
കോഴിക്കോട് : ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികമായി ആക്രമിച്ച കേസിൽ ചെറുവണ്ണൂർ കുണ്ടായിത്തോട് സ്വദേശി അറസ്റ്റിൽ. ദാറുഫല കോയമൻസിലിൽ മുഹമ്മദ് അഫ്ലഹിനെയാണ് (23) മാറാട് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
14-ാം തീയതി രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അരക്കിണർ സ്വദേശിനിയെ ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതി അരക്കിണർ മുണ്ടകൻപാടം പൊതു റോഡിൽ വെച്ച് സ്കൂട്ടർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
യുവതിയുടെ പരാതിയിൽ കേസെടുത്ത മാറാട് പൊലീസ് സംഭവസ്ഥലത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ശാസ്ത്രീയമായ അന്വേഷണം നടത്തി ചെറുവണ്ണൂരിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അഫ്ലഹ് മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. രാമനാട്ടുകര ബൈപ്പാസ് മേൽപ്പാല നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികൾ മോഷ്ടിച്ച കേസ്, നടക്കാവ് ഡേ മാർട്ട് സൂപ്പർമാർക്കറ്റിന്റെ പൂട്ട് പൊളിച്ച് പണം കവർന്ന കേസ്, മറ്റ് സ്ത്രീ പീഡന കേസുകൾ എന്നിവ ഇയാൾക്കെതിരെയുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.