അപ്പൂസിന് അമ്മയെ കിട്ടി

കോട്ടയം: ആ ഫയലിൽ ഒരു ജീവിതം ഉണ്ടായിരുന്നു.അങ്ങനെ അപ്പൂസിന് അമ്മയെ കിട്ടി. സർക്കാർ ചിൽഡ്രൻസ് ഫോമിൽ ആയിരുന്ന മകനെ അമ്മ കണ്ടെത്തിയത് വർഷങ്ങൾ നീണ്ട ശ്രമത്തിനൊടുവിൽ

15 വർഷങ്ങൾക്ക് ശേഷം 18 വയസ്സുകാരനായ അപ്പൂസ് അമ്മയുടെ കൈപിടിച്ചു. കോട്ടയം കടപ്ലാമറ്റം സ്വദേശിയായ അപ്പൂസ് ഇനി അമ്മ പുഷ്പയോടൊപ്പം. വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ തിരുവഞ്ചൂരിലെ സർക്കാർ ചിൽഡ്രൻസ് ഹോമിലായിരുന്ന അപ്പൂസിനെ തിരിച്ചറിയാൻ കാരണം തിരച്ചിലിനിടയിൽ അപ്രതീക്ഷിതമായി ദേഹത്ത് വീണ ഒരു ഫയൽ.

ഭർത്താവ് മരിച്ചതിനുശേഷം നിവൃത്തിയില്ലാതെ വന്നതോടെയാണ് അപ്പൂസിനെ മൂന്നാം വയസ്സിൽ പുഷ്പ ചങ്ങനാശ്ശേരി അൽഫോൻസാ സ്നേഹനിവാസിൽ ഏൽപ്പിച്ചത്. റെയിൽ വികസനത്തിന്റെ ഭാഗമായി സ്നേഹനിവാസ് കെട്ടിടം പൊളിച്ചു മാറ്റിയപ്പോൾ അന്തേവാസികളെ ആദ്യം വാകത്താനത്തേക്കും പിന്നീട് നെടുംകുന്നത്തേക്കും മാറ്റി. പലയിടത്തും ജോലിക്കായി അലഞ്ഞ പുഷ്പയ്ക്കാകട്ടെ മകൻ എവിടെയാണെന്ന കാര്യം അറിയാൻ കഴിയാതെയുമായി.

അങ്ങനെ തിരുവഞ്ചൂരിലെ ചിൽഡ്രൻസ് ഫോമിൽ എത്തിയ അപ്പൂസ് സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് കോഴ്സ് പൂർത്തിയാക്കി കെടിഡിസിയുടെ ഹോട്ടലിൽ ജോലിക്ക് കയറി. അപ്പൂസ് തിരുവഞ്ചൂരിൽ ഉണ്ടെന്ന് 2019ൽ കണ്ടെത്തിയെങ്കിലും മകനാണെന്ന് തെളിയിക്കുന്ന രേഖ പുഷ്പയുടെ കയ്യിൽ ഉണ്ടായിരുന്നില്ല. മകനും അമ്മയെ തിരിച്ചറിയാനായില്ല. അന്ന് പുഷ്പ കണ്ണീരോടെ തിരിച്ചു പോകുന്നത് ചിൽഡ്രൻസ് ഫോമിലെ കെയർടേക്കർ ബാബുരാജ് കണ്ടു.

അമ്മയെയും മകനെയും ഒന്നിപ്പിക്കുക എന്ന ദൗത്യം ബാബുരാജ് ഏറ്റെടുത്തു. അപ്പൂസ് താമസിച്ച സ്ഥലങ്ങളിൽ എല്ലാം ബാബുരാജ് എത്തി. നെടുംകുന്നത്തെ കേന്ദ്രത്തിൽ നടത്തിയ പരിശോധനയ്ക്കിടെ ഒരു ഫയൽ ബാബുരാജിന്റെ ദേഹത്തേക്ക് വീണു . അതിനുള്ളിൽ പുഷ്പയും അപ്പൂസും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോ ഉണ്ടായിരുന്നു. പിന്നീട് കാര്യങ്ങൾ വേഗത്തിലായി. ചിൽഡ്രൻസ് വെൽഫെയർ കമ്മിറ്റി ഇടപെട്ടു.

അമ്മ മകൻ ബന്ധം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചു. പരിശോധന ഫീസ് 18000 രൂപ ചൈൽഡ് വെൽഫെയർ കമ്മിറ്റി തന്നെ മുടക്കി . സി ഡബ്ല്യു സി ചെയർമാൻ ഡോക്ടർ അരുൺ കുര്യൻ അംഗങ്ങളായ ലാലൻ സി ജേക്കബ്, സോഫി മാത്യു, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ബിനു ജോൺ എന്നിവർക്ക് ഒപ്പം ബാബുരാജിന്റെയും ഏഴ് മാസത്തെ ശ്രമം അങ്ങനെ ഫലവത്തായി. അപ്പൂസ് വീണ്ടും അമ്മയോടൊപ്പം ആയി.