മൂന്നാറില്‍ വീണ്ടും കാട്ടാന പടയപ്പ ഇറങ്ങി

ഇടുക്കി: മൂന്നാറില്‍ വീണ്ടും കാട്ടാന പടയപ്പ ഇറങ്ങി. നയമക്കാട് എസ്റ്റേറ്റിലെ ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ പടയപ്പ, 30 മിനിറ്റില്‍ അധികം റോഡില്‍ തമ്പടിച്ചു. എന്നാൽ, വാഹനങ്ങള്‍ ആക്രമിച്ചില്ല. നാട്ടുകാരും വാഹനയാത്രക്കാരും ബഹളം വച്ച് പടയപ്പയെ തുരത്തി.

വാഹനങ്ങളിൽ നിന്നും ഭക്ഷണം തേടിയുള്ള യാത്രയാണ് ഇപ്പോൾ പടയപ്പ നടത്തുന്നത്. കാടുകളിൽ നിന്നും ഭക്ഷണം ലഭിക്കാതെ വന്നതോടെ തോട്ടങ്ങളിലും ദേശീയ പാതകളിലും എത്തുന്ന പടയപ്പ ഭക്ഷണം ലഭിക്കാതെ വരുന്നതോടെയാണ് അക്രമാസക്തമാകുന്നത്. കഴിഞ്ഞ ദിവസം മൂന്നാർ – ഉടുമൽപ്പെട്ട അന്തർ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസിന്റ ചില്ല് തകർത്തതും ഭക്ഷണം ലഭിക്കാതെ വന്നതോടെയാണ്. കാലിന് പരിക്കേറ്റ ആനക്ക് കൂടുതൽ ദൂരം നടക്കാൻ കഴിയാത്തതും ഭക്ഷണം തേടിപ്പോകാൻ കാരണമെന്നാണ് ആന പ്രേമികൾ പറയുന്നത്.

ഇന്നലെ രാത്രിയിൽ ദേശീയ പാതയിലെത്തിയ പടയപ്പ വാഹനങ്ങളിൽ ഭക്ഷണം തേടുന്നത് ഇതിന് ഉദാഹരണമാണ്. ജനവാസ മേഖലയിൽ നിലയുറപ്പിച്ച് നിൽക്കുന്ന പടയപ്പ ഒരിക്കൽ പോലും ആളുകളെ ആക്രമിച്ചിട്ടില്ല. എന്നാൽ അരിയടക്കമുള്ള സാധനങ്ങൾ മോഷ്ടിച്ച് മടങ്ങും. കിട്ടാതെ വരുമ്പോൾ ചിലപ്പോൾ അക്രമാസക്തമാകും.