Banner Ads

കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ? കിഫ്ബി റിപ്പോർട്ടിൽ കടുത്ത വിമർശനവുമായി പിണറായി വിജയൻ

കോഴിക്കോട് : കിഫ്ബി പദ്ധതികളിൽ ജില്ലാ അടിസ്ഥാനത്തിൽ അസമത്വമുണ്ടായെന്ന വിദഗ്ധ സമിതി റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. വൻതുക നൽകി ഭൂമി ഏറ്റെടുത്തതിൽ ഭൂരിഭാഗവും കണ്ണൂർ ജില്ലയിലാണെന്ന കണ്ടെത്തലിനെയാണ് പിണറായി വിജയൻ ചോദ്യം ചെയ്തത്.

കണ്ണൂർ എന്ന് കേൾക്കുമ്പോൾ ചിലർക്ക് എന്തിനാണ് ഇത്ര അസ്വസ്ഥതയെന്ന് ചോദിച്ച പിണറായി കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ എന്നും തുറന്നടിച്ചു. ഭാവിയെ മുൻകൂട്ടി കണ്ടുകൊണ്ടാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബി ഏറ്റെടുത്ത ഭൂമിയിലെ കാടെല്ലാം വികസനം വരുമ്പോൾ മാറിക്കൊള്ളുമെന്നായിരുന്നു വിഷയത്തിൽ ഇ പി ജയരാജന്റെ പ്രതികരണം.

കിഫ്ബി പദ്ധതികളിൽ വലിയ തോതിലുള്ള പ്രാദേശിക അസമത്വം ഉണ്ടായെന്നും ഭൂമി ഏറ്റെടുക്കലിനായി ചെലവഴിച്ച തുകയുടെ 52.9 ശതമാനവും കണ്ണൂരിലാണെന്നുമായിരുന്നു സുധാ പിള്ളയുടെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്റെ കണ്ടെത്തൽ. ഇതിൽ കിൻഫ്ര വഴി 2489 കോടി രൂപ ചെലവഴിച്ച് ഏറ്റെടുത്ത ആയിരം ഏക്കർ ഭൂമിയിൽ കഴിഞ്ഞ അഞ്ച് വർഷമായി യാതൊരു വ്യവസായ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കണ്ണൂരിൽ വെച്ച് നടന്ന സിപിഎം വിശാല ജില്ലാ സമിതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കും അതിനോടുള്ള മുഖ്യമന്ത്രി വിഡി സതീശന്റെ പ്രതികരണങ്ങൾക്കുമെതിരെ പിണറായി കടുത്ത ഭാഷയിൽ തിരിച്ചടിച്ചത്.