506.14 കോടിയുടെ കേന്ദ്രഫണ്ട്; സംസ്ഥാനത്തെ 403.25 കിലോമീറ്റർ റോഡ്‌ ഉടൻ നന്നാക്കും

പാലക്കാട്: സംസ്ഥാനത്തെ 30 പ്രധാനപാതകളുടെ സമഗ്രനവീകരണത്തിന് നടപടി തുടങ്ങി. കേന്ദ്ര ഉപരിതലഗതാഗതമന്ത്രാലയം സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ‍(ക്രിഫ്)നിന്ന് അനുവദിച്ച 506.14 കോടി രൂപയുപയോഗിച്ചാണ് നവീകരണ, നിർമാണ ജോലികൾ പൂർത്തിയാക്കുക. പാലക്കാട്, കൊല്ലം, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലെ റോഡുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

രണ്ടുവർഷത്തിനുള്ളിൽ നിർമാണപ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു വ്യക്തമാക്കി.

നിലവിലെ നിരക്കിൽനിന്ന് 10 ശതമാനം അധികതുക നിശ്ചയിക്കാനും അനുമതി നൽകിയിട്ടുണ്ട്.

ഏഴു റോഡുകൾ നവീകരിക്കുന്ന വയനാട് ജില്ലയാണ് പട്ടികയിൽ മുന്നിൽ. കോഴിക്കോട്, മലപ്പുറം, എറണാകുളം ജില്ലകളിൽ നാല് റോഡുകൾ വീതം നവീകരിക്കും. ഇടുക്കി, പത്തനംതിട്ട, കാസർകോട് ജില്ലകളിൽ ഓരോ റോഡിന്‌ വീതം അനുമതിയുണ്ട്. പാലക്കാട്ട്, കല്ലടിക്കോട്-പുലാപ്പറ്റ-ശ്രീകൃഷ്ണപുരം 15 കിലോമീറ്റർ റോഡ് 18 കോടി ചെലവഴിച്ച് പൂർത്തിയാക്കും. നെന്മാറ-ഒലിപ്പാറ റോഡിൽ 11.8 കിലോമീറ്റർ 16.5 കോടിയ്ക്കാണ് നവീകരിക്കുക.

പെട്രോൾ, ഹൈസ്പീഡ് ഡീസൽ എന്നിവയ്ക്ക് സെസ് ചുമത്തിയാണ് കേന്ദ്രസർക്കാർ ‘ക്രിഫ്’ ഫണ്ട് സ്വരൂപിക്കുന്നത്.

മറ്റു ജില്ലകളിലെ നവീകരിക്കുന്ന റോഡുകൾ

(ബ്രാക്കറ്റിൽ കിലോമീറ്റർ/തുക കോടിയിൽ)

കോഴിക്കോട്: ചെറുവണ്ണൂർ-ചന്ദനക്കടവ് റോഡ് (10/12.35), കൂമുള്ളി-കോക്കല്ലൂർ റോഡ് (10/14.72), ഓമശ്ശേരി-പള്ളിപ്പടി റോഡ് (12/15), കുറ്റ്യാടി-കൈപ്പറംകടവ് (10/16)
വയനാട്: ചെന്നലോ‍ട്-ഊട്ടുപാറ (12/15), വെള്ളമുണ്ട-പടിഞ്ഞാറേത്തറ (12/15), കാവുമന്ദം-ബാങ്കുന്ന് (12/15), മുള്ളൻകൊല്ലി-പെരിക്കല്ലൂർ (13.4/15), പനമരം-വെള്ളിയമ്പം (11.2/15), ബേഗൂർ-തിരുനെല്ലി (10/12), സുൽത്താൻ ബത്തേരി-പഴുവത്തൂർ (14.1/18)
മലപ്പുറം: തൃക്കണ്ണാപുരം-നരിപ്പറമ്പ (20/20), തൂത-വെട്ടത്തൂർ (17.8/15), വണ്ടൂർ-കാളികാവ് (12/12), പെരകമണ്ണ-കാരപ്പറമ്പ (14/13)
എറണാകുളം: ഒലിപ്പുറം-തൃപ്പനാകുളം (17/20), കാലടി-മലയാറ്റൂർ (18.2/22.75), ദേശം-വള്ളംകടവ് (14.5/17), തൃക്കാരിയൂർ-വട്ടമ്പാറ (12/16)
കാസർകോട്: ഒടയഞ്ചാൽ-ചെറുപുഴ (10/10)
കണ്ണൂർ: പൊന്നുരുക്കിപ്പാറ-മടത്താട്ട് (12.35/19.9), ആറാംമൈൽ-അരത്തിക്കടവ് (17.2/26.4)
പത്തനംതിട്ട: ആറന്മുള-എലുവംതിട്ട (10/15)
കൊല്ലം: ഓച്ചിറ-കരുനാഗപ്പിള്ളി (13/22.5), പാരിപ്പള്ളി-ചാത്തന്നൂർ (20/22.5).
തിരുവനന്തപുരം: മുടവൂർപ്പാറ-നരുവംമൂട് (10.6/8.62), ബാലരാമപുരം-കട്ടച്ചാൽക്കുഴി (27.4/29.2)
ഇടുക്കി: നെടുങ്കണ്ടം-മേലേ ചിന്നാർ റിവർ വാലി (13.7/19)