മകരസംക്രമസന്ധ്യയിൽ ശബരീശവിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങളുമായി ഘോഷയാത്രാസംഘം പന്തളത്ത് മടങ്ങിയെത്തി

പന്തളം:മകരസംക്രമസന്ധ്യയിൽ ശബരീശവിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങളുമായി ഘോഷയാത്രാസംഘം പന്തളത്ത് മടങ്ങിയെത്തി. ഇന്ന് പുലർച്ചെ ആറന്മുളയിൽ നിന്നുള്ള മടക്കയാത്രയിൽ വഴിയിലുടനീളം ശരണംവിളികളോടെ വരവേൽപ്പ് നൽകി.

ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയുടെ നേതൃത്വത്തിലുള്ള സംഘവുമാണ് തിങ്കളാഴ്ച പന്തളത്ത് മടങ്ങിയെത്തിയത്. ഞായറാഴ്ച്ച പെരുനാട്ടിൽ നിന്നു ആറന്മുളയിലെത്തിയ സംഘം അവിടെ വിശ്രമിച്ചു. ആഭരണപ്പെട്ടികൾ ദർശനത്തിനായി തുറന്നുവെച്ചിരുന്നു. ഇവിടെനിന്നു പുലർച്ചെ നാലുമണിയോടെ പന്തളത്തേക്ക് തിരിച്ച ഘോഷയാത്രയെ പന്തളം കൊട്ടാരം വരെ വിവിധ സംഘടനകൾ സ്വീകരിച്ചു.
കിടങ്ങന്നൂർ വിജയാനന്ദാശ്രമം, കിടങ്ങന്നൂർ, കാവുംപടി, കുറിയാനപ്പള്ളി, പൈവഴി, പാറയിൽ കവല എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ഉള്ളന്നൂർ പാറയിൽ കവലയിൽ ഭക്തർ ചേർന്ന് പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു. പുതുവാക്കൽ വായനശാല, കൈപ്പുഴ ഗുരുമന്ദിരം, കുളനട ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ സ്വീകരിച്ചു.
കൈപ്പുഴയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി, ഗുരുനാഥൻമുകടി അയ്യപ്പ ഗുരുക്ഷേത്രം, പന്തളം വലിയകോയിക്കൽ ക്ഷേത്ര ഉപദേശകസമിതി, ദേവസ്വം ബോർഡ്, പന്തളം നഗരസഭ, അയ്യപ്പസേവാസംഘം 344-ാം നമ്പർ ശാഖ, ശബരിമല അയ്യപ്പസേവാസമാജം, 1114-ാം നമ്പർ ശ്രീധർമ്മശാസ്താ കരയോഗം, പാലസ് വെൽഫെയർ സൊസൈറ്റി, ക്ഷത്രിയക്ഷേമസഭ, കൊട്ടാരം നിർവാഹകസംഘം എന്നിവർ ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി.
സ്രാമ്പിക്കൽ കൊട്ടാരത്തിലെത്തിച്ച തിരുവാഭരണങ്ങൾ ദേവസ്വം ബോർഡ് അധികാരികളിൽനിന്നു കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമ്മ, സെക്രട്ടറി പി.എൻ.നാരായണ വർമ്മ, ട്രഷറർ ദീപാവർമ്മ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കൊട്ടാരത്തിലെ സുരക്ഷിതമുറിയിൽ സൂക്ഷിക്കുന്ന ആഭരണങ്ങൾ ഇനി അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ദർശനത്തിന് തുറന്നുവെയ്ക്കുന്നത്.