Banner Ads

കണ്ണൂരിൽ സൂ സഫാരി പാർക്ക് യാഥാർഥ്യത്തിലേക്ക്; വിദഗ്ധ സമിതിയെ രൂപീകരിച്ചു, ഡി.പി.ആർ. ഉടൻ സമർപ്പിക്കും

കണ്ണൂർ : കണ്ണൂർ ആലക്കോട് റോഡിലെ നാടുകാണിയിൽ നിർമിക്കുന്ന സൂ സഫാരി പാർക്കിനായുള്ള നടപടികൾ വേഗത്തിലാക്കി. പാർക്ക് നിർമിക്കുന്നതിനായി റിട്ട. ഐ.എഫ്.എസ്. ഉദ്യോഗസ്ഥൻ ജയിംസ് വർഗീസിൻ്റെ നേതൃത്വത്തിൽ അഞ്ചംഗ വിദഗ്ധ സമിതിയെ രൂപീകരിച്ചു.

മന്ത്രി ജെ. ചിഞ്ചു റാണിയുടെയും എം.വി. ഗോവിന്ദൻ എം.എൽ.എയുടെയും നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് തീരുമാനം. സന്തോഷ് ജോർജ് കുളങ്ങര, വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ, മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുള ദേവി, മുൻ ഡയറക്ടർ അബു ഏബ്രഹാം എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.

തളിപ്പറമ്പ് – ആലക്കോട് സംസ്ഥാന പാതയിലെ നാടുകാണിയിൽ 252.8 ഏക്കർ ഭൂമിയിലാണ് പാർക്ക് സ്ഥാപിക്കുന്നത്. സമിതി ജനുവരി അവസാനത്തോടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) സർക്കാരിന് സമർപ്പിക്കും. ഇതിനായി ബജറ്റിൽ 2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. മൃഗങ്ങളെ കണ്ടുകൊണ്ടുള്ള സഫാരി, മ്യൂസിയം, ബയോളജിക്കൽ പ്ലാൻ്റേഷൻ എന്നിവ പദ്ധതിയിലുണ്ടാകും.

പ്രകൃതിയെ അതേപടി നിലനിർത്തി സ്വാഭാവിക വനവൽക്കരണം നടത്തിയ ശേഷമായിരിക്കും രൂപകൽപ്പന. തിരുവനന്തപുരം, തൃശൂർ മൃഗശാലകളിൽനിന്നും, കൈമാറ്റ സംവിധാനത്തിലൂടെ രാജ്യത്തെ ഇതര മൃഗശാലകളിൽനിന്നുമായിരിക്കും മൃഗങ്ങളെയും പക്ഷികളെയും എത്തിക്കുക.

പക്ഷിമൃഗാദികൾക്ക് സ്വൈര്യവിഹാരം നടത്താൻ സാധിക്കുന്ന രീതിയിലായിരിക്കും രൂപകൽപ്പന. വിനോദസഞ്ചാരികൾക്ക് അതിസുരക്ഷിതമായ കവചിത വാഹനങ്ങളിൽ പാർക്കിലൂടെ സഞ്ചരിക്കാൻ സൗകര്യമുണ്ടാകും. സർക്കാർ അംഗീകാരം ലഭിച്ചാലുടൻ ടെൻഡർ നടപടികളിലേക്ക് കടക്കുമെന്ന് എം.വി. ഗോവിന്ദൻ എം.എൽ.എ. അറിയിച്ചു.