ഇടയാത്ത ആനയെ ഇന്ന് നടയ്ക്കിരുത്തും

തൃശ്ശൂർ: ഇനി ആന ഇടയുമെന്ന പേടി വേണ്ട. പിണ്ഡവും മൂത്രവും ഇട്ട് വൃത്തികേടാക്കുമെന്ന ചിന്തയും ആവശ്യമില്ല. അത്തരം ഒരു ആനയെ ഇന്ന് തൃശ്ശൂര്‍ കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ശ്രീ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നടയിരുത്തും.

ഒരു കൂട്ടം ഭക്തരുടെ സംഭാവനയാണ് ഇരിഞ്ഞാടപ്പിള്ളി രാമന്‍ എന്ന് പേരിട്ടിരിക്കുന്ന ലക്ഷണമൊത്ത റോബോട്ടിക് ആന. പത്തര അടിയാണ് ഇതിന്റെ ഉയരം. എണ്ണൂറ് കിലോ ഭാരം. നാലുപേരെ പുറത്തേറ്റാന്‍ കഴിയും. അഞ്ച് ലക്ഷം രൂപയാണ് നിര്‍മാണ ചെലവ്.വൈദ്യുതിയിലാണ് ആനയുടെ തലയും കണ്ണുകളും വായയും ചെവിയും വാലുമെല്ലാം പ്രവര്‍ത്തിക്കുന്നത്. ഇവ എപ്പോഴും ചലിപ്പിക്കുന്ന രീതിയിലാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. ഇരുമ്പുകൊണ്ടുളള ചട്ടക്കൂടിന് പുറത്ത് റബ്ബര്‍ ഉപയോഗിച്ചാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്.അഞ്ച് മോട്ടോറുകള്‍ ഉപയോഗിച്ചാണ് റോബോര്‍ട്ട് ആനയെ ചലിപ്പിക്കുന്നത്. തുമ്പിക്കൈ ഒഴികെ മറ്റുള്ളവയെല്ലാം മോട്ടോറിലാണ് പ്രവര്‍ത്തിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാന്‍ കഴിയുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.സ്വിച്ചിട്ടാല്‍ തുമ്പിക്കൈയില്‍നിന്ന് വെള്ളം ചീറ്റുമെന്നതും ഈ റോബോട്ടിക് ആനയുടെ പ്രത്യേകതയാണ്. തിടമ്പേറ്റുന്നതിനും മറ്റുമായി ഇത്തരത്തില്‍ ചെലവ് കുറഞ്ഞതും അപകടരഹിതവുമായ രീതി ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നാണ് ക്ഷേത്ര ഭാരവാഹികളുടെ അഭിപ്രായം.

നേരത്തെ ദുബായ് ഉത്സവത്തിന് റോബോട്ടിക് ഗജവീരന്മാരെ ഒരുക്കിയ ചാലക്കുടി പോട്ടയിലെ ‘ഫോര്‍ ഹി ആര്‍ട്ട്സിലെ’ ശില്‍പികളായ പ്രശാന്ത്, ജിനേഷ്, റോബിന്‍, സാന്റോ എന്നിവരാണ് ഈ ഗജവീരനേയും നിര്‍മ്മിച്ചിരിക്കുന്നത്.ക്ഷേത്രങ്ങളില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു റോബോട്ടിക് ആനയെ നടയിരുത്തുന്നത്.