കേരള ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു

കൊച്ചി: കേരള ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കളമശ്ശേരിയില്‍ 27 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തി. മാറ്റം സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കോടതി ഭരണസമിതിയുടേതാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

കളമശ്ശേരി എച്ച്എംടിയ്ക്ക് സമീപമാണ് 27 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. ഹൈക്കോടതിയിലെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, നിയമ സെക്രട്ടറി വി ഹരി നായര്‍, ജില്ലാ കളക്ടര്‍ രേണു രാജ്, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാര്‍ എന്നിവര്‍ നേരിട്ട് എത്തി സ്ഥലം പരിശോധിച്ചു.

മംഗള വനത്തിന് സമീപത്തെ ഹൈക്കോടതി സമുച്ചയത്തിലെ സ്ഥലപരിമിതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. പരിസ്ഥിതി ലോല മേഖല ആയതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം കത്തില്‍ വിശദീകരിച്ചിരുന്നു. അഭിഭാഷകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്‍പ്പടെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യവും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഹൈക്കോടതിക്ക് പുറമേ മീഡിയേഷന്‍ സെന്റര്‍ ഉള്‍പ്പടെ രാജ്യാന്തര തലത്തില്‍ ഉള്ള സ്ഥാപനങ്ങളും സംവിധാനങ്ങളും കളമശ്ശേരിയില്‍ നിര്‍മിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയ സാഹചര്യത്തില്‍ ഹൈക്കോടതി ഭരണ സമിതിയാണ് ഇനി അന്തിമ തീരുമാനം എടുക്കേണ്ടത്. സമിതിയുടെ തീരുമാനം ഉണ്ടായാല്‍ ഉടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള അറിയിപ്പ്.