
തിരുവനന്തപുരം : കോന്നി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിക്ക് എക്സ്റേ മാറി നൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യ മന്ത്രി നിർദേശം നൽകി. മെഡിക്കൽ കോളേജ് സൂപ്രണ്ടിനാണ് നിർദേശം നൽകിയത്.
എക്സ്റേ മാറിനൽകിയതിൽ വീഴ്ച സംഭവിച്ചെന്നാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ പ്രാഥമിക റിപ്പോർട്ട്. എക്സ്റേ വിതരണം ചെയ്ത കൗണ്ടറിലാണ് വീഴ്ചയുണ്ടായതെന്ന് ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷന്‍ നൽകിയ റിപ്പോർട്ടിൽ പറയുന്നു. റേഡിയോളജി, പൾമണോളജി വകുപ്പുകളിലെ ഡോക്ടർമാരോട് വിശദീകരണം തേടുമെന്ന് സൂപ്രണ്ട് അറിയിച്ചു.
കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസതടസ്സവുമായി ചികിത്സയ്ക്കെത്തിയ 16കാരിക്കാണ് 88കാരിയുടെ എക്സ്റേ മാറിനൽകിയത്. എക്സ്റേ കണ്ട് പെൺകുട്ടിക്ക് നട്ടെല്ലിന് വളവുണ്ടെന്ന് രോഗനിർണയം നടത്തുകയും നാല് ദിവസത്തോളം മരുന്നുകൾ നൽകുകയും ചെയ്തു.