കൂടുതല്‍ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ബജറ്റെന്ന് വിലയിരുത്തല്‍

ജനങ്ങളെ വിലക്കയറ്റത്തിലേക്കു തള്ളിവിട്ടു കൂടുതല്‍ സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ ബജറ്റെന്ന് വിലയിരുത്തല്‍. ചില മേഖലകളില്‍ നികുതി വര്‍ധനയുടെ സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും ഇന്ധന സെസ് അടക്കം ജനങ്ങളെ സാരമായി ബാധിക്കുന്ന വലിയ വര്‍ധനയിലേക്ക് കടന്നത് അപ്രതീക്ഷിത നീക്കമായി. കഴിഞ്ഞ 20 വര്‍ഷത്തിനിടെ നികുതി പരിഷ്‌കരണത്തിലൂടെ ഇത്രയും വലിയ വിഭവ സമാഹരണത്തിന് സംസ്ഥാന സര്‍ക്കാര്‍ തുനിഞ്ഞിട്ടില്ല. 3,000 കോടി രൂപയിലധികമാണ് ് നികുതി വര്‍ധനയിലൂടെ സര്‍ക്കാര്‍ അധികമായി ലക്ഷ്യംവയ്ക്കുന്നത്.

സാധാരണക്കാരെ സഹായിക്കുന്നതല്ലെന്ന വിമര്‍ശനമാണ് സംസ്ഥാന ബജറ്റിനെതിരെ ഉയരുന്നത്. വലിയ നികുതി ഭാരമാണ് സംസ്ഥാന ബജറ്റിലൂടെ ജനങ്ങളിലേക്ക് എത്തുന്നത്. സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയും പാഴായി.
അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പണം കണ്ടെത്തുന്നതിനാണ് നികുതി നിര്‍ദേശങ്ങളെന്നാണ് ധനവകുപ്പ് വിശദീകരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് 2 രൂപ നിരക്കില്‍ സാമൂഹ്യ സുരക്ഷാ സെസ്സ് ഏര്‍പ്പെടുത്തുന്നതോടെ ജനങ്ങളുടെ നിത്യജീവിതത്തിലെ മിക്ക മേഖലകളിലും വിലക്കയററം രൂക്ഷമാകും. . ഇന്ധന വര്‍ധനവില്‍ ഇപ്പോള്‍ത്തന്നെ ജനം പൊറുതി മുട്ടുകയാണ്. അതിനുമുകളിലാണ് സംസ്ഥാനം സെസ് ഏര്‍പ്പെടുത്തുന്നത്. പെട്രോളിനും ഡീസലിനും കിഫ്ബിയിലേക്ക് ഇപ്പോള്‍ ഒരു രൂപ സെസ് പിരിക്കുന്നുണ്ട്. 10 ലീറ്റര്‍ ഇന്ധനം നിറയ്ക്കുമ്പോള്‍ 10 രൂപ കിഫ്ബിയിലേക്ക് പോകും. ഇതിനു പുറമേയാണ് നിലവിലെ സാമൂഹ്യ സുരക്ഷാ സെസ്.

മദ്യത്തിന് അടുത്തിടെ നികുതി വര്‍ധിപ്പിച്ചിരുന്നു. 10 രൂപ മുതല്‍ 20 രൂപവരെയാണ് വര്‍ധിച്ചത്. വില്‍പ്പന നികുതി 4% വര്‍ധിപ്പിച്ചതോടെയാണ് വില കൂടിയത്. 247 ശതമാനമായിരുന്ന പൊതുവില്‍പ്പന നികുതി 251 ശതമാനമായി വര്‍ധിപ്പിച്ചു. ഇതിനു പുറമേയാണ് പുതിയ വര്‍ധന. വിലകൂടിയ മദ്യത്തിനാണ് വില വര്‍ധിക്കുന്നത്. 500 രൂപ മുതല്‍ 999 രൂപ വരെ വിലവരുന്ന ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപ നിരക്കിലും 1000 രൂപ മുതലുള്ള മദ്യത്തിന് ബോട്ടിലിന് 40 രൂപ നിരക്കിലും വില വര്‍ധിക്കും.

പുതിയ വാഹനങ്ങള്‍ക്കുള്ള ഒറ്റത്തവണ സെസിലൂടെ വലിയ രീതിയിലുള്ള വരുമാനം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്നുണ്ട്. ഭൂമിയുടെ ന്യായവില 20% വര്‍ദ്ധിപ്പിച്ചു. ഇത് അപ്രതീക്ഷിതമായിരുന്നില്ല. കഴിഞ്ഞ ബജറ്റില്‍ ഭൂമിയുടെ ന്യായവില 10 ശതമാനമാണ് വര്‍ധിപ്പിച്ചത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ കുറവ് വരുത്തിയിരുന്ന ഫ്‌ളാറ്റുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവയുടെ മുദ്രവില 5% ല്‍ നിന്നും 7% ആക്കി. കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന അധിക നികുതിയാണ് ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും നികുതി വര്‍ധനവിനു കാരണമായെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. കേന്ദ്രം കടമെടുപ്പ് പരിധി കുറച്ചതും ജിഎസ്ടി നഷ്ടപരിഹാരം നിലച്ചതും സംസ്ഥാനത്തിനു തിരിച്ചടിയായി. നികുതി വര്‍ധനയിലൂടെ വിഭവ സമാഹരണം നടത്തിയില്ലെങ്കില്‍ പിടിച്ചു നില്‍ക്കാനാകില്ലെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, പിരിച്ചെടുക്കാനുള്ള നികുതി മേഖലകളെക്കുറിച്ചും ഫലപ്രദമായ ചെലവു ചുരുക്കലിനെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ല.