240 കിലോമീറ്റര്‍ നീളം, അഞ്ച് ജില്ലകള്‍; വരുന്നു എം.സി. റോഡിന് സമാന്തരമായി ഗ്രീന്‍ഫീല്‍ഡ് ദേശീയപാത

തിരുവനന്തപുരം: തിരുവനന്തപുരംമുതല്‍ അങ്കമാലിവരെ എം.സി. റോഡിനു സമാന്തരമായി ദേശീയപാത അതോറിറ്റി നിര്‍മിക്കുന്ന നാലുവരി ഗ്രീന്‍ഫീല്‍ഡ് പാത തുടങ്ങുക കിളിമാനൂരിനടുത്ത് പുളിമാത്തുനിന്ന്. ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും പാതയുമായി മുന്നോട്ടുപോകാനാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.

നേരത്തെ നിര്‍ദിഷ്ട തിരുവനന്തപുരം-തെന്മല ദേശീയപാതയില്‍ അരുവിക്കരയില്‍നിന്ന് നാലുവരിപ്പാത തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, ഈ തീരുമാനം ദേശീയപാത അതോറിറ്റി കഴിഞ്ഞദിവസം മാറ്റുകയായിരുന്നു. നിര്‍ദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന തരത്തില്‍ പുളിമാത്തുനിന്നാകും ഗ്രീന്‍ഫീല്‍ഡ് പാത തുടങ്ങുക.

പുളിമാത്ത്, കല്ലറ, കടയ്ക്കല്‍, അഞ്ചല്‍, പത്തനാപുരം, കോന്നി, തണ്ണിത്തോട്, റാന്നി, മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി, ഭരണങ്ങാനം, രാമപുരം, മൂവാറ്റുപുഴ, കോതമംഗലം, കോടനാട്, മലയാറ്റൂര്‍, മഞ്ഞപ്ര, കാലടി എന്നീ സ്ഥലങ്ങള്‍ പിന്നിട്ട് അങ്കമാലിയില്‍ അവസാനിക്കും.

ഏകദേശം 240 കിലോമീറ്ററാണ് നീളം. 12 താലൂക്കുകളിലെ 79 വില്ലേജില്‍നിന്ന് ആയിരത്തിലധികം ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടിവരിക. നിലവില്‍ ഗ്രീന്‍ഫീല്‍ഡ് പാതയ്ക്ക് ഡി.പി.ആര്‍. തയ്യാറാക്കുന്ന ജോലികള്‍ തുടങ്ങിയിരുന്നു. ഭോപാല്‍ ആസ്ഥാനമായ ഹൈവേ എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്റ് സ്ഥാപനമാണ് ഡി.പി.ആര്‍. തയ്യാറാക്കുന്നത്. എം.സി. റോഡിനു സമാന്തരമായി കിഴക്കന്‍ മേഖലകളിലൂടെയാണ് പാത കടന്നുപോകുന്നത്.

നാവായിക്കുളം റിങ് റോഡ് എക്‌സ്പ്രസ് വേയാകും

നിര്‍ദിഷ്ട വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് എക്‌സ്പ്രസ് വേയായിട്ടാകും നിര്‍മിക്കുക. പാതയില്‍നിന്ന് സര്‍വീസ് റോഡിലേക്ക് ഇറങ്ങാന്‍ എട്ടുസ്ഥലത്ത് മാത്രമേ അനുവാദമുണ്ടാകൂ.

പൂര്‍ണമായും ക്രാഷ് ബാരിയര്‍ കെട്ടി രണ്ടുവശവും അടയ്ക്കും. നാലുവരിപ്പാതയാണ് നിര്‍മിക്കുക. സര്‍വീസ് റോഡിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും തീരുമാനമെടുത്തില്ലെങ്കിലും ദേശീയപാത അതോറിറ്റി ലേലം ക്ഷണിച്ചുകഴിഞ്ഞു. മാര്‍ച്ചില്‍ തന്നെ ടെന്‍ഡറുണ്ടാകും. ഓഗസ്റ്റ് മാസത്തില്‍ നിര്‍മാണം തുടങ്ങാനാണ് പദ്ധതി. എക്‌സ്പ്രസ് വേയാകുന്നതോടെ തേക്കട-മംഗലപുരം ലിങ്ക് റോഡ് ദേശീയപാത അതോറിറ്റി ഉപേക്ഷിക്കാനാണ് സാധ്യത.