ഭരണത്തിന്റെ അമരത്ത് പിണറായിക്ക് 4–ാം റാങ്ക്; ഉമ്മൻ ചാണ്ടിയെ ഇന്ന് മറികടക്കും

തിരുവനന്തപുരം: കേരളത്തിൽ കൂടുതൽ കാലം മുഖ്യമന്ത്രി പദവി വഹിച്ചവരുടെ പട്ടികയിൽ പിണറായി വിജയൻ ഇന്ന് ഉമ്മൻ ചാണ്ടിയെ (2,459 ദിവസം) മറികടന്ന് നാലാം സ്ഥാനത്തെത്തും. സംസ്ഥാനത്തു തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിസ്ഥാനത്തിരുന്നതിൽ ഒന്നാമത് പിണറായിയാണ്. സി.അച്യുതമേനോനെ (2,364 ദിവസം) 2022 നവംബർ 14നു മറികടന്നു.

അച്യുതമേനോൻ ഒരു മന്ത്രിസഭാകാലത്താണെങ്കിൽ പിണറായി വിജയൻ തു‌ടർച്ചയായ 2 മന്ത്രിസഭാകാലത്താണ് ഈ നേട്ടം കൈവരിച്ചത്. തുടർച്ചയായി 2 മന്ത്രിസഭകൾക്കു നേതൃത്വം നൽകുന്നതിനുള്ള നിയോഗം ലഭിച്ചതും പിണറായിക്കു മാത്രം. ഏറ്റവും കൂടുതൽ കാലം (17 ദിവസം) കാവൽ മുഖ്യമന്ത്രിയായതിന്റെ ബഹുമതിയും പിണറായി വിജയനുതന്നെ (2021 മേയ് 3-20).

കേരളത്തിൽ ഇതുവരെ 12 പേർ മുഖ്യമന്ത്രിമാരായി. ഇവരുടെ നേതൃത്വത്തിൽ 23 മന്ത്രിസഭകൾ അധികാരത്തിലെത്തി. ഇ.കെ.നായനാർ, കെ.കരുണാകരൻ, സി.അച്യുതമേനോൻ എന്നിവരാണ് കൂടുതൽ കാലം ഭരിച്ച റെക്കോർഡിൽ ആദ്യ 3 സ്ഥാനങ്ങളിലുള്ളത്.