ജീവനക്കാരന് മെഴ്‌സിഡസ് ബെൻസ് സമ്മാനമായി നൽകി കേരള ഐ. ടി കമ്പനി

തൃശൂർ: കൊരട്ടി ഇൻഫോ പാർക്കിൽ നിന്നുള്ള ആഗോള ഐ. ടി സൊല്യൂഷൻ പ്രൊവൈഡറായ വെബ് ആൻഡ് ക്രാഫ്റ്റ്‌സ് (വാക്), അവരുടെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ജീവനക്കാരന് മെഴ്‌സിഡസ് ബെൻസ് സമ്മാനമായി നൽകി. കൊരട്ടി ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയും കമ്പനിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ക്ലിന്റ് ആന്റണി വാഹനം ഏറ്റുവാങ്ങി.

2012ൽ “വെബ് ആൻഡ് ക്രാഫ്റ്റ്‌സ് “ആരംഭിച്ചത് മുതൽ കമ്പനിയുടെ വളർച്ചയിലും വിജയത്തിലും നിർണായക പങ്കുവഹിച്ചിരുന്ന ക്ലിൻറ് കമ്പനിയുടെ ആദ്യജീവനക്കാരനായിരുന്നു. നീണ്ട 10 വർഷത്തിലധികമായി വിശ്വസ്തതയോടെ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന ജീവനക്കാരനെയാണ് സമ്മാനം നൽകുവാനായി കമ്പനി തിരഞ്ഞെടുത്തത് . ജീവനക്കാരുടെ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും അംഗീകരിക്കുന്നത്തിന്റെ പ്രതിഫലനമായി ചടങ്ങ് മാറി.

“കഠിനാധ്വാനികളും , അർപ്പണബോധമുള്ളവരുമായ ഒരു മികച്ച ടീമാണ് ഞങ്ങളുടെ കമ്പനിയുടെ നട്ടെല്ല്. ക്ലിന്റ് പ്രാരംഭകാലം മുതലേ ഞങ്ങളോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ഇത്രയും ദീർഘകാലം നീണ്ടുനിന്ന സേവനത്തിനും, വിശ്വസ്തതയ്ക്കും മെഴ്‌സിഡസ് ബെൻസ് സി ക്ലാസ് സമ്മാനമായി നൽകുന്നത് ഇതിന്റെ ഭാഗമായാണെന്ന് വെബ് ആൻഡ് ക്രാഫ്റ്റ്‌സ് സി. ഇ. ഒ യും സ്ഥാപകനുമായ എബിൻ ജോസ് പറഞ്ഞു.

2012ൽ നാല് പേരുമായി ആരംഭിച്ച വെബ് ആൻഡ് ക്രാഫ്റ്റിന് നിലവിൽ 320ൽ അധികം ജീവനക്കാരുണ്ട് . ഏഷ്യ, മിഡിൽ ഈസ്റ്റ്, നോർത്ത് ആൻഡ് സൗത്ത് അമേരിക്ക എന്നിവിടങ്ങളിലായി ലോകമെമ്പാടുമുള്ള 650ൽ അധികം ക്ലയന്റുകൾക്കായി കസ്റ്റം മെയ്ഡ് മൊബിലിറ്റി സൊല്യൂഷനുകൾ, ഇ-കൊമേഴ്‌സ് ഡെവലപ്‌മെന്റ്, വെബ്, മൊബൈൽ ആപ്ലിക്കേഷനുകൾ, ഡൈനാമിക് ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജികൾ എന്നിങ്ങനെയുള്ള വിവിധ സേവനങ്ങൾ കമ്പനി നൽകുന്നു. ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ധനകാര്യം, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിൽ വെബ് ആൻഡ് ക്രാഫ്റ്റ്‌സ് സേവനങ്ങൾ നൽകുന്നുണ്ട് , കൂടാതെ “ഐകിയ “പോലുള്ള ആഗോള ഫോർച്യൂൺ 500 കമ്പനികളുമായും കേരളത്തിൽ നിന്നുള്ള ആഗോള വ്യവസായ സ്ഥാപനങ്ങളായ ലുലു, ജോയ് ആലുക്കാസ്, ഫെഡറൽ ബാങ്ക്, ജിയോജിത്ത്, സിന്തൈറ്റ്, കെഎസ്എഫ്ഇ, തുടങ്ങിയവയ്ക്കും വെബ് ആൻഡ് ക്രാഫ്റ്റ്‌സ് സേവനങ്ങൾ നൽകി വരുന്നു.

ഇൻഫോപാർക്ക് സി. ഇ. ഒ സുശാന്ത് കുറുന്തിൽ, ഇൻഫോപാർക്ക് കേരള സ്ഥാപക സി. ഇ. ഒ -കെ ജി ഗിരീഷ് ബാബു, വെബ് ആൻഡ് ക്രാഫ്റ്റ്‌സിന്റെ മെന്റർ ജോസഫ് മറ്റപ്പള്ളി, ജിലു എബിൻ ജോസ്, ബിസിനസ് കോച്ച് കോർപ്പറേറ്റ് ട്രെയിനർ ഷമീം റഫീഖ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.