ഔറംഗാബാദ് പേരുമാറ്റി; പുതിയ പേര് ഛത്രപതി സംഭാജി നഗര്‍

ഔറംഗാബാദ് എന്ന നഗരം ഇനിയില്ല. പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പുതിയ പേര് ഛത്രപതി സംഭാജി നഗര്‍. ഒസ്മാനബാധിന്റെയും പേരുമാറ്റി

ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമായ നഗരങ്ങളുടെ ചരിത്രം തന്നെ മാറ്റി എഴുതാന്‍ ബിജെപി സര്‍ക്കാരുകള്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടയാണ് പുതിയ പേരു മാറ്റം. ഏറ്റവും പുരാതന നഗരങ്ങളില്‍ ഒന്നായ ഔറംഗാബാദിന്റെ പേര് ഛത്രപതി സംഭാജിനഗര്‍ എന്നാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്നു രാവിലെ വിജ്ഞാപനം പുറപ്പെടുവിച്ചു. പേരുമാറ്റം ആവശ്യപ്പെട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ അയച്ച കത്തിന് എതിര്‍പ്പില്ലെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര വകുപ്പ് രാവിലെ മറുപടി നല്‍കിയിരുന്നു .

മറുപടി കിട്ടിയ ഉടന്‍ അടിയന്തര സ്വഭാവത്തോടെ വിജ്ഞാപനമിറക്കുകയായിരുന്നു. ഒപ്പം ഒസ്മാനാബാദ് നഗരത്തിന്റെയും പേരുമാറ്റിയിട്ടുണ്ട്. ധാരാ ശിവ് എന്നാണ് പുതിയ പേര്. ഔറംഗസീബിന്റെ ഭരണകാലത്ത്, 1660 കളില്‍ ഏറ്റവും വലിയ വാണിജ്യ നഗരങ്ങളില്‍ ഒന്നായിരുന്നു ഔറംഗബാദ്. ഭാര്യയ്ക്കു വേണ്ടി ഔറംഗസീബ് നിര്‍മ്മിച്ച ഓര്‍മ്മകുടീരമായ ബീബി കാ മര്‍ഹബ ലോകപ്രശസ്തമാണ്. അജന്ത, എല്ലോറ ഗുഹകള്‍ യുനെസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളില്‍ ഉള്‍പ്പെടുന്നു. ഇത്രയും പ്രധാനപ്പെട്ട നഗരത്തിന്റെ പേരാണ് ഒറ്റയടിക്ക് മാറ്റിയത്.