
തലശ്ശേരി : മലയാള ഭാഷയെ ശ്രേഷ്‌ഠഭാഷയായി വളർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ഡോ. ഹെർമൻ ഗുണ്ടർട്ടിന്റെ പാദസ്പർശം ഏറ്റ തലശ്ശേരി ഇല്ലിക്കുന്നിലെ ഗുണ്ടർട്ട് മ്യൂസിയം വേദിയായി. ഇവിടെ സംഘടിപ്പിച്ച ‘അ’ അക്ഷരങ്ങളുടെ ഉത്സവത്തിൽ കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.
തലശ്ശേരി ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കൗൺസിലിന്റെയും തലശ്ശേരി നഗരസഭയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് എഴുത്തിനിരുത്ത് ചടങ്ങ് സംഘടിപ്പിച്ചത്. നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം നിർവഹിച്ചു. മ്യൂസിയത്തിൽ ഇത് മൂന്നാം തവണയാണ് എഴുത്തിനിരുത്ത് സംഘടിപ്പിക്കുന്നതെന്നും വരും വർഷങ്ങളിലും ഇത് തുടരുമെന്നും സ്പീക്കർ അറിയിച്ചു.
എഴുത്തുകാരി കെ.ആർ. മീര കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി. മലയാളികളുടെ എല്ലാ നേട്ടത്തിനും പിന്നിൽ അക്ഷരങ്ങളും അറിവുമാണെന്നും അവർ അഭിപ്രായപ്പെട്ടു. 17 കുരുന്നുകൾ ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾ അമ്മ, ഇന്ത്യ, ഗാന്ധി എന്നീ മൂന്ന് വാക്കുകൾ എഴുതിയാണ് അറിവിന്റെ ലോകത്തേക്ക് പ്രവേശിച്ചത്.
എഴുത്തിനിരുത്ത് ചടങ്ങിന് ശേഷം മാതാപിതാക്കൾക്ക് കെ.ആർ. മീരയുമായി സംവദിക്കാനായി ‘മീരാവസന്തം’ എന്ന പരിപാടിയും നടന്നു. തലശ്ശേരി നഗരസഭ ചെയർപേഴ്സൺ ജമുനാറാണി ടീച്ചർ അധ്യക്ഷയായിരുന്നു. സബ് കലക്ടർ കാർത്തിക് പാണിഗ്രഹി, ഡി.ടി.പി.സി. സെക്രട്ടറി പി.കെ. സൂരജ് ഉൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.