ഫേസ്ബുക്കോ യൂട്യൂബോ ടിക് ടോകോ; സോഷ്യൽ മീഡിയ രാജാവ് ആരെന്നറിയാം…]

കൗമാരക്കാരുടെ കൊഴിഞ്ഞുപോക്കും മെറ്റയായി മാറിയതിന് ശേഷമുള്ള വൻ സാമ്പത്തിക ​പ്രതിസന്ധിയും മറികടന്ന് ലോകത്തേറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സമൂഹ മാധ്യമ പ്ലാറ്റ്ഫോമായി മാറി മാർക്ക് സക്കർബർഗിന്റെ ഫേസ്ബുക്ക്. സാമൂഹ മാധ്യമ കൺസൾട്ടൻറും ഇൻറസ്ട്രി അനലിസ്റ്റുമായ മാറ്റ് നവാരരാ പുറത്തുവട്ട 2023 -ലെ ആഗോള സോഷ്യൽ മീഡിയ സ്റ്റാറ്റിസ്റ്റിക്സിലാണ് ഫേസ്ബുക്ക് ഒന്നാമതെത്തിയത്.

ലോകത്തേറ്റവും കൂടുതലാളുകൾ ഉപയോഗിക്കുന്ന സമൂഹ മാധ്യമങ്ങളിൽ യൂട്യൂബാണ് രണ്ടാം സ്ഥാനത്ത്. മെറ്റയുടെ കീഴിലുള്ള വാട്‌സ്ആപ്പും ഇൻസ്റ്റഗ്രാമുമാണ് മൂന്നാം സ്ഥാനം നേടിയത്. വിവിധ പഠനങ്ങൾ അടിസ്ഥാനമാക്കിയുള്ള ചാർട്ട് ട്വിറ്ററിലൂടെയാണ് അദ്ദേഹം പുറത്തുവിട്ടത്.

290 കോടിയാളുകളാണ് ഫേസ്ബുക്ക് ഉപയോഗിക്കുന്നതെന്ന് മാറ്റിന്റെ ഡാറ്റയിൽ പറയുന്നു. യൂട്യൂബിന് 250 കോടി യൂസർമാരും വാട്സ്ആപ്പിനും ഇൻസ്റ്റഗ്രാമിനും 200 കോടി യൂസർമാരുമാണ് ആഗോളതലത്തിലുള്ളത്. ചൈനീസ് ആപ്പായ വീചാറ്റ് (130 കോടി) ആണ് നാലാം സ്ഥാനത്ത്. ടിക് ടോക് (105 കോടി), ഫേസ്ബുക്ക് മെസ്സഞ്ചർ (93 കോടി), ഡോയിൻ (72 കോടി), ടെലഗ്രാം (70 കോടി) എന്നിവരാണ് പിറകിലുള്ളത്.

കുട്ടികളുടെ ഇഷ്ട വീഡിയോ ആപ്പ് വർഷങ്ങളായി യൂട്യൂബാണെന്നും മാറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ പറഞ്ഞു. കുട്ടികളുടെ ഇഷ്ട മെസേജിങ് ആപ്പുകളിൽ ഒന്നാം സ്ഥാനം വാട്‌സ്ആപ്പിനാണ്. ആഗോള തലത്തിൽ കുട്ടികൾ കൂടുതൽ ഉപയോഗിച്ച സമൂഹമാധ്യമ ആപ്പ് ടിക്‌ടോകാണ്. അതേസമയം, രക്ഷിതാക്കൾ ഏറ്റവും കൂടുതൽ ബ്ലോക്ക് ചെയ്ത ആപ്പും ടിക്‌ടോകാണ്.