ചന്ദ്രനിലിറങ്ങിയ രണ്ടാമന് 93-ാം പിറന്നാളില്‍ വിവാഹം; തങ്ങള്‍ കൗമാരകമിതാക്കളെപ്പോലെയെന്ന് ആല്‍ഡ്രിന്‍

വാഷിങ്ടണ്‍: ആദ്യമായി ചന്ദ്രനിലിറങ്ങിയ അമേരിക്കന്‍ ബഹിരാകാശ യാത്രികസംഘത്തിലെ ഡോക്ടര്‍ എഡ്വിന്‍ ബുസ് ആല്‍ഡ്രിന്‍ 93-ാം വയസില്‍ വിവാഹിതനായി. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് ബുസ് ആല്‍ഡ്രിന്‍ ഡോക്ടര്‍ അങ്ക ഫൗറിനെ ജീവിതപങ്കാളിയാക്കിയത്. 1969ലെ അപ്പോളോ 11 ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തില്‍ കാലുകുത്തിയ രണ്ടാമത്തെ വ്യക്തിയാണ് ആല്‍ഡ്രിന്‍. ലോസ് ആഞ്ജിലസില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഇരുവരും വിവാഹിതരായി എന്ന കുറിപ്പോടെ അദ്ദേഹം ട്വിറ്ററിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചു.

“ഏറെക്കാലമായി എന്റെ പ്രണയിനിയായ ഡോക്ടര്‍ അങ്ക ഫൗറും ഞാനും എന്റെ 93-ാം ജന്മദിനത്തില്‍, വ്യോമമേഖലയിലെ ജീവിച്ചിരിക്കുന്ന ഇതിഹാസങ്ങളുടെ ആശീര്‍വാദത്തോടെ വിവാഹിതരായി. ലോസ് ആഞ്ജിലസില്‍ നടന്ന ചെറിയ, സ്വകാര്യചടങ്ങില്‍ ഞങ്ങള്‍ ഒന്നിച്ചു, ഒളിച്ചോടിയ കൗമാരകമിതാക്കളെപ്പോലെ ആവേശത്തിലാണ് ഞങ്ങള്‍”, അദ്ദേഹം കുറിച്ചു. ആല്‍ഡ്രിന്റെ ട്വിറ്റീനോട് നിരവധി പേരാണ് പ്രതികരിച്ചത്. ആല്‍ഡ്രിന് ജന്മദിനാശംസകള്‍ നേര്‍ന്നും അദ്ദേഹത്തിന്റെ ജീവിതത്തിലെ സന്തോഷാവസരത്തില്‍ ഒപ്പം ചേര്‍ന്നും നിരവധി മറുപടികളും വന്നു.

നേരത്തെ മൂന്ന് തവണ വിവാഹിതനാവുകയും വിവാഹമോചനം നേടുകയും ചെയ്തിട്ടുണ്ട് ആല്‍ഡ്രിന്‍. അപ്പോളോ 11 ദൗത്യത്തിലെ മൂന്നംഗങ്ങളില്‍ ജീവിച്ചിരിക്കുന്ന ബഹിരാകാശ യാത്രികനാണ് ആല്‍ഡ്രിന്‍. നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ആദ്യമായി കാലുകുത്തി പത്തൊമ്പത് മിനിറ്റിന് ശേഷമാണ്‌ ആല്‍ഡ്രിന്‍ ചന്ദ്രനിലിറങ്ങിയത്. 1971-ല്‍ നാസയില്‍ നിന്ന് വിരമിച്ച ശേഷം ആല്‍ഡ്രിന്‍ 1998-ല്‍ ബഹിരാകാശ പര്യവേക്ഷണത്തിനായി ഷെയര്‍ സ്‌പേസ് ഫൗണ്ടേഷന്‍ സ്ഥാപിച്ചിരുന്നു.