ബെൻഹറിന്റെ ചരിത്രം

    ഇന്നും ലോകത്തിലെ ഒട്ടുമിക്ക സിനിമകള്‍ക്കും പ്രചോദനമായ ഒരു കള്‍ട്ട് ക്ലാസിക് അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ബെന്‍ഹറിന്. ഏതാണ്ട് 11 ഓളം ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്ക് പുറമെ നിരവധി അംഗീകാരങ്ങളാണ് ബെന്‍ഹര്‍ വാരിക്കൂട്ടിയത്......മേക്കിംഗിലെ പ്രത്യേകതകള്‍ കൊണ്ട് തന്നെ ഇന്നും അത്ഭുതപ്പെടുത്തുന്ന സിനിമയാണ് ബെന്‍ഹര്‍. വിശേഷണങ്ങള്‍ ഏറെയുണ്ടെങ്കിലും കഷ്ടപ്പാടിന്റെയും വേദനകളുടെയും കാത്തിരിപ്പിന്റെയും കഥ കൂടിയാണ് ബെന്‍ഹറിന്റെത്......

ന്ന് വരെ മനുഷ്യന്‍ ചിത്രീകരിച്ച ഏറ്റവും വലിയ സിനിമ, സിനിമയുടെ സാങ്കേതികതയ്ക്കും,നിര്‍മ്മാണത്തിലും, എന്ന് മാത്രമല്ല അന്ന് വരെ കണ്ട് പരിചയിച്ച ആസ്വാദ രീതികളില്‍ നിന്നുമെല്ലാം മാറി പുതിയ ഒരു മാറ്റത്തിന് വഴി വെച്ച മാസ്റ്റര്‍ ക്ലാസ്.ഇന്നും ലോകത്തിലെ ഒട്ടുമിക്ക സിനിമകള്‍ക്കും പ്രചോദനമായ ഒരു കള്‍ട്ട് ക്ലാസിക് അങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ബെന്‍ഹറിന്. ഏതാണ്ട് 11 ഓളം ഓസ്‌കാര്‍ അവാര്‍ഡുകള്‍ക്ക് പുറമെ നിരവധി അംഗീകാരങ്ങളാണ് ബെന്‍ഹര്‍ വാരിക്കൂട്ടിയത്. മേക്കിംഗിലെ പ്രത്യേകതകള്‍ കൊണ്ട് തന്നെ ഇന്നും അത്ഭുതപ്പെടുത്തുന്ന സിനിമയാണ് ബെന്‍ഹര്‍. വിശേഷണങ്ങള്‍ ഏറെയുണ്ടെങ്കിലും കഷ്ടപ്പാടിന്റെയും വേദനകളുടെയും കാത്തിരിപ്പിന്റെയും കഥ കൂടിയാണ് ബെന്‍ഹറിന്റെത്. 70 മില്ലീ മീറ്റര്‍ ഫിലിമില്‍ ചിത്രികരിച്ച് ലോകം മുഴുവനും തകര്‍ത്ത് ഓടിയ ഈ ക്ലാസിക്കിന് സൃഷ്ടിയുടെ റീല്‍സ് സ്‌റ്റോറി.1880 ല്‍ ലെവ് വാലസ് എന്ന നോവലിസ്റ്റാണ് ബൈബിളിനെ അടിസ്ഥാനമാക്കി ബെന്‍ഹര്‍ എ ടെയില്‍ ഓഫ് ദ ക്രൈസ്റ്റ് എന്ന പേരില്‍ നോവലെഴുതുന്നത്. ക്രിസ്തുവിന്റെ കാലത്തെ അടിസ്ഥാനമാക്കി ജൂദാ ബെന്‍ഹര്‍ എന്ന യുവാവിന്റെയും അവന്റെ കുടുംബത്തിന്റെയും കഥയാണ് ബെന്‍ഹര്‍. റോമന്‍ ഗവര്‍ണറെ വധിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് ശിക്ഷക്ക് വിധേയനാവുകയും പിന്നിട് അടിമ ചന്തയില്‍ വില്‍ക്കപ്പെടുകയും സ്വന്തം മാതാവിനെയും സഹോദരിയെ വിട്ട് പോകേണ്ടി വന്ന യുവാവിന്റെ ജീവിത കഥയാണ് ബെന്‍ഹര്‍.

എഴുതപ്പെട്ട കാലത്ത് തന്നെ ബെന്‍ഹറിന്റെ കോപ്പികള്‍ വലിയ തോതില്‍ വിറ്റഴിക്കപ്പെട്ടിരുന്നു.പിന്നിട് 1925 ല്‍ നോവലിനെ ആസ്പദമാക്കി ബെന്‍ഹര്‍ എന്ന പേരില്‍ തന്നെ ഒരു നിശബ്ദ സിനിമയും ഇറങ്ങി.ആ സിനിമയും അക്കാലത്ത് വലിയ ഹിറ്റായി മാറി. എന്നാല്‍ ബെന്‍ഹര്‍ എന്ന കൃതിയുടെ ചരിത്രം വഴി മാറിയത് 1959 ലാണ്. 1925 ല്‍ ഇറങ്ങിയ ബ്ലാക് ആന്‍ഡ് വൈറ്റ് നിശബ്ദ സിനിമയുടെ റീമേക്ക് എന്ന് നിലയില്‍ 1952 ലാണ് മെട്രോ ഗോള്‍ഡ് വൈന്‍ മെയര്‍ എന്ന എംജിഎം എന്നറിയപ്പെടുന്ന മെട്രോ ഗോള്‍ഡ് വൈന്‍ മെയര്‍ സിനിമ കമ്പനി ബെന്‍ഹര്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. പിന്നിട് എംജിഎം അന്നത്തെ ഏറ്റവും വലിയ പ്രോഡ്യൂസറായ സാം സിംബലിസ്റ്റിനെ ബെന്‍ഹര്‍ നിര്‍മ്മിക്കാന്‍ ഏല്‍പ്പിച്ചു. ആദ്യം സിഡ്‌നി ഫ്രാങ്കിളിന്റെ സംവിധാനത്തില്‍ മര്‍ലോണ്‍ മാന്‍ഡ്രോയെ നായകനാക്കിയാണ് സിനിമ പ്ലാന്‍ ചെയ്തത്. അങ്ങനെ 550 പേജുകള്‍ ഉള്ള നോവലില്‍ നിന്നും സിനിമയ്ക്കായുള്ള ഒരു തിരക്കഥ തയാറാക്കാന്‍ നിര്‍മ്മാതാക്കള്‍ 12 ഓളം തിരക്കഥാകൃത്തുകളെ സമീപിച്ചിരുന്നു.അത് കൊണ്ട് തന്നെ ബെന്‍ഹര്‍ സിനിമയ്ക്കായി 12 ഡ്രാഫ്റ്റുകളാണ് എഴുതപ്പെട്ടത്. എന്നാല്‍ നിര്‍മ്മാതാവായ സാം സിംബലിസ്റ്റ് സിനിമയ്ക്കായി തിരഞ്ഞെടുത്തത് കാള്‍ ടണ്‍ബെര്‍ഗിനെയാണ്. അങ്ങനെ കാള്‍ 1955 ല്‍ സിനിമയുടെ സ്‌ക്രീപ്റ്റ് പൂര്‍ത്തിയാക്കി.അങ്ങനെ സിഡ്‌നി ഫ്രാങ്കിളിന്റെ സംവിധാനത്തില്‍ 1956 ല്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സ്‌ക്രീപ്റ്റ് പൂര്‍ത്തിയായതോടെ 7 മില്യണ്‍ ഡോളര്‍ ബഡ്ജറ്റില്‍ 6 മുതല്‍ 7 മാസം നീണ്ട ഷെഡ്യൂളില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു.

എന്നാല്‍ 7 മില്യണ്‍ ഡോളര്‍ എന്ന് പറയുന്നത് ഇപ്പോഴത്തെ നിലയില്‍ ഇന്ത്യന്‍ രൂപയില്‍ കണക്ക് കൂടുമ്പോള്‍ ഏതാണ്ട് 58 കോടിയോളം രൂപ വരും. 1950 കളിലെ 58 കോടി രൂപയുടെ ബഡ്ജറ്റ് എന്ന് പറയുന്നത് അന്നത്തെ കാലത്തെ ഏറ്റവും ഉയര്‍ന്ന തുക തന്നെയായിരുന്നു.അന്ന് വരെ ലോകത്ത് പുറത്തിറങ്ങിയ സിനിമകളുടെ ബഡ്ജറ്റിനെക്കാള്‍ ഇരട്ടിയുടെ ഇരട്ടിയാണ് 7 മില്യണ്‍ ഡോളര്‍ എന്ന് പറയുന്നത്. കാരണം സിനിമ പോലെ വലിയ റിസ്‌കുള്ള ബിസിനസ് മേഖലയില്‍ ഇത്രയും വലിയ തുക മുടക്കി ഒരു സിനിമ ചിത്രികരിക്കുക എന്ന് പറയുന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത കാലമായിരുന്നു അത്.എംജിഎമ്മിന്റെ വൈഡ് സ്‌ക്രീന്‍ പ്രക്രിയയായ 65 മില്ലി മീറ്ററിലാണ് സിനിമ ചിത്രീകരിക്കാന്‍ പദ്ധതി ഇട്ടത്. അത് കൊണ്ട് തന്നെ സിനിമയുടെ ചിലവും ഇരട്ടിയാക്കി.ആങ്ങനെ വലിയ പ്രോഡക്ഷന്‍ ഡിസൈനിംഗ് ഒക്കെ നടത്തി സിനിമ ഷൂട്ട് ചെയ്യാന്‍ ആരംഭിച്ചെങ്കിലും തുടക്കത്തില്‍ തന്നെ സിനിമയുടെ ഷുട്ടിംഗ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. സംവിധായകനായ ഫ്രാങ്കിളിന് ഗുരുതരമായ രോഗം ബാധിച്ചതോടെ അദേഹം സിനിമയില്‍ നിന്നും പിന്‍മാറി. അതോടെ സിനിമ ഷൂട്ട് തുടങ്ങി ആഴ്ചകള്‍ക്ക് ഉള്ളില്‍ തന്നെ ചിത്രീകരണവും നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. അങ്ങനെ ബെന്‍ഹര്‍ എന്ന സിനിമ ഏതാണ്ട് ഉപേക്ഷിക്കപ്പെട്ടു.എന്നാല്‍ അതെ വര്‍ഷം തന്നെയാണ് പാരമൗണ്ട് പിക്‌ചേഴ്‌സിന്റെ ബൈബിള്‍ ഇതിഹാസമായ ദ ടെന്‍ കമാന്‍ഡ്‌മെന്റ്‌സ് റിലീസ് ചെയ്തത്. പ്രോഡക്ഷനിലും തീമിലും ബെന്‍ഹറുമായി ഒരു പാട് സാമ്യതകള്‍ ഉണ്ടായിരുന്ന ചിത്രമായിരുന്നു ടെന്‍ കമാന്‍ഡ്‌മെന്റ്‌സ്. 13 മില്യണ്‍ ഡോളര്‍ ചിലവഴിച്ചു നിര്‍മ്മിച്ച ടെന്‍ കമാന്‍ഡ്‌മെന്റ്‌സ് ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്നു. ടെന്‍ കമാന്‍ഡ്‌മെന്റിസിന്റെ വിജയം എംജിഎമ്മിനും വലിയ ആത്മവിശ്വാമാണ് നല്‍കിയത്.

അതോടെ 1957 ല്‍ ബെന്‍ഹറിന്റെ ചിത്രീകരണം വീണ്ടും ആരംഭിക്കുമെന്ന് കമ്പനി മേധാവി ജോസഫ് വോഗല്‍ പ്രഖ്യാപിച്ചു.അതിന്റെ ഭാഗമായി 1925 ല്‍ ഇറങ്ങിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബെന്‍ഹറിന്റെ സംവിധാന സഹായികളില്‍ ഒരാളായ വില്യം വൈലറിനെ ചിത്രം സംവിധാനം ചെയ്യാന്‍ നിര്‍മ്മാതാവായ സാം സിംബലിസ്റ്റ് ക്ഷണിച്ചു.സിംബലിന്റെ ക്ഷണം സ്വീകരിച്ച വൈലര്‍ ചിത്രം സംവിധാനം ചെയ്യാനായി മുന്നോട്ട് വന്നു. പിന്നെ കാര്യങ്ങള്‍ വേഗത്തില്‍ തന്നെ മുന്നോട്ട് നീങ്ങാന്‍ ആരംഭിച്ചു. എന്നാല്‍ ആദ്യം 7 മില്യണ്‍ ഡോളറായിരുന്ന സിനിമയുടെ ബഡ്ജറ്റ് അപ്പോഴെക്കും 10 മില്യണായി ഉയര്‍ന്നു കഴിഞ്ഞിരുന്നു. ബഡ്ജറ്റ് ക്രമാതീതമായി ഉയര്‍ന്നെങ്കിലും സിനിമയുടെ ഷൂട്ടിംഗുമായി മുന്നോട്ട് പോകാന്‍ തന്നെ പ്രോഡ്യൂസറും എംജിഎം കമ്പനിയും തീരുമാനിക്കുകയായിരുന്നു. അങ്ങനെ അവരുടെ വാശി മൂലം ഷൂട്ടിംഗ് പുനരാരംഭിച്ച ബെന്‍ഹറിന്റെ ബഡ്ജറ്റ് 1958 ല്‍ ഷൂട്ടിംഗ് അവസാനിക്കുമ്പോള്‍ 15.175 മില്യണായി ഉയര്‍ന്നിരുന്നു. അതായത് ഇന്നത്തെ ഇന്ത്യന്‍ രൂപയുടെ മൂല്യം അനുസരിച്ച് 126 കോടി രൂപയാണ് സിനിമയുടെ നിര്‍മ്മാണത്തിനായി ചിലവഴിക്കേണ്ടി വന്നത്. അതോടെ ലോകത്ത് അത് വരെ നിര്‍മ്മിച്ചതില്‍ വച്ചെറ്റവും ചിലവേറിയ ചിത്രമായി ബെന്‍ഹര്‍ മാറി. 212 മിനിറ്റാണ് സിനിമയുടെ മുഴുവന്‍ ദൈര്‍ഘ്യം. സിനിമ പുറത്തിറങ്ങിയതോടെ വലിയ ലോകം മുഴുവനും ഗംഭീര പ്രകടനമാണ് നടത്തിയത്. സിനിമ ഒരു ബംമ്പര്‍ ഹിറ്റായി മാറി. 152 മില്യണ്‍ ഡോളറാണ് സിനിമയുടെ ആകെ കളക്ഷന്‍. അതായത് 12 ആയിരം കോടിക്ക് മുകളിലാണ് അന്ന് സിനിമ നേടിയത്. അന്നത്തെ ടിക്കറ്റ് നിരക്കും ഇന്നത്തെ ടിക്കറ്റ് നിരക്കും തമ്മില്‍ കമ്പയര്‍ ചെയ്യുമ്പോള്‍ ഇന്നത്തെ ഒരു സിനിമയ്ക്ക് പോലും അവകാശപ്പെടാന്‍ പോലും കഴിയാത്ത നേട്ടമാണ് ബെന്‍ഹര്‍ നേടിയത്.ഇങ്ങ് ഇവിടെ നമ്മുടെ കേരളത്തില്‍ പോലും സിനിമ തകര്‍ത്ത് ഓടിയിട്ടുണ്ട്.