വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായിയായ ശേഖർ മിശ്ര

മുംബൈ: വിമാനയാത്രയ്ക്കിടെ മദ്യലഹരിയിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ചത് മുംബൈ വ്യവസായിയായ ശേഖർ മിശ്രയാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. എയർ ഇന്ത്യ വിമാനത്തിൽ നടന്ന സംഭവം വിമാനക്കമ്പനി പൊലീസിനെ അറിയിക്കാൻ വൈകിയതായി ആരോപണമുണ്ട്.

കഴിഞ്ഞ നവംബറിൽ ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. ബിസിനസ് ക്ലാസ് യാത്രികനായ ശേഖർ മിശ്ര മുന്നിലിരുന്ന കർണാടക സ്വദേശിയായ 70 വയസ്സുള്ള സ്ത്രീയുടെ മേൽ മൂത്രമൊഴിക്കുകയായിരുന്നു. സ്ത്രീ പരാതിപ്പെട്ടെങ്കിലും ഡൽഹിയിലിറങ്ങിയ ശേഷവും ഇയാൾക്കെതിരെ നടപടിയുണ്ടായില്ല. തുടർന്ന് ഇവർ ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരനു പരാതിയയച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര സമിതിക്കു രൂപം നൽകിയിട്ടുണ്ട്. ഇയാൾക്കെതിരെ പൊലീസിലും പരാതി നൽകിയതായി എയർ ഇന്ത്യ അറിയിച്ചിരുന്നു. വ്യോമയാന ഡയറക്ടറേറ്റ് ജനറലിനെയും വിവരമറിയിച്ചിട്ടുണ്ട്.
പൊതു സ്ഥലത്ത് മോശമായി പെരുമാറുക, സ്ത്രീകളുടെ സഭ്യതയ്ക്കു നേരെയുള്ള അപമാനം, എയർലൈൻ ചട്ടലംഘനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

നവംബർ 26നു നടന്ന സംഭവത്തിൽ പൊലീസിനു പരാതി ലഭിച്ചത് ഡിസംബർ 28നു മാത്രമാണ്. സംഭവവുമായി ബന്ധപ്പെട്ട് വിമാനജീവനക്കാരേയും പൊലീസ് ചോദ്യം ചെയ്യും. ശേഖർ മിശ്രയ്ക്ക് എയർ ഇന്ത്യ 30 ദിവസത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.