
തൃശൂർ: മാടക്കത്തറ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. മാടക്കത്തറ നാല് സെന്റ് കോളനി ‘ഉന്നതി’യിൽ താമസിക്കുന്ന നിഖിൽ (28) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ജിന്റോയെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നിഖിലും ജിന്റോയും തമ്മിൽ നിലനിന്നിരുന്ന മുൻവൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനിടെ നിഖിലിന് കുത്തേൽക്കുകയായിരുന്നു. നിഖിലിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാമോനും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. ഷാമോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറസ്റ്റിലായ പ്രതി ജിന്റോ പോലീസിന് നൽകിയ മൊഴി പ്രകാരം, കൊല്ലപ്പെട്ട നിഖിലും സുഹൃത്തും ചേർന്ന് തന്നെ ഉപദ്രവിക്കാൻ എത്തിയപ്പോഴാണ് അക്രമം ഉണ്ടായതെന്നാണ് അവകാശപ്പെടുന്നത്. എന്നാൽ, മുൻവൈരാഗ്യം കണക്കിലെടുത്ത് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഒളൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.