സംസ്ഥാനത്ത് ആദ്യമായി ഓട്ടോ ഡ്രൈവര്‍മാര്‍ ടൂറിസത്തിന്റെ ഭാഗമാകുന്നു

വയനാട്: സംസ്ഥാനത്ത് ആദ്യമായി ഓട്ടോ ഡ്രൈവര്‍മാര്‍ ടൂറിസത്തിന്റെ ഭാഗമാകുന്നു. വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സാമ്പത്തിക ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുത്തിയ ടുക് ടുക് വയനാട് പദ്ധതിയിലൂടെയാണ് വിനോദസഞ്ചാരികള്‍ക്ക് ഓട്ടോയില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ കറങ്ങാനാവുന്ന പദ്ധതി നടപ്പാക്കുന്നത്.

ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ എ ഗീത ഫ്‌ലാഗ് ഓഫ് ചെയ്ത ടുക് ടുക് യാത്രയില്‍ ആദ്യദിനത്തില്‍ തന്നെയെത്തിയത് വിദേശികളായ യാത്രക്കാര്‍. ജില്ലയിലെ നൂറോളം ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ഡിടിപിസി പരിശീലനം നല്‍കിയത്. വൈത്തിരി, അമ്പലവയല്‍, ബത്തേരി എന്നീ സ്ഥലങ്ങളാണ് പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്‌കേരളത്തില്‍ കൂടുതല്‍ വിനോദ സഞ്ചാരികള്‍ സന്ദര്‍ശിക്കുന്ന ജില്ലയിലൊന്നന്നായ വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെല്ലാം എളുപ്പത്തില്‍ സന്ദര്‍ശിക്കാനുളള അവസരം ലഭിച്ചതില്‍ ഏറേ സന്തോഷമുണ്ടെന്ന് ടുക് ടുക് ആദ്യ സഞ്ചാരികളായ ബെല്‍ജിയം സ്വദേശികള്‍ പറഞ്ഞു.

സംരംഭം പ്രാദേശിക സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍ക്ക് ചെലവ് കുറഞ്ഞ ഗതാഗതം ഉറപ്പാക്കാനും സഹായിക്കും. ജില്ലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കൂടുതല്‍ ഡ്രൈവര്‍മാരെ കണ്ടെത്താനുള്ള ശ്രമങ്ങളും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പദ്ധതി ഏറെ ഉപകാരപ്പെടുമെന്നുമാണ് പ്രതീക്ഷ.

ടൂറിസത്തിലേക്ക് കൂടുതല്‍ ഓട്ടോ ഡ്രൈവര്‍മാരെ കണ്ടെത്തി മാര്‍ച്ച് പകുതിയോടെ കൂടുതല്‍ പരിശീലനം നല്‍കും .സഞ്ചാരികളുടെ ജനപ്രീതിയുടെ അടിസ്ഥാനത്തില്‍ പദ്ധതിയുടെ ഭാവി സ്ഥലങ്ങള്‍ കണ്ടെത്തുവാനുമാണ് DTPC യുടെ ആലോചന.