Banner Ads

മോഷണത്തിനിടെ ട്രെയിൻ തട്ടി യുവാവ് മരിച്ചു; കൂട്ടുപ്രതി പിടിയിൽ

തലശ്ശേരി : മോഷണശ്രമത്തിനിടെ രക്ഷപ്പെടാൻ ശ്രമിച്ച യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശി ബഷീറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ശനിയാഴ്ച വൈകീട്ട് പെരിങ്ങാടി മമ്മി മുക്കിൽ വെച്ചാണ് സംഭവം. ന്യൂ മാഹി സ്വദേശിയായ ആറ്റക്കൂലോത്ത് മുസ്തഫയെ തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും കവർന്ന രണ്ടംഗ സംഘം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം.

മുസ്തഫ വിവരമറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതിനിടെ പെരിങ്ങാടി റെയിൽവേ ഗേറ്റിന് സമീപം ഒരാളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.