പിഴവിന്റെ പേരിലുള്ള ഇന്നിംഗ്‌സുമായി ഇന്നും ഗവാസ്‌കര്‍

    ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച ആദ്യ ബാറ്ററാണ് ഇന്ത്യന്‍താരം സുനില്‍ ഗവാസ്‌കര്‍.....ക്രിക്കറ്റിലെ ഇഹിഹാസങ്ങളില്‍ ഒരാളായിട്ടാണ് മുംബൈയില്‍നിന്നുള്ള 73 കാരനായ ഗവാസ്‌കര്‍ കണക്കാക്കപ്പെടുന്നത്.....

ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സ് തികച്ച ആദ്യ ബാറ്ററാണ് ഇന്ത്യന്‍താരം സുനില്‍ ഗവാസ്‌കര്‍. ക്രിക്കറ്റിലെ ഇഹിഹാസങ്ങളില്‍ ഒരാളായിട്ടാണ് മുംബൈയില്‍നിന്നുള്ള 73 കാരനായ ഗവാസ്‌കര്‍ കണക്കാക്കപ്പെടുന്നത്.ഏകദിനത്തില്‍ 108 മത്സരങ്ങളിലായി അദ്ദേഹം 3,092 റണ്‍സ് നേടി. 35.13 ശരാശരിയില്‍ ഒരു സെഞ്ചുറിയും 27 അര്‍ധ സെഞ്ചുറിയും ഇതില്‍ പെടും.എന്നാല്‍ 48 വര്‍ഷം മുന്‍പ് അദ്ദേഹം കാണിച്ച പിഴവിന്റെ പേരിലുള്ള ഇന്നിംഗ്‌സാണ് കൂടുതല്‍ ഓര്‍മിക്കപ്പെടുന്നത്.ആദ്യ ലോകകപ്പ് നടന്ന 1975ല്‍ ഇംഗ്ലണ്ടിനെതിരായ മത്സരമായിരുന്നു അത്.മത്സരത്തില്‍ 174 പന്തുകള്‍ നേരിട്ട ഗവാസ്‌കര്‍ വെറും 34 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. പ്രത്യേകിച്ച് 300ന് മുകളിലുള്ള ലക്ഷ്യം പിന്തുടരുമ്പോള്‍ ഏകദിനത്തില്‍ ഒരു ബാറ്ററും പിന്തുടരാന്‍ പാടില്ലാത്ത ശൈലിയായിരുന്നു അന്ന് അദ്ദേഹം സ്വീകരിച്ചത്.മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു.

ഒപ്പണിംഗ് ബാറ്റര്‍ ഡെന്നിസ് അമിസ് 137 പന്തില്‍ 147 റണ്‍സ് സ്‌കോര്‍ ചെയ്തതോടെ ഇംഗ്ലീഷ് പടയുടെ സ്‌കോര്‍ 60 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 334 ലെത്തി.കീത്ത് ഫ്‌ലച്ചറും ക്രിസ് ഓര്‍ഡും ഇംഗ്ലിണ്ടിനായി അര്‍ധശതകം നേടി. റണ്‍മല കയറേണ്ടതിനാല്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ബാറ്റുകളില്‍നിന്ന് റണ്ണുകള്‍ പ്രവഹിക്കുമെന്നാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ തുടക്കം മുതല്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിച്ചത്. അവസാനംവരെ ഗവാസ്‌കര്‍ പുറത്താകാതെ നിന്നു. കളി അവസാനിക്കുമ്പോള്‍ 60 ഓവറില്‍ 132ന് 3 എന്ന നിലയിലായിരുന്നു ഇന്ത്യ. 202 റണ്‍സിന്റെ കൂറ്റന്‍ തോല്‍വിയാണ് ആ മത്സരത്തില്‍ ഇന്ത്യ വഴങ്ങിയത്. വെറും 20.68 സ്‌ട്രൈക്ക് റേറ്റില്‍ 34 റണ്‍സ് മാത്രം നേടിയ ഗവാസ്‌കറിന്റെ ഇന്നിംഗ്‌സ പിന്നീട് ഏറെ വിമര്‍ശനം ഏറ്റുവാങ്ങി.

ഈ ഇന്നിംഗ്‌സിന്റെ പഴി അടുത്ത മത്സരത്തിലും ഗവാസ്‌കറെ പിന്തുടര്‍ന്നു. ഈസ്റ്റ് ആഫ്രിക്കയുമായിട്ടായിരുന്നു ഇന്ത്യയുടെ അടുത്ത മത്സരം. കളിയില്‍ ഈസ്റ്റ് ആഫ്രിക്ക 120 റണ്‍സിന് ഓള്‍ ഔട്ടായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 123 റണ്‍സ് കുറിച്ചു. സുനില്‍ ഗവാസ്‌കര്‍, ഫറോക് എന്‍ജിനിയര്‍ എന്നിവര്‍ പുറത്താകാതെ നിന്നു. എന്നാല്‍ 65 റണ്‍സ് നേടിയ ഗവാസ്‌കറല്ല, മറിച്ച് 54 റണ്‍സ് നേടിയ എന്‍ജിനിയറാണ് കളിയിലെ താരമായത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഗവാസ്‌കര്‍ സ്വീകരച്ച മെല്ലപ്പോക്കാണ് ഈ മത്സരത്തില്‍ അദ്ദേഹത്തെ മാന്‍ ഓഫ് ദി മാച്ചിന് പരിഗണിക്കാതിരുന്നതെന്ന വിശദീകരണവും പിന്നിടുവന്നു.എന്നാല്‍ ആദ്യ ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയതും ഗവാസ്‌കറാണ്. 113 ശരാശരിയില്‍ 113 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 65 നോട്ടൗട്ട്.