അഭയകേന്ദ്രത്തിന് ആശ്വാസത്തണലേകി കുരുന്നുകൾ

ശാസ്താംകോട്ട : സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പുത്തൻ മാതൃക തീർക്കുകയാണ് ഒരു പറ്റം സ്കൂൾ വിദ്യാർത്ഥികൾ. സ്നേഹത്തിന്റെയും തിരുപ്പിറവിയുടെയും സന്ദേശം പകർന്നു നൽകുന്ന ഈ ക്രിസ്മസ് കാലം ഇവർ ഈ പുണ്യപ്രവൃത്തിക്കായി തെരഞ്ഞെടുത്തു എന്നതും ഏറെ ശ്രദ്ധേയമാണ്.

കൊല്ലം ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികളാണ് വേറിട്ട ക്രിസ്തുമസ് ആഘോഷത്തിലൂടെ സമൂഹത്തിന് ഒരു പുത്തൻ സന്ദേശം പകർന്ന് നൽകിയത്. കൊല്ലം കോയിവിള ബിഷപ്പ് ജെറോം അഭയകേന്ദ്രത്തിലെ അശരണരും മാനസികരോഗികളുമായ അന്തേവാസികൾക്കൊപ്പമാണ് ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ കുട്ടികൾ ഇത്തവണത്തെ അവരുടെ ക്രിസ്മസ് ആഘോഷിച്ചത്.

ശരിക്കും ക്രിസ്മസ് ലോകത്തിന് പകർന്നു നൽകിയ ദാനധർമ്മങ്ങളുടെ മഹത്വത്തെ ഉദ്ഘോഷിക്കുന്നതായിരുന്നു ബ്രൂക്കിന്റെ ആഘോഷങ്ങളെല്ലാം. കുട്ടികളും മാനേജ്മെന്റും ചേർന്ന് പിരിച്ച ഒരു ലക്ഷം രൂപ കുട്ടികൾ അഭയകേന്ദ്രത്തിലെ അന്തേവാസികൾക്കായി സമർപ്പിച്ചു. പഠനത്തോടൊപ്പം ദാന ധർമ്മങ്ങളുടെയും സഹജീവിസ്നേഹത്തിന്റെയും ഉദാത്ത മാതൃകകളെ ലോകത്തിനു പകർന്നു കൊടുക്കാൻ ബ്രൂക്കിലെ കുട്ടികൾക്ക് ഇനിയും കഴിയട്ടെ എന്ന് ആഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ബ്രൂക്ക് ഡയറക്ടർ ഫാ. ഡോ. ജി അബ്രഹാം തലോത്തിൽ ക്രിസ്മസ് സന്ദേശം നൽകി. തുടർന്ന് കരോൾ ഗാനങ്ങളുടെ സ്നേഹസാന്ത്വനവും അന്തേവാസികൾക്കായി പകർന്നു കൊടുത്താണ് കുട്ടികൾ മടങ്ങിയത്.