ഓമല്ലൂര്‍ വയല്‍ വാണിഭത്തോട് അനുബന്ധിച്ച് കാര്‍ഷിക വിപണന മേളയും കാര്‍ഷിക സെമിനാറും

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ഓമല്ലൂര്‍ വയല്‍ വാണിഭത്തോട് അനുബന്ധിച്ച് കാര്‍ഷിക വിപണന മേളയും കാര്‍ഷിക സെമിനാറും ആരംഭിച്ചു.എല്ലാ വര്‍ഷവും മീനമാസം ഒന്നിന് ആരംഭിച്ച് ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന വിപണന മേളയാണ് നടക്കുന്നത്.

പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരനാണ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.സാംസ്‌കാരിക പരിപാടികളും,വൈവിധ്യമാര്‍ന്ന പരിപാടികളും ഈ വട്ടം സംഘടിപ്പിച്ചിട്ടുണ്ട് എന്നും കേരളത്തിന്റെ മുഴുവന്‍ പരിശ്‌ചേധവും ഓമല്ലൂര്‍ വയല്‍ വാണിഭത്തില്‍ കാണാമെന്നും ഫിനാന്‍സ് കമ്മറ്റി കണ്‍വീനര്‍ അഭിലാഷ് ഓമല്ലൂര്‍ പറഞ്ഞു.

മീനമാസം ഒന്നിന് ആരംഭിച്ച് ഒരു മാസക്കാലം നീണ്ടു നില്‍ക്കുന്ന വാണിഭത്തിന്റെ വിപണന മേളയില്‍ ചേന, കാച്ചില്‍, കിഴങ്ങു വര്‍ഗങ്ങള്‍, ഫലവൃക്ഷങ്ങളുടെ നടീല്‍ വസ്തുക്കള്‍, വെങ്കല പാത്രങ്ങള്‍, ഗൃഹോപകരണങ്ങള്‍ തുടങ്ങി നിരവധി ഇനങ്ങളാണ് ലഭ്യമാവുന്നത്. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാണ് വയല്‍ വാണിഭം നടക്കുന്നത്.