പ്രണയത്തിന്റെ പ്രതീകമായ ടൈറ്റാനിക്ക്

    ടൈറ്റാനിക്ക് ദുരന്തത്തിന് പ്രണയത്തിന്റെ ഭാവങ്ങള്‍ നല്‍കി വിഖ്യാതനായ കനേഡിയന്‍ സിനിമ സംവിധായകനായ ജയിംസ് കാമറൂണ്‍ അണിയിച്ചൊരുക്കിയ ചലച്ചിത്രത്തിന് ഇന്നും പ്രക്ഷകര്‍ ഏറെയാണ്. കാരണം പ്രണയത്തെ അത്രത്തോളം തീവ്രമായി സ്‌ക്രീനില്‍ അവതരിപ്പിച്ച മറ്റോരു ചിത്രം ലോകത്ത് ഇനിയും ഉണ്ടായിട്ടില്ല.....

തിരമാലകളെ കീറി മുറിച്ചു കൊണ്ട് ആ വലിയ കപ്പല്‍ മുന്നോട്ട് കുതിക്കുകയാണ്. അതി സുന്ദരനായ ജാക്ക് കപ്പലിന്റെ തുഞ്ചത്ത് കയറി നിന്ന് കൈകള്‍ രണ്ടും വിരിച്ചു നിന്ന് കാറ്റിനൊപ്പം പറന്നു. എന്നിട്ട് ആയാള്‍ ഈ ലോകത്തോട് വിളിച്ചു പറഞ്ഞു ഈ ലോകത്തിന്റെ രാജാവ് ഞാനാണ്. അഹ്‌ളാദം കൊണ്ട് ജാക്ക് വിളിച്ചു പറഞ്ഞ ആ വാക്കുകള്‍ പിന്നിട് അന്വര്‍ത്ഥമായി.പിന്നിടങ്ങോട്ട് ഈ ലോകത്തിന്റെ പ്രണയത്തിന്റെ പ്രതീകമായി അയാള്‍ മാറി.നഷ്ട പ്രണയത്തെ ഹൃദയത്തിലെറ്റുന്ന, മുറിവേറ്റ മനസുകളുടെ പ്രതിനിധിയായി അവരുടെ ലോകത്ത് രാജാവായി ഇന്നും അയാള്‍ വാഴുന്നു. പ്രണയത്തിലെ കാല്പനികതെ കുറിച്ച് സംസാരിക്കുമ്പോള്‍ ജാക്കിനെയും റോസിനെയും ഓര്‍ക്കാതെ കടന്ന് പോകാന്‍ പോലും കഴിയാത്ത വിധ ടൈറ്റാനിക്ക് സിനിമ പ്രക്ഷകരെ സ്വാധീനിച്ചിട്ടുണ്ട്.ടൈറ്റാനിക്ക് ദുരന്തത്തിന് പ്രണയത്തിന്റെ ഭാവങ്ങള്‍ നല്‍കി വിഖ്യാതനായ കനേഡിയന്‍ സിനിമ സംവിധായകനായ ജയിംസ് കാമറൂണ്‍ അണിയിച്ചൊരുക്കിയ ചലച്ചിത്രത്തിന് ഇന്നും പ്രക്ഷകര്‍ ഏറെയാണ്.കാരണം പ്രണയത്തെ അത്രത്തോളം തീവ്രമായി സ്‌ക്രീനില്‍ അവതരിപ്പിച്ച മറ്റോരു ചിത്രം ലോകത്ത് ഇനിയും ഉണ്ടായിട്ടില്ല. മനുഷ്യ ചരിത്രത്തിലെ ഒരു ദുരന്തത്തെ പ്രണയത്തിന്റെ ഭാവുകത്വങ്ങള്‍ നല്‍കി ജയിംസ് കാമറൂണ്‍ കറങ്ങുന്ന റീലുകളിലാക്കിയ റീല്‍സ് സ്റ്റോറി.

ദുരന്തത്തില്‍ അവസാനിച്ച കന്നി യാത്ര

1912 ഏപ്രില്‍ 15 ന് ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നിന്നും ന്യൂയോര്‍ക്ക് സിറ്റിയിലേക്കുള്ള കന്നി യാത്രയില്‍ വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ വച്ച് മഞ്ഞ് മലയില്‍ ഇടിച്ചു തകര്‍ന്ന് മുങ്ങി പോയ ഒരു ബ്രിട്ടീഷ് പാസഞ്ചര്‍ ലൈന്‍ കപ്പലായിരുന്നു ടൈറ്റാനിക്ക്. 2224 യാത്രക്കാരുമായി യാത്ര തിരിച്ച ആ കപ്പല്‍ അക്കാലത്ത് നിര്‍മ്മിക്കപ്പെട്ടതില്‍ വച്ച് ഏറ്റവും അത്യാഡംബര പൂര്‍ണമായ സൃഷ്ടിയായിരുന്നു.ബല്‍ഫാസ്റ്റിലെ ഹാര്‍ലാന്‍ഡ് ആന്‍ഡ് വൂള്‍ഫ് എന്ന കപ്പല്‍ നിര്‍മ്മാണം കമ്പനിയാണ് ടൈറ്റാനിക്ക് നിര്‍മ്മിച്ചത്. എന്നാല്‍ ഒരിക്കലും മുങ്ങില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു കപ്പലിന്റെ നിര്‍മ്മാണം.പക്ഷെ അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തില്‍ അന്ന് കപ്പലില്‍ ഉണ്ടായിരുന്ന 1500 ഓളം ആളുകളാണ് മരണപ്പെട്ടത്. അത് കൊണ്ട് തന്നെ അക്കാലത്തെ ഏറ്റവും വലിയ ദുരന്തം കൂടിയാണ് ടൈറ്റാനിക്ക് കപ്പല്‍ അപകടം.അന്നത്തെ കാലത്ത് ലോകത്തിലെ ഏറ്റവു ധനികരായ അളുകളും, ബ്രീട്ടിഷ് ദ്വീപ്, സ്‌കാന്‍ഡിനേവിയ, അമേരിക്ക, കാനഡ എന്നിവടങ്ങളിലേക്ക് കൂടിയേറ്റം നടത്തുന്നവരടക്കമാണ് അന്ന് കപ്പലില്‍ ഉണ്ടായിരുന്നത്.

പകുതിയില്‍ അധികവും ആളുകള്‍ മരിച്ച ആ വലിയ ദുരന്തത്തിന് ശേഷമാണ് സമുദ്ര സുരക്ഷാ ചട്ടങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുന്നത്. അന്ന് കപ്പലിനൊപ്പം മുങ്ങി താഴ്ന്നവരുടെ കൂട്ടത്തില്‍ കപ്പല്‍ ശാലയുടെ ചീഫ് നേവല്‍ ആര്‍ക്കിടെക്റ്റ് തോമസ് ആന്‍ഡ്രൂസും ഉണ്ടായിരുന്നു.ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, സ്‌മോക്കിംഗ് റൂമുകള്‍, ഹൈ-ക്ലാസ് റെസ്റ്റോറന്റുകള്‍, കഫേകള്‍, ടര്‍ക്കിഷ് ബാത്ത്, നൂറുകണക്കിന് സമൃദ്ധമായ ക്യാബിനുകള്‍ എന്നിങ്ങനെയുള്ള ഫസ്റ്റ് ക്ലാസ് താമസസൗകര്യത്തോട് കൂടി നിര്‍മ്മിച്ചതാണ് ടൈറ്റാനിക്ക്. ഇതോടൊപ്പം യാത്രക്കാര്‍ക്ക് ‘മാര്‍ക്കോണിഗ്രാം’ അയക്കുന്നതിനും കപ്പലിന്റെ പ്രവര്‍ത്തന ഉപയോഗത്തിനും ഉയര്‍ന്ന ശക്തിയുള്ള റേഡിയോ ടെലഗ്രാഫ് ട്രാന്‍സ്മിറ്റര്‍ ലഭ്യമായിരുന്നു. വെള്ളം കടക്കാത്ത അറകള്‍, റിമോട്ട് ആക്ടിവേറ്റ് ചെയ്ത വാട്ടര്‍ടൈറ്റ് ഡോറുകള്‍ എന്നിങ്ങനെ വിപുലമായ സുരക്ഷാ ഫീച്ചറുകള്‍ ടൈറ്റാനിക്കിന് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെയാണ് ഈ കപ്പല്‍ മുങ്ങില്ല എന്ന ഖ്യാതി നേടിയത്.ഇതോടൊപ്പം ടൈറ്റാനിക്കില്‍ 16 ലൈഫ് ബോട്ട് ഡേവിറ്റുകള്‍ ഉണ്ടായിരുന്നു. അതായത് ഒരു ഡേവിറ്റില്‍ മൂന്ന് ലൈഫ് ബോട്ടുള്‍ സൂക്ഷിക്കാന്‍ കഴിയും.

അങ്ങനെ 48 ബോട്ടുകള്‍ സൂക്ഷിക്കാന്‍ കഴിയുമായിരുന്നു. പക്ഷെ ദുരന്തം നടക്കുമ്പോള്‍ കപ്പലില്‍ അന്ന് വെറും 20 ലൈഫ് ബോട്ടുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 20 ലൈഫ് ബോട്ടുകളില്‍ ആകെ 1,178 ആളുകളെ വഹിക്കാനുള്ള ശേഷി മാത്രമാണ് ഉണ്ടായിരുന്നത്.കപ്പല്‍ പുറപ്പെടുന്നതിന് മുന്‍പ് 1912 ഏപ്രില്‍ 2 ന് കപ്പല്‍ പരീക്ഷണ ഓട്ടങ്ങള്‍ നടത്തിയിരുന്നു. കപ്പല്‍ പ്രവര്‍ത്തിപ്പിക്കാനായി 78 സ്റ്റോക്കറുകളും, ഗ്രീസറുകളും, 41 ഓളം ഫയര്‍മാര്‍മാരും ഉണ്ടായിരുന്നു. മാത്രമല്ല വിവിധ കമ്പനികളുടെ പ്രതിനിധികളുടെ സാനിധ്യത്തിലാണ് കപ്പല്‍ പരീക്ഷണ ഓട്ടം നടത്തിയത്. 12 മണിക്കൂറോളം കപ്പല്‍ വിവിധ വേഗതയില്‍ ഓട്ടിച്ചു നോക്കി. കപ്പലിന്റെ അതിവേഗതയില്‍ തിരിക്കാനുള്ള ശേഷിയും ക്രാഷ് സ്‌റ്റോപ്പ് ടെസ്റ്റ് ഉള്‍പ്പടെയുള്ള പരീക്ഷണങ്ങളും നടത്തിയിരുന്നു. ഇത്തരം വലിയ പരീക്ഷണങ്ങള്‍ നടത്തിയിട്ടും അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെ അതി ജീവിക്കാന്‍ ടൈറ്റാനിക്കിനായില്ല. അതോടെ അന്ന് വരെ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമായി ടൈറ്റാനിക്ക് മാറുകയും ചെയ്തു.

ജയിംസ് കാമറൂണിന്റെ സ്വപ്‌നം

ജയിംസ് കാമറൂണിന്റെ സ്വപ്‌ന സിനിമയായിരുന്നു ടൈറ്റാനിക്ക്. ചരിത്രത്തിലെ ഈ ഒരു ദുരന്തതൊട് വളരെ കാലം മുന്‍പ് തന്നെ കാമറൂണിന് വലിയ താല്പര്യമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഏക്കാലത്തും തന്റെ മനസിലുള്ള ഈ സംഭവത്തെ സ്‌ക്രീനിലെത്തിക്കണമെന്ന് കാമറൂണ്‍ നിശ്ചയിച്ചിരുന്നു.ഇതോടൊപ്പം തന്നെ ടൈറ്റാനിക്ക് സംഭവത്തെ അടിസ്ഥാനമാക്കി 1958 ല്‍ ഇറങ്ങിയ ബ്രിട്ടീഷ് ഡോക്യമെന്ററി ഡ്രാമ വിഭാഗത്തില്‍പ്പെട്ട എ നൈറ്റ് ടു റിമെമ്പര്‍ എന്ന സിനിമയും കാമറൂണിനെ വല്ലാതെ ആകര്‍ഷിച്ചിരുന്നു.

എന്നാല്‍ ടൈറ്റാനിക്ക് ദുരന്തത്തെ വെറുതെ അങ്ങ് പറഞ്ഞ് വച്ചാല്‍ അത് ഒരു സാധാരണ സിനിമയായി തീരുമെന്ന് കാമറൂണിന് തോന്നി.അത് കൊണ്ട് തന്നെ പ്രക്ഷകരെ ഈ ദുരന്തത്തിന്റെ ആഘാതം അനുഭവിപ്പിക്കാന്‍ ഈ സിനിമയില്‍ ഒരു പ്രണയം ഉണ്ടായിരിക്കണമെന്ന് ജയിംസ് കാമറൂണ്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ അപ്പോഴും വെറുതെ ഒരു പ്രണയ കഥ പറഞ്ഞാല്‍ പോരാ.

സിനിമ കണ്ട് തീരുന്ന ഓരോ പ്രക്ഷകനും ആ നഷ്ടത്തെയോര്‍ത്ത് വിലപിക്കണമെന്നും ആ പ്രണയത്തെ അത്തരത്തില്‍ അവിഷ്‌കരിക്കണമെന്നാണ് കാമറൂണിന് തോന്നിയത്. അങ്ങനെ തിരക്കഥയ്ക്കായി ജയിംസ് കാമറൂണ്‍ ചെയ്തത് യഥാര്‍ത്ഥ ടൈറ്റാനിക്കിലെക്ക് ഒരു സാഹസിക യാത്ര നടത്തി. അതായത് 1912 ല്‍ തകര്‍ന്നടിഞ്ഞ് ഇപ്പോഴും അന്റ്‌ലാറ്റിക് സമുദ്രത്തിന് അടിയില്‍ സ്ഥിതി ചെയ്യുന്ന ടൈറ്റാനിക്ക് കപ്പലിലേക്ക് ഒരു അണ്ടര്‍ വാട്ടര്‍ യാനത്തില്‍ കയറി യാത്ര നടത്തുകയും ചെയ്തു.

ഏതാണ്ട് 2717 ഫീറ്റ് താഴ്ചയിലെക്കാണ് ജയിംസ് കാമറൂണ്‍ ഈ സാഹസിക യാത്ര നടത്തിയത്. അതായത് 828 മീറ്റര്‍ താഴ്ചയിലേക്ക്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലിഫയുടെ ഉയരം തന്നെ 829 മീറ്ററാണ് എന്ന് ഓര്‍ക്കുമ്പോഴാണ് എത്ര വലിയ റിസ്‌ക്കാണ് കാമറൂണ്‍ എടുത്തത് എന്ന് മനസിലാകുന്നത്. അടുത്തിടയ്ക്കാണ് കാമറൂണ്‍ നടത്തിയത് പോലെ ടൈറ്റാനിക്കിലേക്ക് സാഹസിക യാത്ര നടത്തിയ ടൈറ്റന്‍ എന്ന സബ് മറൈന്‍ ഉള്ളിലേക്ക് പൊട്ടിച്ചിതറി 5 പേര്‍ മരിച്ചത്.

അത്രയേറെ വലിയ സാഹസികതയാണ് സിനിമയുടെ പൂര്‍ത്തികരണത്തിനായി ജയിംസ് കാമറൂണ്‍ നടത്തിയത്.അങ്ങനെ യഥാര്‍ത്ഥത്തിലുള്ള ടൈറ്റാനിക്കില്‍ നിന്നും പകര്‍ത്തിയ ദൃശ്യങ്ങള്‍ ഒരു റഫറന്‍സാക്കി വച്ചു കൊണ്ടാണ് കാമറൂണ്‍ സിനിമയുടെ തിരക്കഥയിലേക്ക് കടന്നത്. എന്നാല്‍ ഇതോടൊപ്പം അന്ന് കപ്പലില്‍ ഉണ്ടായിരുന്ന ജീവനക്കാരെക്കുറിച്ചും യാത്രക്കാരെക്കുറിച്ചും കാമറൂണ്‍ 6 മാസത്തോളം നീണ്ട് ഗവേഷണവും നടത്തിയിരുന്നു.

ഇത്തരത്തില്‍ ശേഖരിച്ച വിവരങ്ങള്‍ ചരിത്രകാരന്‍മാര്‍ പരിശോധിച്ച് അതിന്റെ അധികാരികത ഉറപ്പാക്കുകയും ചെയ്തു. സിനിമ നിര്‍മ്മിക്കുമ്പോള്‍ ആ കഥയെക്കുറിച്ചുള്ള വ്യക്തമായ ധാരണ എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്നും കാമറൂണിന് നിര്‍ബന്ധമുണ്ടായിരുന്നു. മാത്രമല്ല സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ തങ്ങള്‍ ഒരു ടൈം മെഷിനില്‍ കയറി നൂറ് വര്‍ഷം പുറകിലേക്ക് പോയിട്ടാണ് ആ സിനിമ ചെയ്യുന്നതെന്ന തോന്നല്‍ എല്ലാവര്‍ക്കും ഉണ്ടായിരിക്കണമെന്നും ജയിംസ് കാമറൂണ്‍ നിശ്ചയിച്ചിരുന്നു.

മാത്രമല്ല നോണ്‍ ലീനിയര്‍ സ്‌റ്റോറി ടെല്ലിംഗ് രീതിയിലാണ് കാമറൂണ്‍ തിരക്കഥ ഒരുക്കിയത്. മുന്‍പ് സംഭവിച്ച ഒരു ദുരന്തത്തിലേക്കുള്ള തിരിഞ്ഞ് നോട്ടമാണ് ആ സിനിമ. അത് കൊണ്ട് തന്നെ അന്ന് ദുരന്തില്‍ നിന്നു രക്ഷപ്പെട്ട ഒരാളുടെ അനുഭവത്തിലൂടെ ആ കഥ പറയുമ്പോള്‍ ചരിത്രത്തോട് കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുമെന്ന ആശയത്തില്‍ നിന്നുമാണ് നോണ്‍ ലീനിയറായി തിരക്കഥ ഒരുക്കാന്‍ കാമറൂണിനെ പ്രേരിപ്പിച്ചത്.

എന്നാല്‍ 150 മില്യണ്‍ ഡോളര്‍ ബഡ്ജറ്റില്‍ നിര്‍മ്മിക്കാനുദ്ദേശിച്ച സിനിമ, നിര്‍മ്മാണം പൂര്‍ത്തിയായപ്പോഴെക്കും 200 മില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു. അതായത് യഥാര്‍ത്ഥ ടൈറ്റാനിക്ക് കപ്പല്‍ നിര്‍മ്മിക്കാന്‍ 150 മില്യണ്‍ ഡോളറാണ് ചിലവായത്. എന്നാല്‍ സിനിമയ്ക്കായി 200 മില്യണ്‍ ഡോളറും ചിലവായി. സിനിമയിലെ നായക കഥാ പാത്രമായ ജാക്കിനെ അവതരിപ്പിക്കാനായി ജോണി ഡെപ്പിനെയാണ് സമീപിച്ചത്. എന്നാല്‍ ജോണി ഡെപ് ആ റോള്‍ നിരസിക്കുകയായിരുന്നു. പിന്നിടാണ് ജാക്കിനെ അവതരിപ്പിക്കാനായി ലിയോനാര്‍ഡോ ഡി കാപ്രിയോ എത്തുന്നത്.

സിനിമാറ്റോഗ്രഫി

ടൈറ്റാനിക്ക് ഒരു ദുരന്തത്തിന്റെ കഥയാണ്. എന്നാല്‍ പ്രക്ഷകരെ സിനിമയിലെക്ക് അടുപ്പിക്കാന്‍ ജയിംസ് കാമറൂണ്‍ ആ സിനിമയില്‍ നല്ല ഒരു പ്രണയം കൂടി ഉള്‍പ്പെടുത്തി. ആ പ്രണയത്തിനിടയിലേക്ക് ഒരു ദുരന്തം വന്ന് വീഴുന്നതും ആ ദുരന്തത്തിലൂടെ ആ പ്രണയം അതിന്റെ തീവ്രതിയിലെത്തുന്നതും അവസാനം അ പ്രണയം ഒരു നഷ്ട പ്രണയവുമായിട്ടാണ് അവസാനിക്കുന്നത്. എന്നാല്‍ സംവിധായകന്‍ പേപ്പറില്‍ എഴുതി വച്ചത് സ്‌ക്രീനില്‍ കിട്ടണമെങ്കില്‍ അതിന്റെ വിഷ്വലുകളും അത്രത്തോളം തന്നെ മനോഹരമായിരിക്കണം. കാരണം സിനിമ എന്ന മാധ്യമം ഒരു വിഷ്വല്‍ മാധ്യമമാണ്. അത് കൊണ്ട് തന്നെ വിഷ്വലുകള്‍ക്ക് അതീവ പ്രാധാനമുണ്ട്. അതിനായി ജയിംസ് കാമറൂണ്‍ ടൈറ്റാനിക്കിന്റെ സിനിമാറ്റോഗ്രഫി ചെയ്യുന്നതിനായി റസ്സല്‍ കാര്‍പെന്ററെ നിയമിച്ചു.

അങ്ങനെ 1996 ജൂലൈ 31 ന് മുങ്ങിപ്പോയ ടൈറ്റാനിക്കില്‍ നിന്നും നിധി ശേഖരിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ചു കൊണ്ടാണ് സിനിമയുടെ പ്രിന്‍സിപ്പല്‍ ഫോട്ടോഗ്രഫി ആരംഭിക്കുന്നത്. പിന്നിട് സെപ്റ്റംബറോടെ മെക്‌സിക്കോയിലെ റൊസാരിറ്റോയില്‍ പുതിയതായി നിര്‍മ്മിച്ച ഫോക്‌സ് ബാജ സ്റ്റിഡിയോയിലേക്ക് സിനിമയുടെ നിര്‍മ്മാണം മാറ്റി. അവിടെ വച്ചാണ് സിനിമയിലെ കപ്പല്‍ രംഗങ്ങള്‍ ഉള്‍പ്പടെയുള്ളവ ചിത്രീ കരിച്ചത്. 138 ദിവസമാണ് ചിത്രീകരണത്തിനായി ഷെഡ്യൂള്‍ ചെയ്തത്. എന്നാല്‍ ചിത്രീകരണം ഏതാണ്ട് 160 ദിവസത്തോളമാണ് നീണ്ട് നിന്നത്. കാരണം സിനിമയുടെ ക്വാളിറ്റിയുടെ കാര്യത്തില്‍ യാതൊരു വിട്ടു വീഴ്ചയ്ക്കും ജയിംസ് കാമറൂണ്‍ തയാറായിരുന്നില്ല.

അത് കൊണ്ട് തന്നെ വലിയ ത്യാഗങ്ങള്‍ ഇവര്‍ക്ക് സഹിക്കേണ്ടി വന്നു. ദിവസങ്ങളോളം വെള്ളത്തില്‍ കിടന്നതോടെ നായികയായ കെയ്റ്റിനുള്‍പ്പടെ ഒട്ടുമിക്ക നടീനടന്‍മാര്‍ക്കും പനി, ഛര്‍ദ്ദി, വൃക്കയില്‍ അണുബാധ, എന്നിങ്ങനെയുള്ള അസുഖങ്ങള്‍ ഉണ്ടായി. അത് കൊണ്ട് തന്നെ ഇനി മേലില്‍ താന്‍ ജയിംസ് കാമറൂണിന്റെ ചിത്രത്തില്‍ അഭിനയിക്കില്ല എന്നും കെയ്റ്റിന് പറയേണ്ടി വന്നു. അതോടൊപ്പം തന്നെ സിനിമയിലെ 3 സ്റ്റണ്ട് മാന്‍മാര്‍ക്ക് വീഴ്ചയില്‍ പരിക്ക് എല്‍ക്കുകയും അസ്ഥികള്‍ ഒടിയുകയും ചെയ്തു. അങ്ങനെ സിനിമയില്‍ അഭിനിയിക്കാനെത്തിയ പല അഭിനേതാക്കളും ടെക്‌നീഷ്യന്‍മാരും ഈ ബുദ്ധിമുട്ടുകള്‍ കൊണ്ട് മാത്രം ഈ സിനിമയുടെ സെറ്റില്‍ നിന്നും പിണങ്ങി പോവുകയും ചെയ്തു.

എന്നാല്‍ വിഷ്വലുകള്‍ക്ക് വലിയ പ്രാധാന്യമുള്ളതിനാല്‍ 1:78:1 എന്ന ആസ്‌പെക്ട് റെഷ്യോയിലാണ് സിനിമ ചിത്രീകരിച്ചത്. മാത്രമല്ല കപ്പല്‍ മുങ്ങുന്നതും ആളുകള്‍ താഴെക്ക് വീഴുന്നതുമായ ഷോട്ടുകള്‍ മികച്ചതാക്കാന്‍ പല വിധത്തില്‍ നിന്നുള്ള കോണുകളില്‍ നിന്നുമാണ് അവര്‍ ഷൂട്ട് ചെയ്തത്. പല കോണുകളില്‍ നിന്നുള്ള ഷോട്ടുകള്‍ നിരവധി ഉണ്ടെങ്കിലും സിനിമയിലെ ഏറ്റവും ഇഫക്ടീവായത് മീഡിയം ക്ലോസപ്പുകളും പാന്‍ ഷോട്ടുകളുമാണ്. പാര്‍ട്ടി സീനുകളിലും കപ്പല്‍ മുങ്ങുന്ന സീനുകളിലും നിരവധി മീഡിയം ക്ലോസ് അപ്പുകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതോടൊപ്പം ഹൈ ആംഗീള്‍ ഷോട്ടുകളും ട്രാക്കിംഗ് ഷോട്ടുകളും നല്‍കിയിട്ടുണ്ട്. അത് സിനിമയ്ക്ക് ഒരു ആക്ഷന്‍ ഇഫക്ട് നല്‍കുന്നുണ്ട്.അത്തരം പാന്‍ ഷോട്ടുകളെ ഏറ്റവും നന്നായി ഉപയോഗിച്ച സീനുകള്‍ എന്ന് പറയുന്നത് കപ്പലിന്റെ മുനമ്പില്‍ ജാക്കും റോസും കൈവിരിച്ച് നില്‍ക്കുന്ന ഷോട്ടുകളാണ്.

കപ്പലിന്റെ മുന്‍പില്‍ കൈവിരിച്ചു നില്‍ക്കുമ്പോള്‍ റോസ് പറയുന്ന് ഒരു ഡയലോഗ് ഉണ്ട്. ഐ അം ഫൈളിയിംഗ്.് ഞാന്‍ പറക്കുകയാണ്. അപ്പോള്‍ റോസ് അനുഭവിക്കുന്ന ആ അനുഭൂതി സിനിമ കാണുന്ന ഓരോ പ്രക്ഷകനും അനുഭവിക്കണം. കാറ്റിനെ കീറി മുറിച്ചു കൊണ്ട് മുന്നോട്ട് നീങ്ങുന്ന അവരുടെ പ്രണയത്തെ അത്രയും മനോഹരമാക്കുന്നുണ്ട് ആ ഷോട്ടുകള്‍. എന്നാല്‍ റോസ് അനുഭവിക്കുന്ന ആ അനുഭവത്തെ സ്‌ക്രീനില്‍ എത്തിക്കാന്‍ റസ്സല്‍ ചെയ്തത് ക്യാമറ ലോ ആംഗിളില്‍ സ്ഥാപിക്കുകയും ക്യാമറ പാന്‍ ചെയ്യുകയും ചെയ്തു. അതോടെ ഞാന്‍ പറക്കുകയാണ് എന്ന റോസിന്റെ ഡയലോഗ് അന്വര്‍ത്ഥമാക്കും വിധത്തില്‍ സിനിമ കാണുന്ന ഏതൊരാള്‍ക്കും അത് അനുഭവിക്കാന്‍ കഴിഞ്ഞു.

ഇതോടൊപ്പം ആ സീനില്‍ അവര്‍ നല്‍കിയ ലൈറ്റിംഗും ആ ഷോട്ടുകളെ മറ്റോരു തലത്തില്‍ എത്തിക്കുന്നുണ്ട്. സൂര്യന് അഭിമുഖമായി നീങ്ങുകയാണ് കപ്പല്‍. അപ്പോള്‍ വൈകുന്നേരം സമയത്തെ സൂര്യനില്‍ നിന്നുള്ള ചുവന്ന ലൈറ്റുകള്‍ റോസിന്റെ മുഖത്ത് അടിക്കുന്നു. ആ ലൈറ്റില്‍ സ്വര്‍ണ നിറത്തോടെ അതി സുന്ദരിയായിട്ടാണ് റോസിനെ കാണാന്‍ കഴിയുന്നത്. അവള്‍ അന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത പ്രണയത്തിന്റെ മാസ്മരിക ലോകത്തെക്ക് പ്രക്ഷകനെ കൂടി വലിച്ചിട്ടുന്നതായിരുന്നു ആ ലൈറ്റിംഗ്. മഞ്ഞയും ചുവപ്പും ഇടകലര്‍ന്ന ലൈറ്റിംല്‍ കൈകള്‍ വിരിച്ചു ജാക്കിനൊപ്പം റോസ് പറക്കുന്ന ആ സീനായിരിക്കും ഒരു പക്ഷെ ലോകത്ത് ഇന്ന് വരെ സൃഷ്ടിക്കപ്പെട്ട ഏറ്റവും മികച്ച് പ്രണയ ഷോട്ടുകള്‍.

മറ്റോന്ന് കപ്പല്‍ മഞ്ഞ് മലയില്‍ ഇടിക്കുന്ന ഷോട്ടാണ്. അവിടെ അപ്പോള്‍ ഇരുട്ട് നിറഞ്ഞ ചന്ദ്രനില്‍ നിന്നുള്ള പ്രകാശം മാത്രമുള്ള ലോ കീയിംഗ് ലൈറ്റിംഗ് മാത്രമാണ് ഉപയോഗിച്ചത്. ഇതോടൊപ്പം ആദ്യ സീനുകളില്‍ കടലിന് അടിയിലുള്ള ടൈറ്റാനിക്കിലേക്ക് മെഷിനുകള്‍ കടത്തി വിടുന്ന ഷോട്ടുകളില്‍ സ്‌പോട്ട് ലൈറ്റുകളാണ് ഉപയോഗിച്ചത്. ഇത് കൂടുതല്‍ നിഗുഡത ഉണര്‍ത്തുന്നതും സിനിമയെ കൂടുതല്‍ എന്‍ഗേജിംഗ് ആക്കുന്നുമുണ്ട്. മറ്റോന്ന് കപ്പലിന്റെ ഉയര്‍ന്ന ഡെക്ക് ഭാഗങ്ങളില്‍ മഞ്ഞ വെളിച്ചമാണ് കൂടുതലും ഉപയോഗിച്ചിരിക്കുന്നത്. ഇത് ഉയര്‍ന്ന സംസ്‌കാരവും ഉയര്‍ന്ന നിലവാരത്തെയും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളെയും സൂചിപ്പിക്കുന്നു. കാരണം കപ്പലിലെ ധനികരായിട്ടുള്ള ആളുകള്‍ വസിക്കുന്നത് അവിടെയാണ്.

അതോടൊപ്പം താഴ്ന്ന് നിലയിലെക്ക് എത്തുമ്പോള്‍ വലിയ തെളിച്ചമില്ലാത്ത മങ്ങിയ വെളിച്ചമാണുള്ളത്. ഇത് ലോവര്‍ ക്ലാസില്‍പ്പെട്ട ആളുകളുടെയും പ്രതിനിധികരിക്കുന്നു. കപ്പലിലെ ജോലി സ്ഥലങ്ങളില്‍ ലോവര്‍ കീ ലൈറ്റിംഗാണ് ചെയ്തത് ഇത് സമൂഹത്തിലെ ഏറ്റവും താഴ്ന്ന വിഭാഗത്തെയും സൂചിപ്പിക്കുന്നു. ഇത്തരത്തിലായിരുന്നു സിനിമയുടെ ലൈറ്റിംഗ് സെറ്റ് ചെയ്തത്. അത് കൊണ്ട് തന്നെ തിരക്കഥയിലെ പണക്കാരും പാവപ്പെട്ടവനും തമ്മിലുള്ള അന്തരത്തെ സ്‌ക്രിനിലെത്തിക്കാന്‍ കഴിഞ്ഞു. തന്റെ മനസിലുള്ള സിനിമയുടെ പൂര്‍ത്തികരണത്തിനായി ഏറ്റവും മികച്ച് ക്യാമറകളാണ് കാമറൂണ്‍ ഉപയോഗിച്ചത്. സിനിമ പൂര്‍ണമായും ഷൂട്ട് ചെയ്തത് പാനാവിഷന്റെ പാനാഫ്‌ളക്‌സ് പ്ലാറ്റിനം, ആരി ഫ്‌ളക്‌സ് 35 ത്രീ എന്നി ക്യാമറയിലാണ് ചിത്രീകരിച്ചത്. സിനിമ മുഴുവനായും 3 മണിക്കൂര്‍ 14 മിനിറ്റാണുള്ളത്.

പ്രോഡക്ഷന്‍ ഡിസൈന്‍

ടൈറ്റാനിക്ക് സിനിമ നിലനില്‍ക്കുന്നത് തന്നെ അത്യുജ്ജലം എന്ന് പറയാവുന്ന പ്രോഡക്ഷന്‍ ഡിസൈനിംഗ് കൊണ്ടാണ്. ചരിത്രത്തില്‍ അത്രത്തോളം ഇടം പിടിച്ച ഒരു കപ്പലിനെ ചരിത്ര പരമായ വസ്തുതകള്‍ ഒട്ടും തന്നെ ചോര്‍ന്ന് പോകാത്ത രീതിയില്‍ അവതരിപ്പിക്കേണ്ടതുണ്ട്. അത് കൊണ്ട് തന്നെ കപ്പലിന്റെ മുക്കും മൂലയുമെല്ലാം വളരെ പെര്‍ഫക്ഷനോട് കൂടി തന്നെ പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമെ പൂര്‍ണത കൈവരു. അങ്ങനെ സിനിമയുടെ പ്രോഡക്ഷന്‍ ഡിസൈനാി പീറ്റര്‍ ലാമൊന്റ്‌റിനെ കാമറൂണ്‍ നിയമിച്ചു. പീറ്ററിന്റെ അവശ്യ പ്രകാരമാണ് യഥാര്‍ത്ഥ കപ്പലിന്റെ രൂപ രേഖ കാണാന്‍ ടീം അംഗങ്ങള്‍ തയാറായത്.

അതിനായി സിനിമയുടെ പ്രോഡക്ഷന്‍ ഡിസൈനിംഗിനായി ടൈറ്റാനിക്ക് കപ്പല്‍ നിര്‍മ്മിച്ച കമ്പനിയായ ഹാര്‍ലാന്‍ഡ് വൂള്‍ഫ് തങ്ങളുടെ സ്വകാര്യ ആര്‍കൈവുകള്‍ അണിയറ പ്രവര്‍ത്തകര്‍ക്കായി തുറന്ന് കൊടുത്തു. ഇതോടൊപ്പം നഷ്ടപ്പെട്ടു എന്ന് കരുതിയിരുന്ന ബ്ലൂ പ്രിന്റുകളുടെ കോപ്പിയും അവര്‍ പങ്കു വച്ചു. സിനിമയുടെ ആര്‍ട്ട് കൈകാര്യം ചെയ്തത് മാര്‍ട്ടിന്‍ ലെയിങ്, ചാള്‍സ് ലീ എന്നിവര്‍ ചേര്‍ന്നാണ്. സെറ്റ് ഡെക്കറേഷന്‍ മൈക്കല്‍ ഫോര്‍ഡും ചേര്‍ന്നാണ് നിര്‍വഹിച്ചത്.പിന്നീട് കപ്പലിനായി മെക്‌സിക്കോയിലെ ബാജ സ്റ്റുഡിയോയിലാണ് 40 എക്കറോളം വരുന്ന വാട്ടര്‍ ഫ്രണ്ടേജോട് കൂടിയ സ്ഥലം ഏറ്റെടുത്തു. ഇവിടെ 17 ലക്ഷം ഗ്യാലന്‍ വെള്ളം ഉള്‍ക്കൊള്ളുന്ന വലിയ ഒരു വാട്ടര്‍ പൂള്‍ നിര്‍മ്മിച്ചെടുത്തു.

ഇതിനുള്ളിലാണ് ടൈറ്റാനിക്ക് കപ്പലിന്റെ സെറ്റ് ഒരുക്കിയത്. ഇതൊടൊപ്പം അറ്റ്‌ലാറ്റിക്ക് സമുദ്രം, ബാജ കാലിഫോര്‍ണിയ, ലോസ് ഏഞ്ചലസ്, കാലിഫോര്‍ണിയ, വാന്‍കൂവര്‍, ഹാലിഫാക്‌സ്, നോവ സ്‌കോട്ടിയ എന്നിവടങ്ങളിലും സിനിമ ചിത്രീകരിച്ചു. കമ്പനി നല്‍കിയ ബ്ലൂ പ്രിറ്റുകളുടെയും ഫോട്ടോഗ്രാഫുകളെയും റഫറന്‍സ് ചെയ്തു കൊണ്ട് കൃത്യമായ രീതിയിലാണ് സിനിമയ്ക്കായി ടൈറ്റാനിക്ക് കപ്പല്‍ പുനര്‍ നിര്‍മ്മിച്ചത്. കപ്പല്‍ ടാങ്കില്‍ ഉറപ്പിക്കുന്നതിനായി ഫോര്‍വേഡ് വെല്‍ ഡെക്ക് നിര്‍മ്മിച്ചു. ബാക്കി ഭാഗങ്ങള്‍ ഡിജിറ്റല്‍ മോഡലുകള്‍ കൊണ്ട് നിര്‍മ്മിച്ചു. ഇതോടെ യഥാര്‍ത്ഥ കപ്പലില്‍ ഉണ്ടായിരുന്ന ലൈഫ് ബോട്ടുകളും ഫണലുകളും പത്ത് ശതമാനമായി ചുരുങ്ങി.

ബോട്ട് ഡെക്കും എ-ഡെക്കും വര്‍ക്കിംഗ് സെറ്റുകളായിരുന്നു. എന്നാല്‍ കപ്പലിന്റെ ബാക്കി ഭാഗം സ്റ്റീല്‍ പ്ലേറ്റിംഗ് കൊണ്ടാണ് നിര്‍മ്മിച്ചത്. കപ്പല്‍ മുങ്ങുന്ന സീക്വന്‍സുകളില്‍ കപ്പലിന് ചെരിയാന്‍ 50 അടി ഉയരമുള്ള ഒരു പ്ലാറ്റ്ഫോം നിര്‍മ്മിച്ചു. ടൈറ്റാനിക്കിന്റെ സഹോദര കപ്പലായ ആര്‍എംഎസ് ഒളിമ്പിക്സിന്റെ പ്ലാന്‍ ഉപയോഗിച്ച് നാവിക വാസ്തു ശില്പിയായ ജെയ് കണ്ടോളയാണ് സ്‌റ്റേണ്‍ വിഭാഗത്തില്‍ 60 അടി ഉയരമുള്ള സ്‌കെയില്‍ മോഡല്‍ രൂപ കല്‍പ്പന ചെയ്തത്. മോഡലിന് മുകളില്‍ 180 മീറ്റര്‍ ഉയരത്തില്‍ ട്രാക്കും, അതില്‍ 49 മീറ്റര്‍ ഉയരമുള്ള ഒരു ക്രെയിന്‍ ടവറും സ്ഥാപിച്ചിരുന്നു. സിനിമയിലെ അതീവ പ്രാധാന്യമുള്ള ഭാഗമാണ് ഗ്രാന്‍ഡ് സ്റ്റെയര്‍ കേസ്. അത് കൊണ്ട് തന്നെ യഥാര്‍ത്ഥ കപ്പലിലുള്ള സ്റ്റെയര്‍ കേസിനെക്കാള്‍ 30% ത്തോളം വീതി കൂട്ടിയാണ് സിനിമയിലെ സ്‌റ്റെയര്‍ കേസുകള്‍ നിര്‍മ്മിച്ചത്.

ഈ സ്‌റ്റെയര്‍ കേസുകള്‍ സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചതെങ്കിലും അവയുടെ മുകളില്‍ ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്ത് അത്യാഡംബര പൂര്‍ണമായ ഒന്നാക്കി മാറ്റി. മെക്‌സിക്കോ, ബ്രിട്ടന്‍, എന്നിവടങ്ങളില്‍ നിന്നുള്ള കര കൗശല വിദഗ്ദരാണ് ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്തത്. യഥാര്‍ത്ഥ ഡിസൈനുകളെ അടിസ്ഥാനമാക്കിയാണ് പാനലിംഗും പ്ലാസ്റ്റര്‍ വര്‍ക്കുകളും ചെയ്തത്. ഇതോടൊപ്പം കാര്‍പെറ്റിംഗ്, അപ്ഹോള്‍സ്റ്ററി, ഫര്‍ണിച്ചറുകള്‍, ലൈറ്റ് ഫിക്ചറുകള്‍, കസേരകള്‍, കട്ട്ലറികള്‍, വൈറ്റ് സ്റ്റാര്‍ ലൈന്‍ ചിഹ്നമുള്ള കപ്പുകള്‍, സോസറുകള്‍, അഷ്ട്രെ, വെള്ളി കപ്പുകള്‍, എന്നിവയെല്ലാം യഥാര്‍ത്ഥ ഡിസൈനുകള്‍ക്കനുസരിച്ച് പുനര്‍നിര്‍മ്മിച്ചതാണ്. ഇതോടൊപ്പം തന്നെ ഇവയുടെ ചരിത്ര പരമായ കൃത്യതകള്‍ ഉറപ്പ് വരുത്തുന്നതിനായി കാമറൂണ്‍ ചരിത്രകാരന്‍മാരായ ഡോണ്‍ ലിഞ്ച് , കെന്‍ മാര്‍ഷല്‍ എന്നിവരെയും നിയമിച്ചിരുന്നു. അങ്ങനെ ചരിത്ര പരമായ കൃത്യതകള്‍ ഉറപ്പ് വരുത്തിയാണ് സിനിമയുടെ പോസ്റ്റ് പ്രോഡക്ഷന്‍ ജോലികളും ആര്‍ട്ട് വര്‍ക്കുകളും ടൈറ്റാനിക്ക് ടീം പൂര്‍ത്തിയാക്കിയത്.

സമുദ്രത്തിന്റെ ഹൃദയം

സിനിമയിലെ ഏറ്റവും പ്രാധാന്യമേറിയ പ്രോപ്പട്ടികളിലൊന്നാണ് ഹാര്‍ട്ടി ഓഫ് ദി ഓഷ്യന്‍ എന്ന പേരിലെ ഇന്ദ്രനീല ഡയമണ്ട്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജ്വല്ലറികളായ ആസ്‌പ്രേ & ഗാരാര്‍ഡാണ് ഈ ആഭരണം സിനിമയ്ക്കായി നിര്‍മ്മിച്ചത്. അഡ്വേര്‍ഡിയന്‍ ശൈലിയിലുള്ള നെക്ലേസ് വെള്ളിയില്‍ ഘടിപ്പിച്ച സിര്‍ക്കോണിയകളാണ് ഉപയോഗിച്ചത്.സിനിമയ്ക്കായി മൂന്ന് വ്യത്യ്‌സ്ത തരം ആഭരണങ്ങളാണ് നിര്‍മ്മിച്ചത്. ഇവയ്ക്ക് എല്ലാം വളരെ സാമ്യമുണ്ടായിരുന്നെങ്കിലും അവയില്‍ രണ്ടെണം മാത്രമാണ് ഉപയോഗിച്ചത്. മൂന്നാമത്തെത് ഉപയോഗിച്ചതെ ഇല്ല.

ഈ നെക്ലേസുകള്‍ പീറ്റര്‍മാന്‍ നെക്ലേസ്, ആസ് പ്രേ നെക്ലേസ് എന്നിങ്ങനെയാണ് അറിയപ്പെടുന്നത്. എന്നാല്‍ സിനിമ വലിയ ഹിറ്റായതോടെ സിനിമയ്ക്കായി ഉണ്ടാക്കിയ ഡിസൈന്‍ ഉപയോഗിച്ച് യഥാര്‍ത്ഥ ഡയമണ്ട് ഉപയോഗിച്ച് ഒരു ഹാര്‍ട്ട് ഓഫ് ദി ഓഷ്യന്‍ നെക്ലേസ് നിര്‍മ്മിക്കാന്‍ ജ്വല്ലറി തീരുമാനിച്ചു. അങ്ങനെ 103 വജ്രങ്ങളാല്‍ ചുറ്റപ്പെട്ട 171 കാരറ്റ് ഇന്ദ്രനീല ഡയമണ്ട് നെക്ലേസ് നിര്‍മ്മിച്ചു. ഈ നെക്ലേസില്‍ വൃത്താകൃതിയിലുള്ള പിയര്‍, മാര്‍ക്വിസ് കട്ട് വൈറ്റ് ഡയമണ്ട് എന്നിവയുടെ മിശ്രിതവുമുണ്ടായിരുന്നു. പിന്നിട് ഈ നെക്ലേസ് ലേലം ചെയ്യുകയായിരുന്നു. പേര് വിവരങ്ങള്‍ വെളിപ്പെടുത്താത ജ്വല്ലറിയുടെ ഒരു ക്ലയന്റ് തന്നെയാണ് 1.4 മില്യണ്‍ ഡോളറിന് നെക്ലേസ് വാങ്ങിയത്. പിന്നിടൊരിക്കലും ഈ ഡയമണ്ട് ആരും കണ്ടിട്ടില്ല.

ഇഫക്റ്റുകള്‍

എല്ലാ കാലത്തും ടെക്‌നോളജിയുടെ അതിര്‍ വരമ്പുകള്‍ ഭേദിക്കാന്‍ വലിയ ആവേശമുള്ള സംവിധായകനാണ് ജയിംസ് കാമറൂണ്‍. അത് കൊണ്ട് തന്നെ തന്റെ സ്വപ്‌ന പദ്ധതിയിലും സ്‌പെഷ്യല്‍ ഇഫ്ക്ടുകളുടെ അതിരുകള്‍ മറികടക്കാന്‍ ആഗ്രഹിച്ചു. ഇതോടൊപ്പം ഡിജിറ്റല്‍ ഡൊമെയ്ന്‍, പസഫിക് ഡാറ്റ ഇമേജുകള്‍ എന്നിവ ഉപയോഗിച്ചു. ഇതോടൊപ്പം ധാരാളം മിനിയേച്ചര്‍ രൂപങ്ങളും സിനിമയ്ക്കായി ഉണ്ടാക്കിയിരുന്നു. ഇതോടൊപ്പം 20 മീറ്റര്‍ നീളമുള്ള കപ്പലിന്റെ അമരത്തിന്റെ രണ്ട് മിനിയേച്ചറുകളും നിര്‍മ്മിച്ചിരുന്നു. കപ്പല്‍ തകരുന്ന സീനുകള്‍ ഈ മിനിയേച്ചറിലാണ് ചെയ്തത്. ഇതോടൊപ്പം കപ്പലിന്റെ വലിപ്പം കൂടിയ എന്‍ജിനുകള്‍ ചിത്രീകരിച്ചുതും മിനിയേച്ചറിലായിരുന്നു.

എന്‍ജിന്‍ റൂമില്‍ പണിയേടുക്കുന്ന അഭിനേതാക്കളെ ഒരു ഗ്രീന്‍ റൂമില്‍ വച്ച് ചിത്രീകരിച്ച ശേഷം ഇവ രണ്ടും ഒരെ ഫ്രെയിമിനുള്ളില്‍ കൂട്ടിയോജിപ്പിക്കുകയായിരുന്നു. മുറികള്‍ വെള്ളം ഇരച്ചു കയറി തകരുന്നത് ഷൂട്ട് ചെയ്തത് ലോഞ്ചിന്റെ മിനിയേച്ചര്‍ രൂപം ഉണ്ടാക്കുകയും അത് തകര്‍ക്കുകയും ചെയ്തു കൊണ്ടാണ് അത് ഷൂട്ട് ചെയ്തത്. തണുത്തുറഞ്ഞ അറ്റലാന്റിക് സമുദ്രത്തില്‍ മുങ്ങി മരിക്കുന്നതിന് ശേഷമുള്ള രംഗങ്ങള്‍ ചിത്രീകരിച്ച 13 ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്ന ടാങ്കിലാണ്. ആളുകള്‍ തണുത്തുറഞ്ഞ് മരിച്ചു കിടക്കുന്ന ഷോട്ടുകളില്‍ വെള്ളത്തില്‍ സമ്പര്‍ക്കമുണ്ടാകുമ്പോള്‍ സ്ഫടികമാകുന്ന ഒരു തരം പൊടി അഭിനേതാക്കളുടെ ദേഹത്ത് പുരട്ടി.

പിന്നിട് വസ്ത്രങ്ങളിലും മുടിയിലും മെഴുക് പുരട്ടിയാണ് തണുത്ത തുറഞ്ഞ ആ ഷോട്ടുകള്‍ക്ക് വിഷ്വല്‍ ഇഫക്ട്‌സ് നല്‍കിയത്. കപ്പല്‍ അവസാനമായി മുങ്ങുന്നതും വെള്ളത്തിലേക്ക് മുങ്ങിത്താഴുന്നതും ചിത്രീകരിക്കാനായി ഒരു ടില്‍റ്റിംഗ് ഫുള്‍ സൈസ് സെറ്റും 150 എക്‌സ്ട്രാകളും 100 സ്റ്റണ്ട് പെര്‍ഫോമേഴിനെയും ഉപയോഗിച്ചു. ഇതോടൊപ്പം കപ്പലിന്റെ പിന്‍ഭാഗം ഉയരുമ്പോള്‍ ചരിഞ്ഞ ഡെക്കില്‍ നിന്നും ആളുകള്‍ താഴെക്ക് വീഴുന്ന ഷോട്ടുകളില്‍ എതാണ്ട് 100 അടി ഉയരത്തില്‍ നിന്നുമാണ് ആളുകള്‍ വെള്ളത്തിലേക്ക് ചാടിയത്.

ഇങ്ങനെ വീഴുമ്പോള്‍ ആളുകള്‍ കപ്പലിന്റെ പ്രോപ്പല്ലര്‍ പോലെയുള്ള ഭാഗങ്ങളില്‍ അടിച്ചു വീഴുന്ന ഷോട്ടുകള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്റ്റണ്ട് പെര്‍ഫോമെഴ്‌സിന് പരിക്കുകള്‍ ഏറ്റിരുന്നു. ഇതോടെ കൂടുതല്‍ അപകടകരമായ സ്റ്റണ്ടുകള്‍ വേണ്ടന്ന് വയ്ക്കുകയായിരുന്നു. മാത്രമല്ല ഇഫ്ക്ടുകള്‍ സൃഷ്ടിക്കുന്നതിനായി ലിനക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചത്.

റിലീസ്

1997 ജൂലെ 2 ന് സിനിമ പൂര്‍ത്തിയാകുമെന്നാണ് വിതരണ കമ്പനികളായ പാരാമൗണ്ട് പിക്‌ചേഴും 20 th സെഞ്ച്വറി ഫോക്‌സും പ്രതീക്ഷിച്ചത്. കാരണം ആ സമയമാണ് സിനിമകളുടെ സീസണ്‍. വേനല്‍ക്കാലമായാല്‍ കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റു പോകുമെന്നതിനാലാണ് അത്തരമൊരു രീതിയില്‍ കമ്പനികള്‍ പ്രതീക്ഷ പുലര്‍ത്തിയത്. എന്നാല്‍ ഏപ്രില്‍ മാസത്തോടെ ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഇഫക്ടുകള്‍ വളരെ സങ്കീര്‍ണമാണെന്നും അത് കൊണ്ട് തന്നെ ആ സമയത്ത് ചിത്രം റിലീസ് ചെയ്യുന്നത് സാധ്യമല്ലന്നും കാമറൂണ്‍ പറഞ്ഞു. എന്നാല്‍ ജൂലൈ ആവസാനമോ ആഗസ്റ്റ് ആദ്യമോ ചിത്രം റിലീസ് ചെയ്യാമെന്ന് തീരുമാനിച്ചു.

എന്നാല്‍ പാരാമൗണ്ട് പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ഇന്ത്യാന ജോണ്‍സ് എന്ന വിഖ്യാത സിനിമയിലെ നായകനായ ഹാരിസണ്‍ ഫോര്‍ഡ് ജൂലൈ 25 ന് തന്റെ എയര്‍ഫോഴ്‌സ് വണ്‍ എന്ന ചിത്രം റിലീസ് ചെയ്യുമെന്നും ആ സമയത്ത് ടൈറ്റാനിക്ക് റിലീസ് ചെയ്താല്‍ ഇനി ഒരിക്കലും പാരൗമൗണ്ടുമായി സഹകരിക്കില്ല എന്നും അറിയിച്ചതോടെ സിനിമയുടെ റിലീസ് ഡിസംബര്‍ 19 ലേക്ക് മാറ്റി.ഇതോടെ ടൈറ്റാനിക്ക് കപ്പലിനെപ്പോലെ സിനിമയും ഒരു ദുരന്തമായി മാറി എന്ന് ഊഹാപോഹങ്ങളും പ്രചരിച്ചു. എന്നാല്‍ ജൂലൈ 14 ന് നടത്തിയ പ്രിവ്യൂ സ്‌ക്രീനിംഗില്‍ സിനിമയെക്കുറിച്ചുള്ള പോസിറ്റീവായുള്ള പ്രതികരണങ്ങള്‍ വന്നു.

ഇതോടൊ സിനിമയെക്കുറിച്ചുള്ള നല്ല വാര്‍ത്തകളും മാധ്യമ കവറേജും കിട്ടി. പിന്നിട് 1997 നവംബര്‍ 1 ന് ടോക്കിയോ ഇന്റര്‍നാഷണല്‍ ഫെസിറ്റിവലില്‍ സിനിമയുടെ പ്രീമിയര്‍ ഷോ നടത്തുകയും ചെയ്തതോടെ വീണ്ടും ടൈറ്റാനിക്ക് വാര്‍ത്തകളില്‍ ഇടം പിടിച്ചു. അതിന് ശേഷം 1997 ഡിസംബര്‍ 14 ന് ചിത്രം റിലീസ് ചെയ്തതോടെ പിന്നിടങ്ങോട്ട് തിയേറ്ററുകളില്‍ ടൈറ്റാനിക്കിന്റെ തേരോട്ടമായിരുന്നു. ഏതാണ്ട് 10 മാസത്തോളമാണ് സിനിമ നോര്‍ത്ത് അമേരിക്കയിലുടനീളം തീയേറ്ററുകളില്‍ നിറഞ്ഞോടിയത്. പത്ത് മാസം നീണ്ട് നിന്ന അതിഗംഭീര പ്രദര്‍ശനത്തിന് ശേഷം 1998 ഓക്ടോബര്‍ 1 വ്യാഴാഴ്ചയോടെ സിനിമ ഓട്ടം അവസാനിപ്പിച്ചു. അപ്പോഴെക്കും 200 മില്യണ്‍ ഡോളര്‍ ചിലവഴിച്ചു നിര്‍മ്മിച്ച ചിത്രം ലോകമെമ്പാടും 659 മില്യണ്‍ ഡോളര്‍ നേടിയിരുന്നു.

2010 ല്‍ ജയിംസ് കാമറൂണിന്റെ തന്നെ ചിത്രമായ അവതാര്‍ ഇറങ്ങുന്നത് വരെ ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം ടൈറ്റാനിക്ക് തന്നെയായിരുന്നു. 12 വര്‍ഷത്തോളമാണ് ടൈറ്റാനിക്ക് ഈ ഖ്യാതി സ്വന്തമാക്കിയത്. എന്നാല്‍ അവതാര്‍ ഈ നേട്ടം മറികടന്ന് പോലും റഷ്യ, ചൈന അടക്കമുള്ള വലിയ വിപണിയുള്ള രാജ്യങ്ങളിലെ വലിയ തോതിലുള്ള പ്രദര്‍ശനം ഒന്ന് കൊണ്ട് മാത്രമായിരുന്നു. മാത്രമല്ല ടൈറ്റാനിക്ക് റിലീസ് ചെയ്യുമ്പോഴുള്ള വര്‍ഷത്തെ ടിക്കറ്റ് നിരക്ക് 2010 ല്‍ അവതാര്‍ റിലീസ് ചെയ്യുമ്പോഴുള്ള ടിക്കറ്റ് നിരക്കിനെക്കാള്‍ 30 ശതമാനം കുറവായിരുന്നതും അവതാറിന് ഈ നേട്ടം സ്വന്തമാക്കാന്‍ കഴിഞ്ഞു.

റീ മാസ്റ്റര്‍

തിയേറ്ററുകള്‍ നിറഞ്ഞ് ഓടിയെങ്കിലും ടൈറ്റാനിക്കിനുള്ള അരാധകര്‍ക്ക് ഇപ്പോഴും കുറവൊന്നുമില്ല. അത് കൊണ്ട് തന്നെ 2012 ല്‍ സിനിമ 4കെ റെസല്യൂഷനിലേക്കും 3ഡി സ്റ്റീരിയോ സ്‌കോപ്പിക് ഫോര്‍മാറ്റിലേക്കും റീ മാസ്റ്റര്‍ ചെയ്തു. എതാണ്ട് 60 ആഴ്ചകളോളം സമയമെടുത്ത് 18 മില്യണ്‍ ഡോളര്‍ ചിലവഴിച്ചാണ് റീ മാസ്റ്ററിംഗ് പൂര്‍ത്തിയാക്കിയത്. 2ഡി,3ഡി, 2ഡി ഐമാക്‌സ പതിപ്പുകളിലാണ് സിനിമ റീ മാസ്റ്റര്‍ ചെയ്തത്. പിന്നിട് 2023 ല്‍ സിനിമയുടെ 25 വാര്‍ഷികത്തിലും സിനിമ ഉയര്‍ന്ന ഫ്രെയിം റേറ്റില്‍ വീണ്ടും റീ മാസ്റ്റര്‍ ചെയ്തു പുറത്തിറക്കിയിരുന്നു. അങ്ങനെ ലോകം കണ്ട ഒരു ദുരന്തത്തെ അതിന്റെ എല്ലാം എസ്സന്‍സും ചോരാതെ പ്രണയത്തിന്റെ അകമ്പടിയോടെ ജയിംസ് കാമറൂണെന്ന ലോക സിനിമയിലെ അതികായകനായ സംവിധായകന്‍ സ്‌ക്രീനിലേക്ക് പകര്‍ത്തിയപ്പോള്‍ ലോകം ഇന്നെ വരെ കാണാത്ത തരത്തിലുള്ള സിനിമ അനുഭവമാണ് സിനിമയെ ഇഷ്ടപ്പെടുന്ന പ്രക്ഷകര്‍ക്ക് ലഭിച്ചത്.