ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ ഗര്‍ഭധാരണത്തിലൂടെ പിതാവാകാന്‍ സഹദ്

കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌മെന്‍ ഗര്‍ഭധാരണത്തിലൂടെ പിതാവാകാന്‍ ഒരുങ്ങുകയാണ് സഹദ്. കോഴിക്കോട് ഉമ്മളത്തൂരിലെ ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനും കൗതുകവും ആകാംക്ഷയും അടക്കാന്‍ കഴിയുന്നില്ല. ജനിച്ചു കഴിഞ്ഞാല്‍ കുഞ്ഞിന്റെ അമ്മ അച്ഛനാകും. അച്ഛന്‍ അമ്മയും.

സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയ സഹദും പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ സിയയും അവരുടെ പൊന്നോമനയെ കാത്തിരിക്കുകയാണ്. കുഞ്ഞിനെ ദത്തെടുക്കാന്‍ നിരവധി അന്വേഷിച്ചെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ പങ്കാളികള്‍ക്കു മുന്നില്‍ നിയമനടപടികള്‍ വെല്ലുവിളിയായി. തുടര്‍ന്നാണു പുരുഷനായി മാറിയെങ്കിലും സഹദ് ഗര്‍ഭം ധരിക്കാമെന്ന ആശയത്തിലേക്കെത്തുന്നത്. ആളുകള്‍ എന്തു പറയുമെന്ന ആശങ്കയില്‍ സഹദിന് ആദ്യം മടി തോന്നി. ഒപ്പം ഒരിക്കല്‍ ഉപേക്ഷിച്ച സ്ത്രീത്വത്തിലേക്കുള്ള തിരിച്ചുപോക്കും വെല്ലുവിളിയായി.

എന്നാല്‍ സിയയുടെ സ്‌നേഹവും അമ്മയാകാനുള്ള അടങ്ങാത്ത ആഗ്രഹവും സഹദിന്റെ തീരുമാനത്തെ മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിദഗ്ധ പരിശോധനകള്‍ നടത്തി ആരോഗ്യപ്രശ്‌നമില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാണു ചികിത്സ ആരംഭിച്ചത്. സിയയില്‍ നിന്നാണ് സഹദ് ഗര്‍ഭം ധരിച്ചിരിക്കുന്നത്. സ്ത്രീയില്‍ നിന്ന് പുരുഷനാകാനുള്ള നീക്കത്തിന്റെ ഭാഗമായി മാറിടങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്‌തെങ്കിലും ഗര്‍ഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. മാര്‍ച്ച് 4നാണു സഹദിന് പ്രസവത്തീയതി. കുഞ്ഞിനെ മില്‍ക് ബാങ്ക് വഴി മുലയൂട്ടാനാണു തീരുമാനം. നര്‍ത്തകിയാണ് സിയ. സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റ് ആണ് സഹദ്.