ലഹരിക്കെതിരെ മോണോആക്ടുമായി 100 ലേറെ വേദികള്‍ പിന്നിട്ട് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡസില്‍ സ്ഥാനം പിടിച്ചു രതീഷ് വരവൂര്‍

തൃശ്ശൂർ: ലഹരിക്കെതിരെ മോണോആക്ടുമായി 100 ലേറെ വേദികള്‍ പിന്നിട്ട് ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡസില്‍ സ്ഥാനം പിടിച്ചു രതീഷ് വരവൂര്‍. സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായുളള സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തുടങ്ങിയ മോണോആക്ട് ഇതിനോടകം തന്നെ ചര്‍ച്ച ആയി കഴിഞ്ഞു. കലയെ ഒരു ആയുധമാക്കി പോരാട്ടം നടത്തുന്നവര്‍ക്കിടയില്‍ ഒരു പേര് കൂടി എഴുതി ചേര്‍ക്കപെടുകയാണ്.

ഒരൊററ ആളുടെ മനസ്സില്‍ രൂപപ്പെടുന്ന ആശയത്തെ വലിയൊരു സമൂഹത്തിനു മുമ്പിലേക്ക് എത്തിക്കുകയും അത് കാണികളിലേക്ക് എളുപ്പത്തില്‍ സംവദിപ്പിക്കുകയും ചെയ്യുക എന്നത് എളുപ്പത്തില്‍ സാധ്യമാകുന്ന ഒന്നല്ല. അത്തരം ഒരാശയത്തെ സ്വന്തം ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് ലളിതമായി അവതരിപ്പിക്കാന്‍ കഴിവുള്ള ഒരാളാണ് വരവൂരിന്റെ സ്വന്തം സകലകലാ വല്ലഭനായ രതീഷ് വരവൂര്‍.

കലയാണെന്‍ സമരായുധം എന്ന് പ്രഖ്യാപിച്ചു ലഹരിക്കെതിരെയുള്ള ഒരൊറ്റയാള്‍ പോരാട്ടം. കഴിഞ്ഞ വര്‍ഷം നടന്ന കേരളോത്സവത്തില്‍ അഞ്ചു മിനുട്ട് ദൈര്‍ഘ്യം വരുന്ന ഒരു ഏകാഭിനയത്തിലൂടെയായിരുന്നു രതീഷിന്റെ തുടക്കം. കൂടുതല്‍ പരിഷ്‌ക്കരിച്ച ഭാഗങ്ങളുമായി ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പ്രത്യക്ഷപ്പെടുകയുണ്ടായി. കോളേജുകള്‍, കലാസാംസ്‌ക്കാരിക സംഘടനകള്‍, മറ്റു യുവജന പ്രസ്ഥാനങ്ങള്‍ ,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഉത്സവ പറമ്പുകള്‍ തുടങ്ങി കേരളത്തിനകത്തും പുറത്തും ഈ മോണോ ആക്ട് അവതരിപ്പിക്കപ്പെട്ടു.

വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ലഹരിമാഫിയ സംഘങ്ങളുടെ ചതിയില്‍ പെട്ടുപോകുന്ന മിടുക്കനായ ഒരു പാവം വിദ്യാര്‍ത്ഥിയുടെ ജീവിതവും തുടര്‍ന്നുണ്ടാകുന്ന പരിണിതഫലവും തിരിച്ചറിവും പ്രമേയമാകുന്ന 12 മിനുട്ട് ദൈര്‍ഘ്യമുള്ള ഈ ഏകാഭിനയം ഇതിനോടകം തന്നെ നൂറില്‍ ഏറെ വേദികള്‍ പിന്നിട്ടു കഴിഞ്ഞു. നാടകം, പ്രസംഗം, ഏകാഭിനയം, ശബ്ദം നല്‍കല്‍, എഴുത്ത്, എന്നിങ്ങനെ കൈതൊട്ട മേഖലകളിലെല്ലാം തന്നെ തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കുവാന്‍ സാധിച്ചിട്ടുള്ള രതീഷ് ഇപ്പോള്‍ ഒരു സിനിമയുടെ തിരക്കഥ രചനയുമായി ബന്ധപ്പെട്ട് തിരക്കിലുമാണ്. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡസിന് പുറമെ ഈ വര്‍ഷത്തെ മലയാള സാഹിത്യ സംസ്‌കൃതി ,ഡോ.ബി.ആര്‍.അംബേദ്കര്‍ കലാശ്രീ നാഷണല്‍ ഫെല്ലോഷിപ്പ് പുരസ്‌കാരം, രാജീവ് ഗാന്ധി നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങള്‍ രതീഷിനെ തേടി എത്തുകയുണ്ടായി.