വൈക്കം ക്ഷേത്ര കലാപീഠം വിദ്യാർത്ഥികൾ സന്നിധാനത്ത് പഞ്ചവാദ്യം നടത്തി

കോട്ടയം: വൈക്കം ക്ഷേത്ര കലാപീഠം വിദ്യാർത്ഥികൾ സന്നിധാനത്ത് പഞ്ചവാദ്യം നടത്തി.ശബരിമല ക്ഷേത്രത്തിലെ പുജകൾക്ക് മേളമൊരുക്കുന്ന വരാണ് ഈ കലാകാരൻമാർ.

ഭക്തിയുടെ ഏക താളത്തിൽ അവർ കൊട്ടിക്കയറി. പതികാലം കടന്ന് മേളം മുറുകിയതോടെ കൂടി നിന്നവരും താളമിട്ടു. വൈക്കം ക്ഷേത്രകലാപീഠം വിദ്യാർഥികളാണ് ശബരിമല സന്നിധാനം പഞ്ചവാദ്യത്തിലൂടെ ഭക്തിനിർഭരമാക്കിയത്.കൊമ്പ്, ഇലത്താളം, തിമില, ഇടക്ക, മദ്ദളം എന്നിവ സന്നിവേശിപ്പിച്ച് 30 പേരാണ് മേളപ്പെരുമ തീർത്തത്. ഇതോടെ രണ്ട് മണിക്കൂർ ഭക്തർ ആ താളത്തിൽ അലിഞ്ഞ് ചേർന്നു. അജി കൂറ്റുവേലിയാണ് സംഘത്തിന്റെ പരിശീലകൻ.

ശബരിമല ക്ഷേത്രത്തിലെ പൂജകൾക്ക് സ്ഥിരമായി മേളം ഒരുക്കുന്ന ഇവർ ബംഗളൂർ വ്യവസായികളായ എൻ ഉണ്ണികൃഷ്ണൻ, രമേഷ് റാവു എന്നിവരുടെ വഴിപാടായാണ് ഞായറാഴ്ച താളപ്പെരുക്കം തീർത്തത്. ഇരുവരും ചേർന്ന് ശബരിമലയിലെത്തിയ 10000 പേർക്ക് സദ്യയും നൽകി.