‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ കേരളത്തിൽ പ്രദർശിപ്പിക്കാൻ ഡിവൈഎഫ്ഐയും എസ്എഫ്‌ഐയും

തിരുവനന്തപുരം: ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബി.ബി.സിയുടെ ഡോക്യുമെന്ററി സാമൂഹ്യമാധ്യങ്ങളിൽ കേന്ദ്രസർക്കാർ നിരോധിച്ചതിനെതിരെ ബദൽ പ്രദർശനവുമായി സിപിഎമ്മും പോഷകസംഘടനകളും രം​ഗത്ത്. ഡിവൈഎഫ്ഐയും എസ്എഫ്ഐയുമായാണ് ദി മോദി ക്വസ്റ്റ്യൻ’ കേരളത്തിൽ പ്രദർശിപ്പിക്കുന്നത്. അതേസമയം കേരളത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ബിജെപി.

കണ്ണൂരിലും എറണാകുളത്തും കാമ്പസുകളിൽ ഇന്ന് എസ്എഫ്ഐ ഡോക്യുമെന്ററി പ്രദർശിപ്പിക്കും, വൈകുന്നേരം ആറ് മണിക്ക് പൂജപ്പുരയിൽ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ– ഒന്നാം ഭാഗം പ്രദർശിപ്പിക്കുമെന്നാണ് ഡി.വൈ.എഫ്.ഐയുടെ ഫെയ്സ്ബുക് പോസ്റ്റ്. ഇതിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പ്രതിഷേധിച്ചു. കേരളത്തിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് മുരളീധരൻ പറഞ്ഞു. പ്രദർശനം വർ​ഗീയ കലാപങ്ങൾക്ക് വഴിതുറക്കും, പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ടെന്നും മുരളീധരൻ പറഞ്ഞു. രാജ്യദ്രോഹ നടപടിയെന്ന് മുരളീധരൻ വിശേഷിപ്പിച്ചപ്പോൾ ഡോക്യുമെന്ററി പ്രദർശനത്തിന് പൂർണ സംരക്ഷണം നൽകുമെന്ന് എം വി ജയരാജൻ മറുപടി നൽകി.

തിങ്കളാഴ്ച ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. സ്റ്റുഡന്റ് ഇസ്‍ലാമിക് ഓർഗനൈസേഷൻ, മുസ്‍ലിം സ്റ്റുഡന്റ് ഫെഡറേഷൻ എന്നീ വിദ്യാർഥി സംഘടനകളാണ് ക്യാംപസിനുള്ളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ഈ സംഘടനകളിൽനിന്നുള്ള അൻപതോളം വിദ്യാർഥികൾ പ്രദർശനം കാണാനെത്തിയെന്നാണ് വിവരം. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ രംഗത്തെത്തി. എന്നാൽ വിദ്യാർഥികൾ ഡോക്യുമെന്ററി പ്രദർശിപ്പിച്ചെന്ന് വിവരം ലഭിച്ചെങ്കിലും ആരും പരാതി എഴുതി നൽകാത്തതിനാൽ നടപടി എടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പരാതി ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം ഡൽഹി ജെഎൻയു ക്യാംപസിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യൂണിയൻ തീരുമാനത്തിനെതിരെ സർവകലാശാല രംഗത്തെത്തിയിരുന്നു. ഡോക്യുമെന്ററി പ്രദർശിപ്പിക്കരുതെന്നും സർവകലാശാലയിലെ സമാധാനാന്തരീക്ഷവും വിദ്യാർഥികൾ തമ്മിലുള്ള ഐക്യവും നഷ്ടപ്പെട്ടേക്കാമെന്നും റജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ പറഞ്ഞു.

നിലവിൽ ഇന്ത്യയിൽ യൂ ട്യൂബ് അടക്കമുള്ള സ്ട്രീമിങ് പ്ലാറ്റ് ഫോമുകളിൽ ഡോക്യുമെൻററി ലഭ്യമല്ല.
ഡോക്യുമെൻററിയിൽ ബിബിസി നൽകിയ വിശദീകരണം വിവാദവിഷയങ്ങളിൽ വിശദീകരണത്തിന് ഇന്ത്യൻ സർക്കാരിന് അവസരം നൽകിയിരുന്നു എന്നായിരുന്നു. കേന്ദ്രം അന്ന് പ്രതികരിച്ചില്ല. ബിബിസി. ഡോക്യുമെൻററി തയ്യാറാക്കിയത് വിശദമായ ഗവേഷണം നടത്തിയാണ്. ബിജെപി നേതാക്കളുടെയടക്കം അഭിപ്രായം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ബിബിസി വിശദീകരിച്ചു.

ഇതിനിടെ ഡോക്യുമെന്ററിയുടെ കാര്യത്തിൽ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ട് ബ്രിട്ടനിൽ ബിബിസിക്കെതിരെ ഓൺലൈനിൽ പരാതി. ബ്രിട്ടനിലെ പൊതുമേഖലാ സ്ഥാപനമായ ബി.ബി.സി. വരുത്തിയ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം.

ചേഞ്ച് ഡോട്ട് ഓർഗിൽ ഞായറാഴ്ച രാത്രി പ്രസിദ്ധീകരിച്ച പരാതിയിൽ മണിക്കൂറുകൾക്കകം 2500-ലേറെപ്പേർ ഒപ്പിട്ടു.ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് ആരോപിക്കുന്ന ബ്രിട്ടീഷ് സർക്കാരിന്റെ രേഖയടങ്ങുന്ന ഡോക്യുമെന്ററിയാണ് ബി.ബി.സി. സംപ്രേഷണംചെയ്തത്. എന്നാലിത് കാഴ്ചക്കാരെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുന്നെന്ന് പരാതിയിൽ പറയുന്നു. എഡിറ്റോറിയൽ നിഷ്പക്ഷത പാലിക്കുന്നതിൽ ബി.ബി.സി. പരാജയപ്പെട്ടെന്നും കുറ്റപ്പെടുത്തി.ഡോക്യുമെന്ററിയിൽ ഹിന്ദുവിരുദ്ധത ആരോപിച്ച് ഹിന്ദു ഫോറം ഓഫ് ബ്രിട്ടൻ കഴിഞ്ഞയാഴ്ച ബി.ബി.സി. ന്യൂസ് സി.ഇ.ഒ. ഡിബോറ ടർണസിന് പരാതിനൽകിയിരുന്നു. എന്നാൽ, എഡിറ്റോറിയൽ മാനദണ്ഡങ്ങളനുസരിച്ച് ആഴത്തിലുള്ള ഗവേഷണങ്ങൾ നടത്തിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്നാണ് ബി.ബി.സി.യുടെ നിലപാട്. ഡോക്യുമെന്ററിയുടെ രണ്ടാംഭാഗം ബി.ബി.സി-2 ചൊവ്വാഴ്ച സംപ്രേഷണം ചെയ്യും.

ഇത് ഇന്ത്യയിൽ കാണാനാവില്ല.ബി.ബി.സി.യുടെ വിവാദ ഡോക്യുമെന്ററി സാമൂഹികമാധ്യമങ്ങളിൽ കേന്ദ്രസർക്കാർ നിരോധിച്ച സാഹചര്യത്തിൽ അതിന്റെ ലിങ്ക് പങ്കുവെക്കുന്നത് പ്രതിപക്ഷ എം.പി.മാർ തിങ്കളാഴ്ചയും തുടർന്നു. കേന്ദ്രത്തിന്റെ സെൻസർഷിപ്പ് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണിത്.തൃണമൂൽ എം.പി.മാരായ മെഹുവ മൊയ്ത്ര, ഡെറിക് ഒബ്രിയാൻ, പ്രിയങ്കാ ചതുർവേദി തുടങ്ങിയവർ ലിങ്ക് പങ്കിട്ടവരിലുൾപ്പെടുന്നു.

ഗുജറാത്തിൽ കഴിഞ്ഞ രണ്ടു ദശകമായി കലാപങ്ങളില്ല, വികസനക്കുതിപ്പ് മാത്രമാണ് കാണാനാവുക. ഗുജറാത്ത് ജനത മറക്കാനാഗ്രഹിക്കുന്ന ഇരുണ്ട ദിനങ്ങളെ വീണ്ടും ഓർമിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്? ബിജെപിയുടെ വളർച്ചയിൽ അസ്വസ്ഥതയുള്ളവരാണു ഡോക്യുമെൻററിക്ക് പിന്നിലെന്നും മുരളീധരൻ പറഞ്ഞു.