ഇന്ത്യയിൽ ഗൂഗിളിന് വൻ തിരിച്ചടി; 1337 കോടി പിഴയടയ്ക്കണമെന്ന് സുപ്രീം കോടതി, വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ?

ന്യൂഡൽഹി: അമേരിക്കന്‍ ടെക്‌നോളജി ഭീമന്‍ ഗൂഗിളിന് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ) ചുമത്തിയ 1337 കോടി രൂപ പിഴ സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. പകരം പിഴയുടെ 10 ശതമാനമായ 133.7 കോടി രൂപ ഒരാഴ്ചയ്ക്കുള്ളില്‍ ഡെപ്പോസിറ്റ് ചെയ്യാനും കോടതി ആവശ്യപ്പെട്ടു.

മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡിനുമേല്‍ അംഗീകരിക്കാനാകാത്ത രീതിയില്‍ കമ്പനി ആധിപത്യ സ്വഭാവം കാണിക്കുന്നതിനെതിരെയാണ് ഗൂഗിളിന് സിസിഐ പിഴ ചുമത്തിയത്. ഇന്ത്യന്‍ ടെക്നോളജി മേഖലയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്കു നയിച്ചേക്കാവുന്ന സുപ്രധാന വിധിയായിരിക്കാം ഇതെന്ന വിലയിരുത്തലും ഉണ്ട്.

ആന്‍ഡ്രോയിഡ് ഉപയോഗിച്ചു നിര്‍മിക്കുന്ന ഫോണുകളില്‍ തങ്ങളുടെ ആപ്പുകള്‍ നീക്കം ചെയ്യാനാകാത്ത രീതിയില്‍ ഇന്‍സ്‌റ്റാള്‍ ചെയ്യണമെന്ന നിബന്ധനയാണ് ഗൂഗിളിനെ വെട്ടിലാക്കിയത്. സമാനമായ വിധി യൂറോപ്യന്‍ യൂണിയനിലും ഉണ്ടായിട്ടുണ്ട്.

കേസ് വാദത്തിനിടയില്‍ സൂപ്രീംകോടതിയില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട കമ്പനികളുടെ പേരുകളിലൊന്നാണ് മാപ്‌മൈഇന്ത്യ (MapmyIndia). ഗൂഗിള്‍ മാപ്‌സ് പ്രചാരത്തില്‍ വരുന്നതിനു വളരെ മുൻപായി ഇന്ത്യയില്‍ മാപ്പിങ് സേവനം നടത്തിവന്ന കമ്പനിയാണിത്. പുതിയ ഉപയോക്താക്കളിലാരും ആ പേര് ശ്രദ്ധിച്ചിട്ടു പോലുമുണ്ടാകില്ല. കാരണം തങ്ങളുടെ മാപ്‌സ് മാത്രമെ ഉപയോഗിക്കാവൂ എന്നാണല്ലോ ഗൂഗിളിന്റെ നിര്‍ദ്ദേശം.

കഴിഞ്ഞ 15 വര്‍ഷമായി ഗൂഗിള്‍ അടിച്ചേല്‍പ്പിച്ച അടിമത്തത്തില്‍ നിന്ന് ഇന്ത്യ മോചിതമായെന്നാണ് മാപ്‌മൈഇന്ത്യാ മേധാവി രോഹന്‍ വര്‍മ്മ സുപ്രീംകോടതി വിധിയോട് പ്രതികരിച്ചത്. ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്ത തങ്ങളുടേതു പോലെയുള്ള ആപ്പുകള്‍ക്ക് രാജ്യത്തെ ഉപയോക്താക്കളിലേക്ക് എത്താനുള്ള വഴിയാണ് കോടതി തുറന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്നു മുതല്‍ ഇന്ത്യന്‍ ഉപയോക്താക്കളും ഇന്ത്യയില്‍ ഫോണ്‍ നിര്‍മിക്കുന്ന കമ്പനികളും തങ്ങളുടെ മാപ്പിൾസ് (Mappls) മാപ് ഉപയോഗിക്കാന്‍ തുടങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഗൂഗിള്‍ മാപ്‌സിനേക്കാള്‍ ഏറെ മികച്ച ആപ്പാണ് തങ്ങളുടേതെന്നും ഇതില്‍ കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. തങ്ങള്‍ക്കെതിരെയുള്ള മത്സരം ഒഴിവാക്കാന്‍ ഗൂഗിള്‍ ശ്രമിച്ചതിന്റെ ഭാഗമായി മാപ്‌മൈഇന്ത്യയ്ക്ക് ഇത്രയുംകാലം അറിയപ്പെടാതെ കിടക്കേണ്ടിവന്നുവെന്ന് രോഹന്‍ പറഞ്ഞു.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കും മാധ്യമങ്ങള്‍ക്കും ആപ് ഡവലപ്പര്‍മാര്‍ക്കും ഉപകരണ നിര്‍മാതാക്കള്‍ക്കും വ്യവസായങ്ങള്‍ക്കും സർക്കാരിനും ഇത് നിര്‍ണായക നിമിഷമാണെന്നും രോഹന്‍ പറഞ്ഞു. എല്ലാവരും ഒത്തുചേര്‍ന്ന് പ്രാദേശികമായി ഒരു ആത്മനിര്‍ഭര്‍ പരിസ്ഥിതി സൃഷ്ടക്കണമെന്നും അതുവഴി ലോകത്തിന്റെ മുന്നിലെത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വമ്പന്‍ വിദേശ കുത്തക കമ്പനികളുടെ അടിമത്തത്തില്‍ നിന്ന് സ്വയം മോചിപ്പിക്കാനുള്ള നിമിഷമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്നതും ഇന്ത്യയില്‍ വികസിപ്പിച്ചതുമായ സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനും കണ്ടെന്റ് ഡിസ്‌കവറി പ്ലാറ്റ്‌ഫോമുമാണ് ഇന്‍ഡസ് ഒഎസ്. ഇന്ത്യയുടെ ഡിജിറ്റല്‍ ചരിത്രത്തിലെ നിര്‍ണായക നിമിഷമാണിതെന്നാണ് ഇന്‍ഡസ് മേധാവി രാകേഷ് ദേശ്മുഖ് കോടതി വിധിയെ വിശേഷപ്പിച്ചത്. ഇനിമേല്‍ തങ്ങളുടെ ആപ് സ്റ്റോറും പരിധികളില്ലാതെ രാജ്യത്തെ ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്ക് തുറന്നുകിട്ടുമെന്നും അദ്ദേഹം പറഞ്ഞു. വിപ്ലവകരമായ മാറ്റമായിരിക്കും ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ മേഖലയ്ക്ക് വരാന്‍പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം ഒരു പതിറ്റാണ്ടോളമായി തങ്ങളുടെ ആപ് സ്റ്റോര്‍, ഇന്ത്യന്‍ ഉപയോക്താക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് മിനുക്കി വരികയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ശര്‍ദുള്‍ അമര്‍ചന്ദ് മംഗള്‍ദാസ് ആന്‍ഡ് കമ്പനിയുടെ കോംപറ്റീഷന്‍ ലോ പ്രാക്ടീസ് വിഭാഗത്തിന്റെ പങ്കാളിയായ നാവല്‍ ചോപ്രയും ഇതേ വികാരം തന്നെ പ്രകടിപ്പിച്ചു. ഇന്ത്യയ്ക്കും ആഗോള തലത്തിലും ഇതൊരു ചരിത്ര നിമിഷമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ആന്‍ഡ്രോയിഡ് ഒഎസ് ഒരു ഓപ്പണ്‍ സോഴ്‌സ് സിസ്റ്റം എന്ന നിലയിലാണ് ഗൂഗിള്‍ മുന്നോട്ടുവച്ചത്. എന്നാല്‍, തങ്ങളുടെ ആധിപത്യം ഉപയോഗിച്ച് അത് വേലികെട്ടി അടയ്ക്കുകയും ചെയ്തു. പുതിയ വിധിയോടെ അത് ശരിക്കും ഒരു ഓപ്പണ്‍ സോഴ്‌സ്, ഫ്രീ സോഫ്റ്റ്‌വെയര്‍ പരിസ്ഥിതിയായി മാറും. ഗൂഗിളിന്റെ പിടിയില്‍ നിന്ന് കുതറിമാറും.

സിസിഐയുടെ ഉത്തരവില്‍ ഇപ്പോള്‍ ഇടപെടേണ്ട യാതൊരു കാര്യവും കാണുന്നില്ലെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. യൂറോപ്യന്‍ യൂണിയന്‍ കൊണ്ടുവന്ന പല പരിഷ്‌കാരങ്ങളും ഉള്‍ക്കൊള്ളിക്കുകയും എന്നാല്‍ ചില കാര്യങ്ങളില്‍ അതിനപ്പുറം പോകുകയും ചെയ്തിരിക്കുകയാണ് സിസിഐ. ഇതോടെ ഗൂഗിളുമായി മത്സരിക്കുന്നവര്‍ക്കും വിപണി തുറന്നുകിട്ടും. ഗൂഗിള്‍ പാര്‍ശ്വവല്‍ക്കരിച്ച പല കമ്പനികള്‍ക്കും തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള വേദിയായിരിക്കും ഇനി ഒരുങ്ങുക. ഒരു വിപണി എന്ന നിലയില്‍ പരിധിയില്ലാത്ത സാധ്യതകളാണ് നിലനില്‍ക്കുന്നത്. രാജ്യത്തു നിന്ന് പുതിയ ‘യൂട്യൂബും,’ പുതിയ മാപ്പിങ് സേവനങ്ങളും ബ്രൗസറുകളും എന്തിന് ‘സേര്‍ച്ച്’ പോലും ഉണ്ടായേക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു

ഗൂഗിളിന്റെ സുപ്രധാന വിപണികളിലൊന്നില്‍ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധിയിലൂടെ കമ്പനിക്ക് കിട്ടിയിരിക്കുന്നത് എന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധനായ രാജാ എം. ലിങ്ക്ട്ഇന്‍ കുറിപ്പില്‍ പറഞ്ഞത്. അമേരിക്കയ്ക്ക് പുറത്ത് ഗൂഗിള്‍ പടര്‍ന്നുപന്തലിച്ച രാജ്യമായിരുന്നു ഇന്ത്യ.

അതേസമയം, വിധി നടപ്പാക്കിയാല്‍ ഇന്ത്യയില്‍ ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് വില കൂടിയേക്കാമെന്ന് ഗൂഗിള്‍ നേരത്തേ സൂചിപ്പിച്ചിരുന്നു. ഗൂഗിളിന്റെ പല സേവനങ്ങളും ഫ്രീയായി നിലനിര്‍ത്തുന്നത് ഉപയോക്താക്കളുടെ ഡേറ്റ പ്രയോജനപ്പെടുത്തിയാണ്. ഇക്കാര്യത്തില്‍ ഇനി മാറ്റം വരുമോ എന്ന കാര്യം കണ്ടറിയണം. ഇതുപോലെ തന്നെ പല ആപ് സ്റ്റോറുകളും ഉപയോഗിച്ചാല്‍ ഫോണുകളിലും മറ്റും വൈറസ് കയറാനുള്ള സാധ്യതയും ഉണ്ട്. ഇത് ഉപയോക്താക്കള്‍ക്കും എന്തിന് ദേശീയ സുരക്ഷയ്ക്കു പോലും ഭീഷണിയായേക്കാമെന്ന് കമ്പനി പറയുന്നു. ആന്‍ഡ്രോയിഡിന്റെ പല വേര്‍ഷനുകളെ അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന സിസിഐ ഉത്തരവ് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് കമ്പനി പറയുന്നത്.

ഉപയോക്താക്കള്‍ തങ്ങളുടെ ശീലങ്ങളോ പ്രിയപ്പെട്ട ആപ്പുകളോ പൊടുന്നനെ ഉപേക്ഷിക്കാനുള്ള സാധ്യതയൊന്നും ഇല്ലെന്നു കാണാം. തൽകാലം എല്ലാം അതേപടി തുടരാന്‍ തന്നെയാണ് സാധ്യത. അതേസമയം, ഉപകരണങ്ങള്‍ക്ക് വില കൂടിയാല്‍ അത് ഇന്ത്യയുടെ ഡിജിറ്റല്‍ കുതിപ്പിന് കൂച്ചുവിലങ്ങിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഗൂഗിളിന്റെ ആപ്പുകള്‍ യഥേഷ്ടം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരു പരിസ്ഥിതിയായിരിക്കാം ഇനി വരിക.