മഹാമാരിക്കാലത്തിന്റെ ഇടവേളയ്ക്കുശേഷം ഉണർവിലായി തൃശ്ശൂരിലെ ക്രിസ്മസ്-പുതുവത്സര വിപണി

തൃശൂർ: മഹാമാരിക്കാലത്തിന്റെ ഇടവേളയ്ക്കുശേഷം ഉണർവിലായി തൃശ്ശൂരിലെ ക്രിസ്മസ്-പുതുവത്സര വിപണി. ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിനായി ദീപാലങ്കാരവും നക്ഷത്രങ്ങളും അനുബന്ധ ഉത്പന്നങ്ങളുമൊക്കെയായി നാടും നഗരവും ക്രിസ്മസ് അലങ്കാരത്തിലേക്ക് മാറിക്കഴിഞ്ഞു.

ക്രിസ്മസിനെ വരവേൽക്കാൻ വർണ്ണശോഭയിൽ തൃശൂർ സ്വരാജ് റൌണ്ട് ഒരുങ്ങിക്കഴിഞ്ഞു. ഒപ്പം
പല വർണങ്ങളിലും വലിപ്പത്തിലും ഡിസൈനുകളിലുമായി നക്ഷത്രങ്ങളുമായി വിപണിയും ഉണർന്നു. എൽഇഡി, നിയോൺ നക്ഷത്രങ്ങളാണ് ഇത്തവണ വിപണി കൈയ്യടക്കിയിരിക്കുന്നത്. 72 ഡിസൈനുകളിൽ തെളിയുന്ന എൽഇഡി നക്ഷത്രങ്ങൾക്ക് 130 മുതൽ 850 രൂപവരെയാണ്. എന്നാൽ നിയോൺ നക്ഷത്രങ്ങൾ തന്നെയാണ് സാധാരണക്കാരായ ആളുകൾക്ക് പ്രിയമെന്ന് വ്യാപാരികൾ പറയുന്നു.

പേപ്പർ നക്ഷത്രങ്ങളിൽ അവതാർ, ജംബോ തുടങ്ങിയവയാണ് കൂടുതൽ വിൽപ്പന നടക്കുന്നത്. റെഡി മെയ്ഡ് പുൽക്കൂട്കൾക്ക് 260 മുതൽ 650 രൂപവരെയാണ് വില. 10 അടിവരെ ഉയരമുള്ള ക്രിസ്മസ് ട്രീകളും, എൽഇഡിയാൽ തിളങ്ങുന്നവയും മടക്കാൻ കഴിയുന്ന ക്രിസ്മസ് ട്രീയുമുണ്ട് വിപണിയിൽ. കരോൾ സംഘങ്ങൾക്ക് ആവശ്യമായ വസ്ത്രങ്ങളും അലങ്കാരവസ്തുക്കളും നന്നായി വിറ്റഴിയുന്നുണ്ട്. ഒരു വയസ്സുള്ള കുട്ടിയുടേതുൾപ്പെടെ ക്രിസ്മസ് അപ്പൂപ്പന്റെ വേഷങ്ങളും വിപണിയിൽ റെഡിയാണ്.