കേരളത്തിലെ ആദ്യ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ഇനി നിർമ്മാതാവ് ജോബി ജോർജ് തടത്തിലിന് സ്വന്തം

കൊച്ചി: കേരളത്തിലെ ആദ്യ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ഇനി നിർമ്മാതാവ് ജോബി ജോർജ് തടത്തിലിന് സ്വന്തം. റേഞ്ച് റോവറിന്റെ ഓട്ടോബയോഗ്രഫി ലോങ്ങ് വീൽ ബേസ് പതിപ്പാണ് ജോബി ജോർജ് സ്വന്തമാക്കിയിരിക്കുന്നത്.

നിരവധി ഹിറ്റ് സിനിമകളുടെ നിർമാതാവായ ജോബി ജോർജ് തടത്തിലിന്റ ഗാരേജിൽ എത്തിയിട്ടുളള ഈ വാഹനത്തിന് ചില വ്യത്യസ്തതകളും പ്രത്യേകതയുമുണ്ട്. 2023 റേഞ്ച് റോവർ ഓട്ടോബയോഗ്രഫി ലോങ്ങ് വീൽബേസിന്റെ കേരളത്തിലെ ആദ്യ ഉടമയാണ് ജോബി ജോർജ് തടത്തിൽ. കൊച്ചിയിലെ ഡീലർഷിപ്പായ ലാൻഡ് റോവർ മുത്തൂറ്റിൽ നിന്നാണ് അദ്ദേഹം ഈ വാഹനം സ്വന്തമാക്കിയത്. 3.0 ലിറ്റർ ഇൻ-ലൈൻ ആറ് സിലിണ്ടർ ഡീസൽ എൻജിൻ കരുത്തേകുന്ന റേഞ്ച് റോവറിന്റെ ഓട്ടോബയോഗ്രഫി 346 ബി.എച്ച്.പി. പവറും 700 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് ഇതിൽ നൽകിയിട്ടുള്ളത്. ഇതിനൊപ്പം 4 x 4 സംവിധാനവും ഈ വാഹനത്തിൽ നൽകുന്നുണ്ട്. പെട്രോൾ കരുത്തിലും ഈ വാഹനം ലാൻഡ് റോവർ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്.

തലയെടുപ്പുള്ള എസ്.യു.വി. എന്ന വിശേഷണം ഏറെ ഇണങ്ങുന്ന വാഹനമാണ് റേഞ്ച് റോവർ എസ്.യു.വികൾ. പുതിയ ഓട്ടോബയോഗ്രഫിയിലും ഇത് തെളിയിക്കുന്നുണ്ട്. ആഡംബര സംവിധാനങ്ങളാണ് റേഞ്ച് റോവർ ഓട്ടോബയോഗ്രഫിയുടെ അകത്തളത്തെ മികച്ചതാക്കുന്നത്. മസാജ് സീറ്റുകൾ, ഓട്ടോമാൻ സംവിധാനമുള്ള പിൻനിര സീറ്റുകൾ, പിന്നിലെ യാത്രക്കാർക്കുള്ള എന്റർടെയ്ൻമെന്റ് സ്‌ക്രീനുകൾ, ഉയർന്ന ലെഗ്റൂം തുടങ്ങിയ ഫീച്ചറുകളാണ് അകത്തളത്തിലുള്ളത്. 3.85 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില. കുടുംബ സമേതം കൊച്ചിയിലെ ലാൻഡ് റോവർ മുത്തൂറ്റിലെത്തിയാണ് ജോബി ജോർജ് വാഹനം സ്വന്തമാക്കിയത്.