പ്രണയികളുടെ ദിനം, ആഘോഷമാക്കി ലോകം

ഫെബ്രുവരി 14 പ്രണയിക്കുന്നവരുടെയും പ്രണയം മനസില്‍ സൂക്ഷിക്കുന്നവരുടെയും ഇഷ്ട ദിനമാണിത്. ലോകമെമ്പാടുമുള്ള ആളുകള്‍ ഈ ദിവസം തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നു. പരസ്പരം സമ്മാനപൊതികള്‍ കൈമാറിയും, നേരില്‍ കണ്ടുമുട്ടിയും പലരും ഈ പ്രണയദിനം ആഘോഷിക്കുകയാണ്. എന്തുകൊണ്ടാവാം ഈ പ്രണയം തുറന്നുപറയാന്‍ ഈ ദിനം തെരഞ്ഞെടുത്തതെന്ന് ചിന്തിച്ചിട്ടുണ്ടോ? അതിന് പിന്നിലെ ചരിത്രം എന്താണെന്ന് അറിയാം….

പ്രണയിക്കുന്നവര്‍ക്ക് ഒന്നുകൂടി തങ്ങളുടെ പ്രണയത്തെ കരുതലോടെ ചേര്‍ത്തു പിടിക്കുവാനുള്ള സമയമാണ് വാലന്റൈന്‍സ് ദിനം. സ്‌നേഹിക്കുന്നവര്‍ക്ക് എന്നും പ്രണയ ദിനമാണെങ്കിലും ആഘോഷിക്കുവാന്‍ ഈ ഒരു ദിനം തന്നെ വേണം. എന്നാല്‍ ഈ ദിനത്തിന്റെ ചരിത്രത്തിലേക്ക് പോയാല്‍ കേള്‍ക്കുക പകയുടെയും ചോരയുടെയും കഥയാണ്. പ്രണയത്തിനായി ജീവന്‍പോലും ബലി നല്‌കേണ്ടി വന്ന വാലന്റൈന്‍ എന്ന കത്തോലിക്ക ബിഷപ്പിന്റെ കഥ. വിവാഹം നിരോധിച്ചപ്പോള്‍ പ്രണയിക്കുന്നവരെ ഒന്നിപ്പിക്കുവാന്‍ മുന്‍കൈയ്യെടുത്ത വാലന്റൈന്‍ ബിഷപ്പിന്റെ കഥ.

ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത് വാലന്‍ന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. അതിനാല്‍ ചക്രവര്‍ത്തി റോമില്‍ വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലന്‍ന്റൈന്‍ പരസ്പരം സ്‌നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്‌നേഹത്തില്‍ ആയി. ബിഷപ്പിന്റെ സ്‌നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന്റെ തല വെട്ടാന്‍ ആജ്ഞ നല്‍കി. തലവെട്ടാന്‍ കൊണ്ടുപോകുന്നതിന് മുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് ”ഫ്രം യുവര്‍ വാലന്‍ന്റൈന്‍” എന്നെഴുതിയ ഒരു കുറിപ്പ് വച്ചു. എഡി 270 ല്‍ ഫെബ്രുവരി പകുതിയോടെ അന്തരിച്ച വാലന്റൈന്റെ മരണ വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ദിനം പ്രണയദിനമായി ആഘോഷിക്കുന്നതെന്നാണ് ഐതിഹ്യം.

വാലന്റൈന്‍ ദിനവുമായി ബന്ധപ്പെട്ട് മറ്റൊരു ഐതീഹ്യവുമുണ്ട്. ഫെബ്രുവരി മധ്യത്തില്‍ നടക്കുന്ന റോമന്‍ ഉത്സവമായ ലുപ്പര്‍കാലിയയില്‍ നിന്നാണ് ഈ ദിനത്തിന്റെ ഉത്ഭവമെന്നാണ് പറയപ്പെടുന്നത്. ഈ ഉത്സവത്തില്‍ നറുക്കെടുപ്പിലൂടെ സ്ത്രീകളെ പുരുഷന്മാരുമായി ജോഡിയാക്കുന്നു. ഗെലാസിയസ് ഒന്നാമന്‍ മാര്‍പ്പാപ്പ ഈ ഉത്സവത്തിന് പകരം സെന്റ് വാലന്റൈന്‍സ് ദിനം കൊണ്ടുവന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. വാലന്റൈന്‍ ദിനം ഒരാഴ്ച നീളുന്ന ആഘോഷമായാണ് കൊണ്ടാടുന്നത്. ഫെബ്രുവരി 7 മുതല്‍ 14 വരെയാണ് വാലന്റൈന്‍ വീക്കായി ആചരിക്കുന്നത്. ഈ ഓരോ ദിവസത്തിനും ഓരോ പ്രത്യേകതയുമുണ്ട്. ഘട്ടം ഘട്ടമായി പ്രണയം പറയുകയാണ് ഓരോ ദിവസത്തിലും ചെയ്യേണ്ടത്. റോസ് ഡേ, പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ, അവസാനം വാലന്റൈന്‍സ് ഡേ ഇതാണ് ഒരാഴ്ചയോളം നീളുന്ന ആഘോഷം പരിപാടികള്‍.