ആദ്യമായി വിമാനത്തിൽ കയറുന്ന സന്തോഷത്തിൽ ഇടമലക്കുടിയിലെ കുട്ടികളും മാതാപിതാക്കളും

ഇടുക്കി: ആദ്യമായി വിമാനത്തിലും, ട്രെയിനിലും യാത്ര ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് മുന്നാറിലെ പ്രീമെട്രിക് ഹോസ്റ്റലിലെ 56 കുട്ടികളും ഹോസ്റ്റല്‍ ജീവനക്കാരും രക്ഷകര്‍ത്താക്കളും ഉള്‍പ്പടെ 72 അംഗങ്ങള്‍. പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴില്‍ മുന്നാറിലെ ഗോത്ര വിഭാഗ അംഗങ്ങള്‍ തിരുവനന്തപുരത്തേയ്ക്ക് പഠന വിനോദയാത്ര നടത്തുന്നത്. തിരുവനന്തപുരത്തേക്ക് വിമാനത്തിലും തിരികെ ട്രെയിനിലുമാണ് വിനോദയാത്ര.

ഇടമലക്കുടി എന്ന് കേള്‍ക്കാത്തവരില്ല. മൂന്നാറിനെ പോലെ തന്നെ പ്രശസ്തമാണ് ഇടമലക്കുടിയും. ലോകരാജ്യങ്ങളില്‍ നിന്നെല്ലാം മൂന്നാറും ഇടമലക്കുടിയും കാണാന്‍ ആളുകള്‍ എത്തുന്നു. ആദ്യത്തെ ആദിവാസി ഗ്രാമപഞ്ചായത്ത് എന്ന എന്ന പ്രശസ്തിയും ഇടമലക്കുടിക്ക് സ്വന്തം. പക്ഷേ ഈ മുതുവാന്‍ ആദിവാസി കുടിയിലെ പെണ്‍കുട്ടികള്‍ മൂന്നാര്‍ വിട്ടു പോയിട്ടില്ല. വരയാടുകള്‍ മേയുന്ന രാജമലയും മൂന്നാറിലെ തണുപ്പും എല്ലാം ആസ്വദിക്കാന്‍ ആളുകള്‍ ഒഴുകിയെത്തുമ്പോള്‍ ഇടമലക്കുടിയുടെയും മൂന്നാറിന്റെയും നാല് അതിരുകള്‍ക്കപ്പുറം കാണാതെ ഒതുങ്ങുകയായിരുന്നു ആദിവാസി ബാല്യം.മലമുകളിലൂടെ പറന്നു പോകുന്ന വിമാനങ്ങള്‍ മലയുടെ മുകളില്‍ നിന്ന് ഒരു പൊട്ടുപോലെ ഈ കുട്ടികള്‍ കണ്ടിട്ടുണ്ട.് ട്രെയിനുകള്‍ പാഞ്ഞു പോകുന്നതിനെ കുറിച്ച് തീവണ്ടി എന്ന പാഠഭാഗം പഠിച്ചിട്ടുണ്ട്. അങ്ങനെയുളള ഇവരുടെ ജീവിതത്തിലേക്ക് വിമാനവും ട്രെയിനും കടന്നുവരികയാണ്. ഈ ആദിവാസി കുട്ടികളാണ് ഇതാദ്യമായി ഇതാ ഒരു വിമാന യാത്രയ്ക്കും ട്രെയിന്‍ യാത്രയ്ക്കും ഒരുങ്ങുന്നത്. പിന്നോക്ക ഗോത്ര വിഭാഗമായ മുതുവാന്‍ വിഭാഗത്തിലുള്ളവരാണ് സംഘങ്ങള്‍. ഇവരില്‍ 28 പേര്‍ ഗോത്ര വര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ നിന്നുള്ളവരാണ്. മുഴുവന്‍ കുട്ടികളും ആദ്യമായി വിമാനത്തിലും, ട്രെയിനിലും യാത്ര ചെയ്യുന്നതിന്റെ സന്തോഷത്തിലുമാണ്. ഇന്ന് 32 പേര്‍ അടങ്ങുന്ന ആദ്യ സംഘം നെടുമ്പാശ്ശേരിയില്‍ നിന്നും പുറപ്പെട്ടു. ഫെബ്രുവരി 1 ന് 40 പേര്‍ അടങ്ങുന്ന സംഘവും പുറപ്പെടും. 3ന് ജനശതാബ്ദി എക്സ്പ്രസില്‍ തിരികെ എത്തും. അടിമാലി ടി ടി ഒ എസ് എ നജീം, മുന്നാര്‍ ടി ഇ ഒ. പ്രദീപ്. എല്‍. പി എന്നിവര്‍ ആണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.

ഐആര്‍സിടിസി മുഖേനയാണ് ടൂര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടര്‍ ശ്രീമതി ഷീബ ജോര്‍ജ് ഐ എ എസ്,ദേവികുളം സബ് കളക്ടര്‍ ശ്രീ രാഹുല്‍ കൃഷ്ണ ശര്‍മ ഐ എസ് എന്നവരുടെ ശ്രമഫലമായാണ് ടൂര്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞത്. ആദ്യമായി വിമാനം അടുത്ത് കാണുന്നതിന്റെയും വിമാന യാത്ര ചെയ്യുന്നതിന്റെയും ആഹ്ലാദത്തിലാണ് കുട്ടികള്‍.