്തിയ രോമങ്ങള്‍ പ്രതിയുടെതാണെന്ന ശാസ്ത്രീയ പരിശോധന ഫലവും കുറ്റ പത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 65 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. 250 പേരുടെ മൊഴി രേഖപ്പെടുത്തിയ 300 പേജുകളുള്ള കുറ്റപത്രമാണ് മുട്ടം പോക്സോ കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ പിന്നിട് പോലീസിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം രംഗത്ത് വരുകയായിരുന്നു.

പോലീസിന് പ്രതിയോട് മൃദു സമീപനമാണെന്ന് ആദ്യ മുതല്‍ തന്നെ കുടുംബം ആരോപിച്ചിരുന്നു. പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം ചുമത്തണമെന്ന് പൊലീസിനോട് തുടക്കം മുതല്‍ ആവശ്യപ്പെട്ടെന്നും പൊലീസ് അക്കാര്യം ചെവിക്കൊണ്ടില്ലെന്നും പിതാവ് ആരോപിച്ചു. ഇതോടെ പിതാവ് കോടതിയെ സമീപിച്ചു. ആറുവയസുകാരിയുടെ മരണശേഷം പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ കുടുംബം പൊലീസിന് കൈമാറിയിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനായി ചേര്‍ക്കേണ്ടിയിരുന്ന പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ ഇടണമെന്നും കുടുംബം ആവശ്യപ്പെട്ടു.

എന്നാല്‍ പൊലീസ് ഇത് ചെയ്തില്ല. ഇതരമതസ്ഥനാല്‍ പട്ടികജാതി പെണ്‍ക്കുട്ടി കൊല്ലപ്പെട്ടാല്‍ ചുമത്തേണ്ടിയിരുന്ന നിയമം ഒഴിവാക്കിതോടെ കുടുംബത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായവും ലഭിച്ചില്ല. പൊലീസ് സ്റ്റേഷന്‍ കയറിയിറങ്ങി നിരന്തരം ആവശ്യപ്പെട്ടതോടെയാണ് ഇവരുടെ പരാതി കേള്‍ക്കാനെങ്കിലും പൊലീസ് തയാറായത്.വണ്ടിപ്പെരിയാര്‍ സിഐ ആവശ്യപ്പെട്ടതനുസരിച്ച് ഡിസംബര്‍ 13ന് തന്നെ വില്ലേജ് ഓഫിസര്‍ ആറുവയസുകാരിയുടെ കുടുംബത്തിന് അനുകൂലമാലി ഈ സാക്ഷ്യപത്രം നല്‍കിയിട്ടും പൊലീസ് തെറ്റ് തിരുത്തിയില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം ചുമത്താതിരുന്നതിനെതിരെ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു.കേരളത്തെ ഏറെ ഞെട്ടിച്ച സംഭവമായിരുന്നു വണ്ടിപ്പെരിയാര്‍ പീഡനം. കേസിലെ കുറ്റപത്രം സമര്‍പ്പിച്ചു രണ്ട് വര്‍ഷത്തിന് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. എന്നാല്‍ പ്രതിയായി പോലീസ് അവതരിപ്പിച്ച അര്‍ജ്ജുനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചത്. കേസിലെ പ്രതിയെന്ന് പോലീസ് പറഞ്ഞ അര്‍ജുനെ വെറുതെ വിട്ടു കൊണ്ടുള്ള ഉത്തരവ് വളരെ ഞെട്ടലോടെയാണ് കേരളം കേട്ടത്.

ഇയാള്‍ക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.കൊലപാകവും ബലാത്സംഗവും പൊലീസിന് തെളിയിക്കാനായില്ലെന്നും പൊലീസ് ക്രിതൃമ സാക്ഷികളെ ഹാജരാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതിയെ വെറുതേ വിട്ടത്. എന്ത് കൊണ്ടാണ് കേസില്‍ ഇങ്ങനെ ഒരു വിധി എന്ന് സ്വാഭികമായും സംശയിച്ചേക്കാം. ആര്‍ജ്ജുനാണ് കുറ്റവാളിയെങ്കില്‍ ആര്‍ക്ക് വേണ്ടിയാണ് പോലീസ് ഇത്രയും നിസ്സാരമായി കേസ് അന്വേഷിച്ചത് എന്ന് ചോദ്യം ഉയരാം, ഇനി അതല്ല അര്‍ജ്ജുനല്ല പ്രതിയെങ്കില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ എന്ത് കൊണ്ട് പോലീസിന് കഴിഞ്ഞില്ല, അതോ യഥാര്‍ത്ഥ പ്രതിക്ക് വേണ്ടി ഒരു ഡമ്മി പ്രതിയെയാണോ പോലീസ് സൃഷ്ടിച്ചത് എന്ന സംശയവും ഉണ്ടാകാം.

എന്തായാലും ഈ കേസില്‍ ഇനിയും വ്യക്തമായ ഉത്തരങ്ങള്‍ കിട്ടേണ്ടതുണ്ട്. കേസില്‍ കോടതിയില്‍ പോലീസ് നടപടികളെ കൃത്യമായി ഡിഫന്‍ഡ് ചെയ്തു കൊണ്ടാണ് പ്രതിഭാഗം വാദം നടത്തിയത്. അര്‍ജ്ജുനെതിരെ ചുമത്തിയ പല കുറ്റങ്ങളും പോലീസ് കെട്ടിചമച്ചതാണെന്ന് പ്രതിഭാഗം കോടതിയില്‍ സ്ഥാപിച്ചു. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ നിന്നു കിട്ടിയ ആര്‍ജ്ജുന്റെ രോമങ്ങള്‍ പോലീസ് ആര്‍ജ്ജുന്റെ ശരീരത്തില്‍ നിന്നും തെളിവുകള്‍ ഫ്രെയിം ചെയ്യുന്നതിനായി പിഴുതെടുത്തു എന്നാണ് പ്രതിഭാഗം കോടതിയില്‍ സ്ഥാപിച്ചു. മാത്രമല്ല സംഭവം നടക്കുമ്പോള്‍ ആവിടെ ഉണ്ടായിരുന്ന മറ്റോരാളെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിച്ചു എന്നും ആരോപിക്കപ്പെടുന്നു.

അയാളെ കേസിന്റെ സാക്ഷിയാക്കിയാണ് പോലീസ് അവതരിപ്പിച്ചിരിക്കുന്നത്. അയാള്‍ ഒരു മന്ത്രിയുടെ ബന്ധുവാണെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിക്കുകയും ചെയ്തിരുന്നു. മാത്രമല്ല അന്വേഷണ ഉദ്യോഗസ്ഥന്റെ സത്യസന്ധതിയില്‍ സംശയമുണ്ടെന്നും സമാനമായ കേസില്‍ ഇതെ അന്വേഷണ ഉദ്യോഗസ്ഥന്‍ അരോപണം നേരിട്ടുന്നുവെന്നും പ്രതിഭാഗം വക്കില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്തായാലും കേസ് ഇനിയും തീര്‍ന്നിട്ടില്ല, കേസില്‍ ഇനിയും അന്വേഷണം നടക്കണം. യഥാര്‍ത്ഥ പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നത് വരെ പോരാട്ടം തുടരുക തന്നെ വേണം.