സുപ്രിംകോടതിയെ ഇന്ത്യാവിരുദ്ധ ശക്തികൾ ഉപകരണമാക്കുന്നു: ആര്‍.എസ്.എസ് മുഖപത്രം

ന്യൂഡല്‍ഹി: സുപ്രിംകോടതിയെ ഇന്ത്യാവിരുദ്ധ ശക്തികൾ ഉപകരണമായി ഉപയോഗിക്കുന്നുവെന്ന് ആര്‍.എസ്.എസ് മുഖപത്രം. ബിബിസി ഡോക്യുമെന്‍ററിയിൽ കേന്ദ്രസർക്കാറിന് നോട്ടീസ് അയച്ച സുപ്രിംകോടതി നടപടിക്കെതിരെയാണ് വിമർശനം. ആര്‍.എസ്.എസ് പ്രസിദ്ധീകരണമായ പാഞ്ചജന്യയിലാണ് വിമർശനം.

ബിബിസിയിലെ ഇന്‍കം ടാക്സ് പരിശോധനക്ക് ഒരു ദിവസം മുമ്പാണ് പാഞ്ചജന്യ എഡിറ്റർ ഹിതേഷ് ശങ്കറിന്റെ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്. ഇന്ത്യക്കാർ അടയ്ക്കുന്ന നികുതിയിലാണ് സുപ്രിംകോടതി പ്രവർത്തിക്കുന്നത്. രാജ്യതാത്പര്യം സംരക്ഷിക്കുക എന്നതാണ് സുപ്രിംകോടതിയുടെ ചുമതല. ഇന്ത്യയ്‌ക്കായുള്ള നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കണമെന്നും എഡിറ്റോറിയലില്‍ പറയുന്നു.

മനുഷ്യാവകാശങ്ങളുടെ പേരിൽ തീവ്രവാദികളെ സംരക്ഷിക്കുകയും പരിസ്ഥിതിയുടെ പേരിൽ ഇന്ത്യയുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് എഡിറ്റോറിയല്‍ ആരോപിച്ചു- “ദേശവിരുദ്ധ ശക്തികള്‍ ഇന്ത്യയുടെ ജനാധിപത്യവും ലിബറലിസവും അവരുടെ അജണ്ടയ്ക്കായി ഉപയോഗിക്കുന്നു. അടുത്ത പടി ദേശവിരുദ്ധ ശക്തികള്‍ക്ക് രാജ്യത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശം ഉണ്ടെന്ന് ഉറപ്പാക്കുകയാണ്. മതപരിവർത്തനത്തിലൂടെ രാജ്യത്തെ ദുർബലപ്പെടുത്താനുള്ള അവകാശം അവര്‍ നേടിയെടുക്കുന്നു. ഇതെല്ലാം നേടിയെടുക്കാന്‍ അവര്‍ക്ക് ഇന്ത്യൻ നിയമങ്ങളുടെ സംരക്ഷണം വേണം”

തെറ്റായ കാര്യങ്ങളാണ് ബിബിസി പറയുന്നതെന്നും എഡിറ്റോറിയലില്‍ പറയുന്നു. ഇന്ത്യ ദി മോദി ക്വസ്റ്റ്യന്‍ എന്ന ബിബിസി ഡോക്യുമെന്‍ററി അസത്യവും ഭാവനയും നിറഞ്ഞതാണ്. രാജ്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്നും എഡിറ്റോറിയലില്‍ വിമര്‍ശനമുണ്ട്.

ബിബിസി റെയ്ഡ് മൂന്നാം ദിവസത്തില്‍

അതേസമയം ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലെ ആദായ നികുതി വകുപ്പ് പരിശോധന മൂന്നാം ദിവസവും തുടരുകയാണ്. 2012 മുതലുള്ള സാമ്പത്തിക രേഖകളാണ് പരിശോധിക്കുന്നത്. ജീവനക്കാരോട് വീട്ടിലിരുന്നു ജോലി തുടരാൻ ബിബിസി നിർദേശം നൽകി. ഇന്നത്തോടെ പരിശോധന പൂർത്തിയാകുമെന്നാണ് വിവരം.

ചൊവ്വാഴ്ച രാവിലെ 11:30ന് ആരംഭിച്ച പരിശോധനാണ് തുടർച്ചയായ മൂന്നാം ദിവസവും തുടരുന്നത്. ബിബിസിയുടെ 100 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി നേരിടേണ്ടി വന്നത്. അക്കൗണ്ട്സ് വിഭാഗത്തിൽ നടക്കുന്ന പരിശോധനയിൽ 10 വർഷത്തെ കണക്കുകൾ വിശദമായി ആദായ നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട്.

അന്താരാഷ്ട്ര വിനിമയം, മാതൃകമ്പനിയും ഉപകമ്പനിയും തമ്മിലുള്ള ഇടപാടുകളിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയാണ് പരിശോധിക്കുന്നത്. നോട്ടിസ് നൽകിയിട്ടും ബിബിസിയുടെ ഭാഗത്തുനിന്ന് നിഷേധാത്മക സമീപനമുണ്ടായതാണ് പരിശോധനകൾക്ക് കാരണമെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥരോട് സഹകരിക്കാൻ ബിബിസി ജീവനക്കാർക്ക് നിർദേശം നൽകിയതിനൊപ്പം വ്യക്തിപരമായ വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതില്ലെന്നും നിർദേശിച്ചു.

രണ്ട് ഷിഫ്റ്റായി 24 ഉദ്യോഗസ്ഥരാണ് ഡൽഹിയിലും മുംബൈയിലും പരിശോധന നടത്തുന്നത്. ബിബിസിക്കെതിരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി ഓഫീസിന് മുന്നിൽ കേന്ദ്രസേനയെ വിന്യസിച്ചു. മാധ്യമ സ്ഥാപനത്തിനെതിരായ കേന്ദ്രനടപടിക്കെതിരെ പ്രതിഷേധവും ശക്തമാണ്.