ഒരു ആന എങ്ങനെയാണ് കുങ്കിയാന ആകുന്നതെന്ന് നോക്കാം

ഇടുക്കി: കുങ്കിയാനകള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. പിടി സെവന്‍ എന്ന ധോണിയെ പിടിച്ചതും ഇപ്പോള്‍ അരിക്കൊമ്പനെ പിടിക്കാന്‍ എത്തുന്നതും ചക്കക്കൊമ്പന്‍ മുറിവാലന്‍ എന്നിവരെ പിടിക്കാന്‍ പോകുന്നതും കുങ്കിയാനകളുടെ സഹായത്തോടെയാണ്. 60 വയസ്സുവരെ സര്‍വ്വീസില്‍ തുടരുന്ന ഈ കുങ്കിയാനകള്‍ ഒരു സംഭവമാണ്. ഒരു ആന എങ്ങനെയാണ് കുങ്കിയാന ആകുന്നതെന്ന് നോക്കാം.

കാട്ടില്‍ നിന്നു കിട്ടുന്ന കുട്ടിയാനകളെയും മയക്കുവെടി വച്ചു പിടികൂടുന്ന കാട്ടുകൊമ്പന്‍മാരെയും മെരുക്കിയെടുത്താണു കുങ്കികളാക്കുന്നത്. കാട്ടാനകളെ പിടികൂടാനും മെരുക്കാനും പരിശീലനം കിട്ടിയ ആനകളാണ് കുങ്കിയാനകള്‍. മൂന്നു വര്‍ഷമാണ് പരിശീലന കാലം. മയക്കുവെടി വച്ച് പിടികൂടുന്ന കാട്ടാനയെ തടികൊണ്ടുള്ള ആനക്കൂട്ടില്‍ അടയ്ക്കും. ആദ്യനാളുകളില്‍ കാട്ടാന കൂടു തകര്‍ക്കാന്‍ ശ്രമിക്കും. രണ്ടു പാപ്പാന്മാര്‍ക്കായിരിക്കും ചുമതല. ആന മെരുങ്ങാന്‍ തുടങ്ങിയാല്‍ പരിശീലനം ആരംഭിക്കും. ആദ്യപടിയായി ചില നിര്‍ദേശങ്ങള്‍. അനുസരിച്ചാല്‍ ആനയ്ക്ക് കരിമ്പോ ശര്‍ക്കരയോ നല്‍കും. പിന്നീട് ആനയെ തൊട്ടും തലോടിയും പാപ്പാന്മാര്‍ അടുപ്പമുണ്ടാക്കും. തുടര്‍ന്നു കൂട്ടിനു പുറത്തിറക്കി വിദഗ്ധ പരിശീലനം തുടങ്ങും. 3 വര്‍ഷത്തോളമാണു ഡോക്ടര്‍മാരുടെയും വനം ഉദ്യോഗസ്ഥരുടെയും മേല്‍നോട്ടത്തില്‍ പരിശീലനം. മറ്റ് ആനകളുമായി ഇടപഴകാന്‍ അനുവദിക്കും. കാട്ടാനയെ കാണുമ്പോള്‍ ഭയപ്പെടാതിരിക്കാന്‍ ഇതു സഹായിക്കും.

അടുത്ത പടിയായി പാപ്പാനൊപ്പം കാട്ടിലൂടെ സവാരി നടത്തി കാടുമായി വീണ്ടും ബന്ധം സ്ഥാപിക്കും. പരിശീലനത്തിന്റെ അവസാനപടിയായി ഇവയെ രാത്രി തനിയെ കാട്ടിലേക്ക് അയയ്ക്കും. തിരിച്ചെത്തുന്നതോടെ അവര്‍ പരിശീലനം സിദ്ധിച്ച കുങ്കിയാനകളാകും. പരിശീലനം പൂര്‍ത്തിയാക്കി കുങ്കി ‘സര്‍വീസില്‍’ കയറിയാല്‍ 60 വയസ്സു വരെ ഇവര്‍ സര്‍ക്കാര്‍ ജീവനക്കാരാണ്! 60ാം വയസ്സില്‍ വിരമിക്കും. പിന്നീട് കേരളത്തിലെ ഏതെങ്കിലും ആന സംരക്ഷണ കേന്ദ്രത്തില്‍ വിനോദസഞ്ചാരികളെയും കണ്ട് വിശ്രമിക്കാം.

സാധാരണയായി നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരിച്ചു കാട്ടിലേക്ക് ഓടിക്കാനാണു കുങ്കിയാനകളെ ഉപയോഗിക്കാറുള്ളത്. മുറിവേറ്റു വീഴുന്ന ആനകളെ രക്ഷിക്കാനും നേരെ നില്‍ക്കാന്‍ ബുദ്ധിമുട്ടുള്ള കാട്ടാനകളെ താങ്ങി നിര്‍ത്താനും കുങ്കിയാനകളെ ഉപയോഗിക്കുന്നു. വാരിക്കുഴിയിലോ പൊട്ടക്കുളത്തിലോ ചതുപ്പിലോ അകപ്പെട്ടുപോയ ആനകളുടെ രക്ഷകരായും കുങ്കിയാനകള്‍ അവതരിക്കാറുണ്ട്. മയക്കുവെടി വച്ചു വീഴ്ത്തുന്ന കാട്ടാനകളുടെ ‘കെയര്‍ടേക്കറും’ കുങ്കിയാനകള്‍ തന്നെ. കേരളത്തിലെ കുങ്കിയാനകളുടെ ഏക ക്യാംപ് വയനാട്ടിലെ മുത്തങ്ങയിലാണ്. മുന്‍പു തമിഴ്‌നാട്ടിലെ മുതുമലയില്‍ കൊണ്ടുപോയാണു കേരളത്തിലെ കുങ്കിയാനകളെ പരിശീലിപ്പിച്ചിരുന്നത്.

കോന്നി സുരേന്ദ്രന്‍, കോടനാട് നീലകണ്ഠന്‍, സൂര്യ എന്നിങ്ങനെ 3 ആനകളെയാണു മുതുമലയില്‍ ആദ്യമായി പരിശീലിപ്പിച്ചത്. മൂന്നു മാസത്തോളമുള്ള പരിശീലനത്തിന് 18 ലക്ഷം രൂപയോളം ചെലവായി. പിന്നീട് ഈ ആനകളുടെയും വിദഗ്ധ പരിശീലനം നേടിയ പാപ്പാന്മാരുടെയും സഹായത്തോടെ മുത്തങ്ങയില്‍ വച്ചു തന്നെ കുങ്കിയാനകളെ പരിശീലിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. മുത്തങ്ങയില്‍ നിന്നാണ് ഇടുക്കിയിലേക്ക് 4 കുങ്കികളെത്തുന്നത്.